20/12/2021
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തൻ്റെ ഉള്ളിലിരിപ്പിനനുസരിച്ച് നടക്കുന്നില്ലെന്ന പേരിൽ കുത്തിയും കത്തിച്ചും കൊന്ന് കളഞ്ഞു. അയാൾ ആത്മഹത്യ ചെയ്യുന്നു. (അതയാളുടെ തീരുമാനമാണ്). ആദ്യത്തെ മനുഷ്യന് രണ്ടാമത്തെ മനുഷ്യനോട് പ്രണയമായിരുന്നെന്ന്!
ആധുനിക സമൂഹത്തിന് ഒട്ടും ദഹിക്കാനിടയില്ലാത്ത വിചിത്ര വാദങ്ങളുമായി കൊലപാതകത്തിന് ന്യായീകരണം നടത്തുകയാണ് ഒരു കൂട്ടർ. (ഇതുവരെ മങ്ങിയ വെളിച്ചത്തിലായിരുന്ന വർഗ്ഗീയ വാദികൾ നിറപ്പകിട്ടോടെ സ്ക്രീനിൽ തെളിയുന്നു.)
തൻ്റെ ഇംഗിതങ്ങൾക്ക് പുറത്ത് പോകുന്നയാൾ തീർത്തുകളയപ്പെടണമെന്ന വാദം താൻകോയ്മയുടെ ആണിടങ്ങളിലും കാലങ്ങളായി അതിന് കീഴ്പ്പെട്ട് ശീലിച്ച പെണ്ണിടങ്ങളിലും ഇളക്കം സൃഷ്ടിക്കുന്നുമുണ്ട്. ആധുനിക സമൂഹത്തിൻ്റെ മനുഷ്യൻ്റെ ബോധത്തിന് നേരെയാണ് ആക്രമണം. ആണിന് കീഴ്പ്പെടാത്ത പെണ്ണിന്, ജാതിച്ചടങ്ങൾക്ക് പുറത്ത് പോകുന്ന മനുഷ്യന് , വർഗ്ഗീയതയ്ക്ക് വിലങ്ങ് തീർക്കുന്ന മതേതര ജീവികൾക്ക് മരണം വിധിക്കാൻ നമ്മുടെ ബോധം തകരാൻ കാത്തിരിക്കയാണവർ.