03/11/2023
മലയാളത്തിന് അധ്യാപകരെ നഷ്ടപ്പെടുത്തരുത് : പി സുരേന്ദ്രൻ
മലപ്പുറം: മലയാളനാടിന്റെ സ്വത്തായി കണക്കാക്കപ്പെടുന്ന മികച്ച അധ്യാപകരെ നഷ്ടമാകുന്ന തരത്തിൽ, വിദ്യാലയങ്ങളിൽ മടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്ന് പി സുരേന്ദ്രൻ പറഞ്ഞു. അധ്യാപന ജോലി തപസ്യയായി കാണുന്ന വരുടെ മനസ്സു മടുപ്പിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക പരിസരത്തെ മലീമസമാക്കും. നാടിന്റെ സാംസ്കാരിക സംതുലിതാവസ്ഥ നിലനിർത്താൻ അധ്യാപക സമൂഹത്തെ സംരക്ഷിച്ചു നിർത്തേണ്ട ഉത്തരവാദിത്തം പൊതു സമൂഹവും അധികാരി വർഗവും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ സജീഷ് ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിൽ ശക്തമായ നിയമരൂപീകരണം നടത്തണമെന്ന് എഫ് എച്ച് എസ് ടി എ ആവശ്യപ്പെട്ടു .
ജില്ലാ ചെയർമാൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ ഉമ്മർ കെ ടി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് ചെയർമാൻ കെ സിജു , മനോജ് ജോസ് , ടി എസ് ഡാനിഷ് , എ അബൂബക്കർ , ഡോ വി അബ്ദുസമദ് , യു ടി അബൂബക്കർ , എം എ സലാം , സി എ എൻ ഷിബിലി , വി കെ രഞ്ജിത്ത് , രാജൻ തോമസ് , കെ സനോജ് , ഡോ ഷാഹുൽ ഹമീദ് , പ്രദീപ് കുമാർ കറ്റോട് , ഷാം കൊണ്ടോട്ടി , അബ്ദുൾ ഹക്കീം , ജിതേഷ് കെ , ടി കെ അബ്ദുൾ കരീം, ഡോ മൻസൂർ, ശ്രീകാന്ത് കെ, പ്രവീൺ തിരൂർ, തുടങ്ങിയവർ സംസാരിച്ചു.