10/08/2015
പൊന്നാനി:വാണിജ്യതുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതകാലപ്രൗഡിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ് പൊന്നാനി. രണ്ടായിരം കോടി രൂപ ചെലവില്‍ കേരളത്തിലെ ആദ്യ സ്വകാര്യ കാര്‍ഗോ തുറമുഖമാണ് പൊന്നാനിയിലൊരുങ്ങുന്നത്. നിര്‍മാണം 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കങ്ങള്‍. ശനിയാഴ്ചയായിരുന്നു പദ്ധതിയുടെ നിര്‍മാണോദ്ഘാടനം.
ബ്രിട്ടീഷുകാരുടെ കാലത്ത് പ്രൗഡഗംഭീരമായ വാണിജ്യമേഖലയായിരുന്നു പൊന്നാനി തുറമുഖം..പൊന്നാനിയിലെ തുറമുഖത്ത് അടുക്കാത്ത വാണിജ്യകപ്പലുകളും പത്തേമാരികളും അക്കാലത്ത് ഇല്ലായിരുന്നു എന്നാണ് ചരിത്രം. കാലം മായ്ച്ച പൊന്നാനിയുടെ ആ ഗതകാലപ്രൗഡി തിരിച്ചുകൊണ്ടുവരാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങളാണ് ഫലം കാണാന്‍ പോകുന്നത്.
തീരത്തോടുള്ള ചേര്‍ന്നുള്ള നിര്‍മാണങ്ങള്‍ തുടങ്ങിയിരിക്കുന്നു... പദ്ധതിക്കായി 29.5 ഏക്കര്‍ ഭൂമിയാണ് മലബാര്‍ പോര്‍ട് ട്രസ്റ്റിന് സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. തുറമുഖത്തിനായി ഒരാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടിവരില്ല.ഒന്നരകിലോമീറ്റോളം ദൂരം കടല്‍ നികത്തിയാണ് തുറമുഖം നിര്‍മിക്കുന്നത്... ഒന്നാംപാദത്തില്‍ ഒരുകല്‍ക്കരി ടെര്‍മിനലും രണ്ടാംപാദത്തില്‍ ഒരു ടാങ്കര്‍ടെര്‍മിനലും വിവിധോദ്ദേശ്യ ടെര്‍മിനലുമാണ് നിര്‍മിക്കുക.
മൂന്നാംപാദത്തില്‍ ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലും നിര്‍മിക്കും. 13 മീറ്ററോളം ആഴമുള്ള തുറമുഖത്ത് 250 മീറ്ററോളം നീളമുള്ള രണ്ട് ബര്‍ത്തുകള്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കും പാലക്കാട്ടേയും കോയമ്പത്തൂരിലേയും വ്യവസായികമേഖലകളിലേക്കുള്ള ചരക്ക് നീക്കമാണ് തുറമുഖം ലക്ഷ്യമിടുന്നത്.. മണിക്കൂറില്‍ 2000 ടണ്‍കല്‍ക്കരിയും, 1000ടണ് വളവും 50 ടണ്‍ കണ്ടയിനറും, 1000 ടണ്‍ ഇന്ധവും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാകും തുറമുഖം. വന്‍കിട തുറമുഖമല്ല ഇതെന്നതിനാല്‍ വല്ലാര്‍പാടം നേരിടുന്നതുപോലെ ചരക്ക്‌നീക്കത്തിന് നിയമതടസ്സങ്ങളുമുണ്ടാകില്ല
വിഴിഞ്ഞവും കൊച്ചിയും കഴിഞ്ഞാല്‍ സംസ്ഥാനത്തിന് ഏറ്റവും പ്രതീക്ഷയുള്ള തുറമുഖ നിര്‍മാണമാണ് പൊന്നാനിയിലേത്. തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേക്ക് റെയില്‍പാതയും മികച്ച റോഡുകളുമടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. റോഡ്, റെയില്‍, ജലം തുടങ്ങിയ 3 ഗതാഗതോപാധികളുടെയും സംഗമമാകും പൊന്നാനിയിലുയരുക. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ വികസനഭൂപടത്തില്‍ തിളങ്ങുന്ന ചിത്രമാകും തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ പൊന്നാനിയുടേതെന്ന് ഉറപ്പ്.