05/09/2026
പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം അന്തിമമാകുന്നതോടെ മലയോര ജനത നേരിടുന്ന കുടിയിറക്ക് ഭീഷണി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം.
ജില്ലയിലെ 11 വില്ലേജുകൾ ഉൾപ്പെട്ടതിനാൽ മലയോര കർഷകർ ഭീതിയിലാണ്. പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിലാണ് ജില്ലയിലെ 11 വില്ലേജുകൾ ഉൾപ്പെടുത്തിയത്. അമരമ്പലം, അകമ്പാടം, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, കുറുമ്പലങ്ങോട്, ചോക്കാട്, കാളികാവ്, പോത്തുകല്ല്, കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്. വില്ലേജുകൾ പൂർണമായും ഇഎസ്എയിൽ ഉൾപ്പെടുത്തിയാൽ ജനവാസമേഖലകളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.
വിജ്ഞാപനം അന്തിമമാകുന്നതോടെ ഖനനം, ക്വാറികൾ, വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാകും. നിലവിലുള്ള കൃഷിരീതികൾക്കും കർഷകരുടെയും തദ്ദേശവാസികളുടെയും ദൈനംദിന ജീവിതത്തിനും നിയന്ത്രണം വരുമെന്നാണ് ആശങ്ക. ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുൻ ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കരട് വിജ്ഞാപനത്തിൻ്റെ കാലാവധി 25 ന് അവസാനിക്കുകയാണ്. യു ഡി എഫ് സർക്കാർ ഇതുസംബന്ധിച്ച് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. മലപ്പുറം ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഇക്കാര്യത്തിൽ മൗനത്തിലാണ്. ഈ വിഷയത്തിൽ കൃത്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.
പ്രദേശവാസികൾക്ക് പരാതി നൽകുന്നതിനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടില്ല. മലയോര ജനതയുടെ കുടിയിറക്ക് തടയാൻ സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
സ. വി പി അനിൽ
സിപിഐ എം ജില്ലാ സെക്രട്ടറി