06/04/2025
വധശ്രമ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ദമ്പതികൾ ഏഴു വർഷത്തിനു ശേഷം പിടിയിൽ
മാന്നാർ : യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികൾ ഏഴു വർഷത്തിനു ശേഷം പിടിയിൽ. മാന്നാർ ചെന്നിത്തല തൃപ്പെരുന്തുറ നന്ദു ഭവനത്തിൽ പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരെയാണ് മാന്നാർ പൊലിസ് പിടികൂടിയത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുക്കുകയും തുടർന്ന് മാന്നാറിൽ എത്തിച്ച യുവതിയെ പ്രവീണും മഞ്ചുവും ചേർന്ന് ചെന്നിത്തല വലിയ പെരുമ്പുഴ പാലത്തിൽ നിന്നും നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മാന്നാർ പൊലിസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലായിരുന്ന പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ പോയി. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതിനു ശേഷം പ്രവീണിനെതിരെ തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ മോഷണം, കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ കാലയളവിൽ കോടതിയിൽ ഹാജരാകാതിരുന്ന പ്രതികൾക്കെതിരെ കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി ബിനുകുമാർ എം.കെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, മാന്നാർ പൊലിസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രവീണിനെ ചെങ്ങന്നൂരിൽ നിന്നും മഞ്ചുവിനെ റാന്നിയിൽ നിന്നും പിടികൂടുകയായിരുന്നു. മാന്നാർ പൊലിസ് ഇൻസ്പെക്ടർ രജീഷ് കുമാർ, എസ്.ഐ അഭിരാം സി.എസ്, ഗ്രേഡ് എ.എസ്.ഐ തുളസി ഭായി, സി.പി.ഒ മാരായ ഹരിപ്രസാദ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.