Kanjirapuzha

Kanjirapuzha Kanjirapuzha dam is situated 14 Km. away from Mannarghat. Siruvani is situated 42 Km. away from Kanjirappuzha
Nearby cities: MULLATHUPARA,Perinthalmanna

ഇവിടെ നിന്നു നോക്കിയാല്‍ വാക്കോടന്‍ മല കാണാം. അതിനപ്പുറം ശിരുവാണി. മണ്ണാര്‍ക്കാടു നിന്നു പന്ത്രണ്ടു കിലോമീറ്റര്‍ യാത്ര. ഇതു കാഞ്ഞിരപ്പുഴ. വാക്കോടന്‍ മലയുടെ താഴ്വാ രത്തിലെ മനോഹരമായ ഭൂമി. എത്രയോ പ്രദേശങ്ങളെ വെള്ളം മുട്ടാതെ കാക്കുന്ന കാഞ്ഞിരപ്പുഴ ഡാം. അതിനോടു ചേര്‍ന്ന മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.

പാലക്കാട്ട് - കോഴിക്

കോട് റൂട്ടില്‍ മണ്ണാര്‍ക്കാട് എത്തുന്നതിനു മുമ്പു ചിറക്കല്‍പ്പടിയില്‍ നിന്നു വലത്തേയ്ക്കുള്ള റോഡ്. ഡിവൈഡ റില്‍ കുത്തിനിറുത്തിയിട്ടുള്ള പച്ച ബോര്‍ഡ് വഴി കാണിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ. റബര്‍ തോട്ടങ്ങള്‍ക്കു നടുവിലെ ടാറിട്ട റോഡിലൂടെ അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോഴേയ്ക്കും ആകാശത്തിന്‍റെ വടക്കേ ചെരുവില്‍ അട്ടപ്പാടി മലയുടെ പച്ചപ്പ് തെളിയും. കിഴക്കു വാക്കോടന്‍ മലയുടെ തണലിലേക്കാണു യാത്ര. നെല്‍പ്പാടങ്ങളില്‍ നിന്നുള്ള കാറ്റ് തെങ്ങിന്‍ തോട്ടങ്ങളും കടന്നെത്തുമ്പോള്‍ കുളിരുകൂടിയപോലെ. നാലഞ്ചു പെട്ടിക്കടകളും ചായപ്പീടികയും കനാല്‍പ്പാലവുമുള്ള ചെറിയൊരു ടൗണിലെത്തി. വര്‍മംകോട്. ഇടതുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന വലിയ കല്‍പ്പടവു കാണാം. നേരേ മുന്നിലേക്ക് അല്‍പ്പംകൂടി. വാക്കോടന്‍ മലയുടെ കിഴക്കേമാനത്തു സൂര്യനുദിക്കുന്നതേയുള്ളൂ. ശിരുവാണി ഡാമിന്‍റെ ഓരം ചേര്‍ന്നാണു കാഞ്ഞിരപ്പുഴ ഡാം. മലമ്പുഴയേക്കാള്‍ വിസ്തൃതിയില്‍ ജലശേഖരം. കളിയൂഞ്ഞാലും കാറ്റാടി മരങ്ങളും ബോട്ടും തണല്‍മരങ്ങളും പുല്‍ത്തകിടിയുമുള്ള പൂന്തോട്ടത്തിലേക്കു ഗെയ്റ്റ് തുറന്നു....

സാമ്യമകന്നോരുദ്യാനം...

പറഞ്ഞു കേട്ടിട്ടുള്ളതും പോയി കണ്ടിട്ടുള്ളതുമായ ടൂറിസം സ്പോട്ടുകളുടെ ആര്‍ട്ടിഫിഷ്യല്‍ ആഡംബരങ്ങള്‍ തത്ക്കാലം മറക്കുക. ടൈല്‍സിട്ട നടവഴിക്കരികെ സിമന്‍റ് ബെഞ്ചിനപ്പുറത്ത് എഴുതി വച്ചതു വായിക്കാം. ക്ലീന്‍ ഡെസ്റ്റിനേഷന്‍ പ്രോഗ്രാം... പ്രകൃതി തന്നതൊക്കെ അതേപടി ചേര്‍ത്തുവച്ചിരിക്കുകയാണ് ഇവിടെയെന്നു ചുരുക്കം. കിഴക്കു ഭാഗത്തു പാലക്കയം. വടക്കു കിഴക്കേ മൂലയില്‍ ഇരുമ്പകച്ചോല. തെക്ക് വാക്കോടന്‍ മല. ഈ മലകളില്‍ ഉറവയിടുന്നത് ആറേഴു പുഴകള്‍. ആ നീരൊഴുക്കു നിറയുന്നിടത്ത് ഒരു അണക്കെട്ട്. അതിനു താഴെ പുല്‍മേടുകള്‍ നികത്തി ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റൊരുക്കിയ ഉദ്യാനം. വിദേശികളെപ്പോലും വിരുന്നെത്തിക്കാന്‍ കെല്‍പ്പുള്ള വിനോദസഞ്ചാര സാധ്യതകള്‍ ഗ്രാമസൗന്ദര്യത്തിന്‍റെ നാണത്തില്‍ ഒളിഞ്ഞു നിന്നതായിരിക്കാം. അതുകൊണ്ടാകാം കാഞ്ഞിരപ്പുഴയിലെ കാഴ്ചകള്‍ വലിയ ക്യാമറകള്‍ക്കും ടൂറിസം പ്രോഗ്രാമുകള്‍ക്കും ഏറെ അകലെയായത്...

ഒരു വീക്കെന്‍ഡില്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ കാഞ്ഞിരപ്പുഴയിലെ സൂര്യാസ്തമയം കണ്ടു മടങ്ങാം. സഹ്യപര്‍വത നിരയുടെ ഇങ്ങേവശത്തു മലനിരകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. മക്കള്‍ കാണട്ടെ മലയും കാടും ജലാശയവും. അവധി ദിവസം ട്രിപ്പ് പ്ലാന്‍ ചെയ്യുന്ന സെലിബ്രേഷന്‍ യൂത്ത് ആസ്വദിക്കട്ടെ...

ലോ ബജറ്റിലൊരു ടൂര്‍

വലിയ പാറക്കഷണം മണ്ണില്‍ കുത്തിനിറുത്തിയപോലെയൊരു മല. ഗാര്‍ഡനിലേക്കു കയറുന്നതിനു മുമ്പ് വാക്കോടന്‍ മലയുടെ താഴ്വാരത്തൊന്നു പോകാം. ഡാം നിര്‍മാണകാലത്തുണ്ടാക്കിയ എംപ്ലോയീസ് ക്വാര്‍ട്ടേഴ്സിനരികിലൂടെയാണു വഴി. അയ്യപ്പന്‍കാവു കടന്നാല്‍ കോസ്വേ. ഇവിടെ വാഹനം നിര്‍ത്താം. ഡാമിന്‍റെ ഷട്ടറുകള്‍ ഇവിടെ നിന്നു കാണാം. ഈ ധനുമാസത്തിലും പരിധിക്കുമീതെ വെള്ളം നിറയ്ക്കുന്ന പുഴയുടെ ഉറവ ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ. വെള്ളം നുരഞ്ഞൊഴുകുന്ന കനാലിന്‍റെ ആദ്യഭാഗത്തെ തടാകത്തില്‍ ബോട്ടുകളുണ്ട്. ഇപ്പോള്‍ സര്‍വീസില്ല.

അട്ടപ്പാടിച്ചുരത്തിന്‍റെ വളവുപോലെ വാക്കോടനും വഴികളെ മടക്കിയൊതുക്കിയിരിക്കുന്നു. ഇടതുഭാഗത്തു പാറക്കെട്ടുകള്‍ക്കു താഴെ ഡാം. വലതുഭാഗത്തു മലഞ്ചെരുവില്‍ കാടും കാട്ടുമരങ്ങളും അതിനിടെ ഓരോ വീടുകളും. കുരിശുപള്ളിയുടെ മുന്നില്‍ നിന്നു നോക്കിയാല്‍ അണക്കെട്ടും പരന്നു കിടക്കുന്ന ഡാമും അതേപടി ക്യാമറയില്‍ പകര്‍ത്താം. കെട്ടിനു മീതെ എല്ലാ ദിവസവും ഷൂട്ടിങ്ങുണ്ട്. മ്യൂസിക് ആല്‍ബങ്ങള്‍ക്ക് ഇതുപോലെ ശാന്തമായൊരു അന്തരീക്ഷം മറ്റെവിടെ...?

പാറക്കെട്ടിലൂടെ ചിതറിയൊഴുകുകയാണു കാട്ടരുവികള്‍. ഒച്ചുകളുടേയും ചീവീടിന്‍റേയും ശബ്ദം. കാടിന്‍റെ നിശബ്ദതയിലാണെങ്കിലും ഇടയ്ക്കു റബര്‍ തോട്ടങ്ങളുടെ നിഴല്‍. ആള്‍സഞ്ചാരം തുടങ്ങുമ്പോഴേയ്ക്കും ഒരു പാലവും നാല്‍ക്കവലയും ടൗണും. ഇതു പാലക്കയം. വലത്തോട്ടുള്ള വഴി തച്ചമ്പാറയിലേക്ക്. പാലം കടന്ന് ഇടതു ഭാഗത്തു കുന്നിലേക്കുള്ള റോഡ് ശിരുവാണിയിലേക്ക്. അവിടെ നിന്നു നേരെ താഴേയ്ക്കുള്ളതാണു പായപ്പുല്ലിലേക്കുള്ള വളവ്. മലയും കാടും കാട്ടരുവിയുമുള്ള ഡാമിന്‍റെ കിഴക്കുഭാഗത്തേയ്ക്ക് ഈ വഴിക്കാണുപോകേണ്ടത്. പൊട്ടിപ്പൊളിഞ്ഞതെങ്കിലും ജീപ്പ് പോകുന്ന റോഡ്. ഈ പ്രദേശത്ത് ആള്‍പാര്‍പ്പു കുറവ്.

പണ്ടെപ്പോഴൊക്കെയോ ഉരുള്‍പൊട്ടിയിറങ്ങിയ പാറക്കല്ലുകള്‍ മലകളായിരിക്കുന്നു. വലിയ പാറക്കഷണങ്ങള്‍ക്കു മീതെ കാട്ടരുവികളുടെ താളം. ഉല്ലാസ യാത്രകള്‍ നഗരങ്ങളിലേക്കല്ല. ഇതുപോലെ പ്രകൃതി പാട്ടുപാടുന്നിടത്തേയ്ക്കാണ്. ആനയും കരടിയുമൊന്നും ഇവിടെയില്ല. നൂറോളം കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ പല ഭാഗത്തായി വീടു വച്ചു താമസിക്കുന്നു. ആഴ്ചയിലൊരിക്കല്‍ പായപ്പുല്ലില്ലേക്കു വഴി ചോദിച്ചെത്തുന്ന സഞ്ചാരികള്‍ ഈ നാടിന്‍റെ അപൂര്‍വ അതിഥികള്‍. അണക്കെട്ടിനു മുകളില്‍ നിന്നു നോക്കിയാല്‍ വെള്ളത്തിനക്കരെയുള്ള മലഞ്ചെരിവാണു പായപ്പുല്ല്. നിശബ്ദമായി നിറഞ്ഞു നില്‍ക്കുന്ന കാഞ്ഞിരപ്പുഴയുടെ സൗന്ദര്യം മലയരികുവരെയുണ്ട്. പായപ്പുല്ലില്‍ നിന്നു നോക്കിയാല്‍ അങ്ങു ദൂരെ കറുത്ത വരപോലെ കാണാം ഷട്ടറും അണക്കെട്ടും.

ഈ തണലില്‍ ഇത്തിരി നേരം

നേരം ഉച്ചയാകുന്നു. ഉദ്യാനത്തിലേക്കു പോകാം. നീലനിറത്തിലുള്ള വാട്ടര്‍ഫൗണ്ടനാണു സഞ്ചാരികളെ വരവേല്‍ക്കുന്നത്. കൃത്രിമ പൊയ്കയിലെ പൈപ്പുകളില്‍ ജലധാരയുടെ നൃത്തം കണ്ട് പൂന്തോട്ടത്തിനു നടുവിലെ റോഡിലൂടെ നടക്കാം. വലത്തോട്ടു തിരിഞ്ഞാല്‍ പുല്‍മേടും കാറ്റാടി മരങ്ങളും. കൗണ്ടറില്‍ നിന്നു വാങ്ങിയ ഐസ്ക്രീമുമായി പ്രണയങ്ങള്‍ അവിടെ തണല്‍ തേടിയിരിക്കുന്നു. ടാറിട്ട വഴിയിലൂടെ ഇറങ്ങിച്ചെല്ലുന്നത് വട്ടമരച്ചുവട്ടില്‍ വിശ്രമത്തിലേക്ക്. സിമന്‍റ് ബെഞ്ചുകളില്‍ കുടുംബങ്ങളും കുട്ടികളും ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പിലാണ്. ഇവിടെ നിന്നു രണ്ടുവഴി. വലതുഭാഗത്തേയ്ക്കുള്ള വഴിയില്‍ രണ്ടു മണ്ഡപങ്ങള്‍. രാവിലെ മുതല്‍ ഊഞ്ഞാലാടിയും സീസോ കളിച്ചും ക്ഷീണിച്ചവര്‍ അതിനുള്ളില്‍ സ്ഥലം പിടിച്ചിരിക്കുന്നു. വെയിലിന്‍റെ ക്ഷീണമറിയാതെ കുറേ പേര്‍ ഇപ്പോഴും ഊഞ്ഞാലുകളിലുണ്ട്.

ക്യാമറ ഫ്ളാഷുകളുടെ മിന്നലാണ് എല്ലായിടത്തും. അതിനിടെ ആല്‍ബം ഷൂട്ടിങ്. പുതുമോടിയുടെ അലങ്കാരങ്ങളുമായി ന്യൂ വെഡ്ഡിങ് കപ്പിള്‍സിന്‍റെ വിഡിയോ ഷൂട്ടിങ്. സ്വൈരസല്ലാപത്തിന് ഇടം തേടുന്ന പ്രണയങ്ങള്‍... തണല്‍മരങ്ങള്‍ക്കു താഴെ പുല്‍ത്തകിടിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ദമ്പതികളുടെ ഫോണില്‍ സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍...പണ്ട് കോളെജ് പോര്‍ട്ടിക്കോയിലിരുന്നു ചോറ്റുപാത്രം തുറന്നതിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തിയിരിക്കുന്നു കാഞ്ഞിരപ്പുഴ...

സൂര്യന്‍ പടിഞ്ഞാറേയ്ക്കു ചെരിഞ്ഞു. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ തിരക്കു കൂടുന്നു. സീസോയിലും ഊഞ്ഞാലിനു മുന്നിലും കുട്ടികളുടെ നിര. ഓരോരുത്തര്‍ക്കും മാറ്റിമാറ്റി അവസരം കൊടുക്കുന്നു ഗാര്‍ഡനിലെ വാച്ചര്‍മാര്‍. പടിഞ്ഞാറേ ചക്രവാളത്തില്‍ അസ്തമനവും ഡാമിന്‍റെ ഭംഗിയും കാണാന്‍ അണക്കെട്ടിനു മുകളില്‍ കയറണം. ഉദ്യാനത്തില്‍ നിന്നു മുകളിലേക്കു പടവുണ്ട്. ഇരുവശത്തും നീര്‍പ്പുല്ലുകള്‍ നിറഞ്ഞ സിമന്‍റ് പടികള്‍. കെട്ടിന്‍റെ ഒരറ്റം ഇരുമ്പകച്ചോലയാണ്. മുപ്പത്തൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ഈ അണക്കെട്ട്. ഷട്ടറുകളില്‍ നിന്നു കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിനു മീതെ കടലിരമ്പംപോലെ കാറ്റിന്‍റെ ചൂളംവിളി. കിഴക്കേ മലയുടെ താഴ്വാരത്തു പായപ്പുല്ലില്‍നിന്നുള്ള കാറ്റിന് ശക്തികൂടിക്കൊണ്ടിരിക്കുന്നു. മറുവശത്ത് വിശാലമായ പൂന്തോട്ടം ഇപ്പോള്‍ ഒരു ചുമര്‍ചിത്രം പോലെ. അണക്കെട്ടിലൂടെ നടന്നു കാണാം ഇരുവശവും. അസ്തമയസൂര്യന്‍റെ സ്വര്‍ണ നിറത്തില്‍ വാക്കോടന്‍ മല വെട്ടിത്തിളങ്ങുന്നു.ഒരു കാവല്‍ക്കാരനെപ്പോലെയാണ് ആ നില്‍പ്പ്. വെയില്‍ ചാഞ്ഞ സന്ധ്യയ്ക്ക് കോടമഞ്ഞുകൊണ്ടു മറയൊരുക്കുകയാണ് പാലക്കയത്തും ഇരുമ്പകച്ചോലയിലും മലമടക്കുകള്‍.

ഇനി പതുക്കെ പടിയിറങ്ങാം. ഗാര്‍ഡനില്‍ ലൈറ്റുകള്‍ തെളിഞ്ഞു. വാട്ടര്‍ ഫൗണ്ടനരികില്‍ ആളുകള്‍ നിറഞ്ഞു. ഇരുട്ടു വീണിട്ടും ഇവിടം വിട്ടുപോകാന്‍ തോന്നുന്നില്ല. മടക്കയാത്രയില്‍ മനസിലുറപ്പിച്ചു. ഇനിയും വരണം...ഈ മനോഹരതീരത്തേക്ക്...

Address

Kanjirapuzha
Mannarkkad
678591

Website

Alerts

Be the first to know and let us send you an email when Kanjirapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share