05/01/2022
മൊബൈൽ താരിഫ് വർധനവിനെതിരെ എ ഐ ഡി വൈ ഒ പ്രതിഷേധം.
തിരുവനന്തപുരം
5.1.2021
സ്വകാര്യ മൊബൈൽ കമ്പനികൾ അന്യായമായി വർദ്ധിപ്പിച്ച മൊബൈൽ റീചാർജ്ജ്, ഡേറ്റാ ചാർജ്ജ് എന്നിവ പിൻവലിക്കണമെന്നും
ബി.എസ്.എൻ.എൽ - നെ ശക്തിപ്പെടുത്തി, ന്യായമായ നിരക്കിൽ മൊബൈൽ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ. ഐ.ഡി. വൈ. ഒയുടെ നേതൃത്വത്തിൽ സ്റ്റാച്യു ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സർവീസ് സെൻ്ററിനു മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. താരിഫ് വർദ്ധനവിനെതിരെ എഐഡിവൈഒ
ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രതിഷേധവാരാചരണത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. എഐഡിവൈഒ സംസ്ഥാന കമ്മിറ്റിയംഗം രൂപേഷ് വർമ്മ മുഖ്യ പ്രസംഗം നടത്തി.
സ്വകാര്യ മൊബൈൽ സേവനദാതാക്കളായ എയർടെൽ, ജിയോ, വി-ഐ തുടങ്ങിയ കമ്പനികൾ 20 മുതൽ 25 ശതമാനം വരെയാണ് പ്രീപെയ്ഡ് ചാർജുകൾ വർധിപ്പിച്ചത്. സ്വകാര്യ കമ്പനികൾ വർധിപ്പിച്ച ചാർജുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ടി ആർ എ ഐ) ഇടപെട്ടുകൊണ്ട് പിൻവലിക്കണമെന്നും ബി എസ് എൻ എൽ പോലുള്ള പൊതുമേഖല സ്ഥാപനത്തെ ശക്തിപ്പെടുത്തിക്കൊണ്ട് സാധാരണക്കാർക്ക് മിതമായ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കണമെന്നും രൂപേഷ് വർമ്മ ആവശ്യപ്പെട്ടു. ബി എസ് എൻ എൽ സർവീസ് അപര്യാപ്തമായതിനാൽ
ആളുകൾ സ്വകാര്യ മൊബൈൽ സേവനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2016ൽ നരേന്ദ്ര മോദി സർക്കാർ ബി എസ് എൻ എൽ നെ 4ജി സ്‌പെക്ട്രം ലേലത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. 4ജി സ്‌പെക്ട്രത്തിന്റെ സിംഹഭാഗവും പ്രൈവറ്റ് കമ്പനികൾ കയ്യടക്കിയിരിക്കുകയാണ്. ബി എസ് എൻ എൽ ലെ 80 ശതമാനം തൊഴിലാളികളെയും 2018ൽ നിർബന്ധിതമായി വി ആർ എസ് എടുപ്പിച്ച് പിരിച്ചു വിടുകയാണുണ്ടായത്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതും ലാഭാർത്തിയില്ലാതെ സേവനം നൽകാൻ സാധിക്കുന്നതുമായ ഒരു പൊതുമേഖല സ്ഥാപനമായ ബി എസ് എൻ എൽനെ ശക്തിപ്പെടുത്തേണ്ടുന്നതിന് പകരം പ്രൈവറ്റ് കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ വേണ്ട നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്- രൂപേഷ് വർമ്മ അഭിപ്രായപ്പെട്ടു. എഐഡിവൈഒ ജില്ലാ പ്രസിഡൻറ് എ ഷൈജു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം
അജിത്ത് മാത്യു പ്രസംഗിച്ചു