07/06/2026
യു.ഡി.എഫ് - ഗവർണർ ഡീൽ: എം.ജി വാഴ്സിറ്റി സംഘ്പരിവാറിന് പതിച്ചു നൽകി - ഐ.എൻ.എൽ
കോഴിക്കോട് : ഗവർണറുമായി ഉണ്ടാക്കിയ ഡീലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്-മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ എം.ജി യൂണിവേഴ്സിറ്റി സെനറ്റ് സംഘ്പരിവാറിന് പതിച്ചു നൽകിയ നടപടി കേരളത്തെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഐ.എൻ.എൽ.
ഈ വിഷയത്തിൽ ഗവർണറുമായി ഏറ്റുമുട്ടേണ്ടതില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എൻ ജോണിൻ്റെ പ്രതികരണം സംഘ്പരിവാറിനു മുന്നിൽ തലകുനിച്ചു നിൽക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ, രാഷ്ട്രീയമായി വരിയുടക്കപ്പെട്ട പാവം ശിഷ്യനാണ് താനെന്ന് സ്വയം തുറന്നു സമ്മതിക്കലാണ്. ഗവർണർ ഇറക്കിയ സെനറ്റ് അംഗങ്ങളുടെ പട്ടികയിൽ 30ൽ 19 പേരും സംഘ്പരിവാറുകാരാണ്. ബിജെപി ദേശീയ കൗൺസിൽ അംഗവും 2021ലെ തെരഞ്ഞെടുപ്പിൽ പാലായിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ പ്രമീള ദേവിയടക്കമുള്ള പത്തൊമ്പത് പേരെയാണ് ഗവർണർ സെനറ്റിൽ കുത്തിനിറച്ചിരിക്കുന്നത്. താൽക്കാലിക വി.സിയായി സംഘ്പരിവാറുകാരനായ ഡോക്ടർ മാവൃത്തിയെ നിയമിച്ചതിന് പിറകെയാണ് ഈ നീക്കം. സർക്കാർ മനപ്പൂർവ്വം പാനൽ നൽകാതിരുന്നതാണ് ഗവർണർക്ക് തൻ്റെ കാവിവൽക്കരണ അജണ്ടയുമായി മുന്നോട്ടു പോവാൻ നിഷ്പ്രയാസം സാധിച്ചത്. ഗവർണർമാരെ ഉപയോഗിച്ച് സർവ്വകലാശാലകളിലൂടെ കാവി രാഷ്ട്രീയം ത്വരിതപ്പെടുത്താനുള്ള ആർ.എസ്.എസ് പദ്ധതിയെ ചെറുത്തു തോൽപ്പിക്കാനും ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികൾ പുലർത്തുന്ന കാപട്യം തുറന്നുകാട്ടാനും പ്രബുദ്ധ കേരളം മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
മുനമ്പം വഖഫ് : ലീഗ് സെക്രട്ടറി പൊട്ടൻ കളി തുടരുന്നു - ഐ.എൻ.എൽ
കോഴിക്കോട് : മുനമ്പം വലഫ് ഭൂമിയുടെ കാര്യത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടും പൊട്ടൻകളി തുടരുകയാണെന്ന് ഐ.എൻ.എൽ.
പുതിയ നിയമമനുസരിച്ച് ഉമീദ് പോർട്ടലിൽ വഖഫ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്വത്ത് വഖഫ് അല്ലാതാവുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 മേയ് 17 ആയിരുന്നു. മേയ് 14നാണ് വ്യക്തികളുടെയും വിവിധ സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ബോർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്. അനാവശ്യമായ വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന മട്ടിൽ ഇതിനെയാണ് മഹാപാതകമായി സലാം അവതരിപ്പിക്കുന്നത്. നിസാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2019ൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ബോർഡ് ചെയർമാനായിരിക്കെയാണ് മുനമ്പം ഭൂമി വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യുന്നത്. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും കെ.പി.എ മജീദുമൊക്കെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് എത്രയോ തവണ പ്രസ്താവന നടത്തിയതാണ്. അന്നൊന്നും ഇല്ലാത്ത പരിഭ്രാന്തിയും വഖഫ് സ്വത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ കടിച്ചു കീറാനുള്ള വ്യഗ്രതയും ലീഗ് അകപ്പെട്ട രാഷ്ട്രീയ കുരുക്കിൻ്റെ സങ്കീർണതയാണ് ചൂണ്ടിക്കാട്ടുന്നത്. മുനമ്പത്തേത് വഖഫ് സ്വത്തല്ല എന്ന് നൂറുവട്ടം ആവർത്തിച്ച മുഖ്യമന്ത്രി വി.ഡി സതീശനെ താങ്ങുകയല്ലാതെ ലീഗിൻ്റെ മുന്നിൽ വേറെ മാർഗ്ഗമില്ല. ധർമ്മ സ്ഥാപനങ്ങളെ തള്ളിപ്പറയാനും വഖഫ് സംരക്ഷിക്കാൻ ഇറങ്ങിയവരെ കുറ്റപ്പെടുത്താനും പി.എം.എ സലാം കാണിക്കുന്ന ആവേശം മുസ്‌ലിം ലീഗ് അധികാരം നിലനിർത്താൻ ആർക്കും മുമ്പിലും തലകുനിക്കും എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ബാബറി മസ്ജിദ് വിഷയത്തിലും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, മുനമ്പത്തെ 404 ഏക്കർ വഖഫ് ഭൂമി സംരക്ഷിക്കുന്ന വിഷയത്തിൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി മുന്നണി നടത്തുന്ന കുപ്രചരണങ്ങളെ പരാജയപ്പെടുത്താനും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാനും മതേതര വിശ്വാസികൾ നിയമ മാർഗേന ഒറ്റക്കെട്ടായി പൊരുതണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു