03/01/2023
"തിരുവിതാംകൂർ രാജ്യത്ത്
ഭൂവിസ്തൃതി നീട്ടിയുലച്ച്
നാട്ടുരാജ്യം പൊലിച്ചിട്ട
നാടുവാഴി വാണുവിളങ്ങിയ
പെരിയ ഊരിൽ പൊരുളുകൾ.. "
- "നല്ലില "യുടെ ചരിത്രം -
(അകം കാഴ്ചകൾ:
പേറ, പേരങ്ങാട്ട്, പേങ്ങാട്ട്, നാല്,
നാലിലക്കാവ്..)...........................................................................
"മലയാളത്തിൻ്റെയും തമിഴിൻ്റെയും
ആദ്യ രൂപമായ "പൂർവ്വ ദ്രാവിഡ "ത്തി -
ലുള്ള "നല്ലി " എന്ന പദം ചേർന്നിണങ്ങിയ
പെരുമയുറഞ്ഞ നാട്ടു നാമമാണ് "നല്ലില "!
കൊല്ലം ജില്ലയിൽ "നെടുമ്പന "
പഞ്ചായത്തിൻ്റെ വടക്ക് കിഴക്കായി,
വയലുകൾക്കിടയിലെ ഉയർന്ന നാട്ടിടം..!
പടിഞ്ഞാറ് "പഴങ്ങാല"ത്തിൻ്റെ
വയൽ നീട്ടും കിഴക്ക് നല്ലിലയുടെ തന്നെ
വയൽ സാനിധ്യവും,ഈ നാടിൻ്റെ
ഇടം വലങ്ങളിലുള്ള കതിരണി കാഴ്ചയും
നീരണിക്കാഴ്ചയുമാണ്..!
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ
കലാ സാഹിത്യ പെരുമകൾ
ഈ നാടിൻ്റെ മുഖവെളിച്ചങ്ങളാണ്..!
"നല്ലില ഗോപിനാഥ് ",
"ജോസ് പി.ടി.നല്ലില " എന്നീ ഗ്രന്ഥകർത്താക്കൾ നല്ലിലായുടെ
എഴുത്തടയാളങ്ങളാണ്..!
ഈ നാടിൻ്റെ പുറം കാഴ്ചകൾക്കഴക്
ചാർത്തിയ മറ്റ് തൊങ്ങലുകൾ
നിരവധി...!
നെടുമ്പന പഞ്ചായത്തിലെ ആദ്യ
സിനിമാ തീയറ്റർ; "രാഗം "
നാല് പതിറ്റാണ്ട് മുൻപ് നല്ലിലയിലാണ്
"സെല്ലുലോയിഡ് "തീർത്തത്..!
സമാന്തര വിദ്യാഭ്യാസ രംഗത്ത്
ശ്രദ്ധേയമായി പതിറ്റാണ്ട് പിന്നിടുന്ന
"ജനതാ "വിദ്യാഭ്യാസ സെൻ്റർ
നല്ലിലായുടെ അക്ഷരവെളിച്ചമാണ്..!
[ "ജനതാ ടൂഷൻ സെൻ്ററി "ൻ്റെ
പതിറ്റാണ്ടിന് മുൻപുള്ള നോട്ടീസ്
സമാന്തര വിദ്യാഭ്യാസത്തിൻ്റെ
ആദ്യകാല അടയാളപ്പെടുത്തലാണ്..!
-ചിത്രം കാണുക.]
നെടുമ്പന പഞ്ചായത്തിലെ ആദ്യ
കാഷ്യു ഫാക്ടറിയായ "ഗ്രാൻറ് " കാഷ്യു
ഫാക്ടറി സ്ഥാപിക്കപ്പെട്ടതും
നല്ലിലായിലാണ്..!
പന്തളം "കുടശ്ശനാട്ട് " നിന്ന്
" കുണ്ടറ "യെന്ന പെരും ദേശം വഴി
നെടുമ്പന നാട്ടിലേക്ക് കുടിയേറിയ
ക്രൈസ്തവർ ആദ്യവാസമുറപ്പിക്കുന്നത്
ഈ പഴം ദേശത്തിലാണ്..!
ഈ കുടിയേറ്റ ചരിത്രമനുസ്മരിച്ച്
നല്ലിലയിലെ ക്രൈസ്തവ ഭവനങ്ങളിൽ
വലിയ ആഘോഷവും നടന്ന് വരുന്നുണ്ട്!
1860 ൽ സ്പാപിച്ച
"ഗബ്രിയേൽ സെൻ്റ് ജോർജ്
ഓർത്തഡോക്സ് പള്ളി " നല്ലിലായിലെ
ആദ്യ ക്രൈസ്തവ ദേവാലയമാണ്..!
[ചിത്രം കാണുക.]
നെടുമ്പന ദേശത്തിൻ്റെ ആദ്യകാല
"ഭൂ ഉടമ "കളുടെ പട്ടികയിൽ
പെരും പേരായി അടയാളപ്പെട്ട് കിടക്കുന്ന
"പേങ്ങാട്ട് മഠം" നല്ലിലായുടെ
മൺ പെരുമയിലുണ്ട്..!
"പേങ്ങാട്ട് മഠവും തിരുവിതാംകൂറും "
(അറിയപ്പെടാത്ത ചരിത്രപ്പടവുകൾ)
....................................................................
"തിരുവിതാംകൂർ രാജ്യത്തിൻ്റെ
ഉളളാഴപ്പടവുകളിൽ "പെരും പേർ "
വിളങ്ങിയ ചരിത്ര മുദ്രയാണ്
നല്ലിലായിൽ ആസ്ഥാനമുറപ്പിച്ച
"പേങ്ങാട്ട് മഠം" നാടുവാഴികൾ..!"
മരുമക്കത്തായം പിൻതുടർന്ന
തിരുവിതാംകൂർ കൊട്ടാരത്തിലെ
"അമ്മാവൻ " (അമ്മോമൻ )
സ്ഥാനം" പേങ്ങാട്ട് മഠ"ത്തിനായി
കല്പിക്കപ്പെട്ടിരുന്നു..!
[സംഘകാല കവിയായ "അമ്മൂവനാർ"
ഈ കുല വഴിയിലെ പേർ വഴക്കമാണോ?]
നല്ലിലായിലെ 'പേങ്ങാട്ട് മഠ'ത്തെ
തിരുവിതാംകൂർ ചരിത്രത്തിൽ
പെരും പേരെഴുതി അടയാളപ്പെടുത്തുന്നത് ഈയൊരു
സ്ഥാനലബ്ധികൊണ്ട് മാത്രമല്ല..!
തിരുവിതാംകൂർ രാജ്യത്തിൻ്റെ
ഭൂവിസ്തൃതിയിൽ നാട്ടുരാജ്യം പൊലിച്ച
നാടുവാഴി കുലകൂടസ്ഥരായിരുന്നു
നല്ലിയാലെ പേങ്ങാട്ട് മഠം നാടുവാഴികൾ!
തിരുവിതാംകൂർ രാജ്യ വഴിയിൽ
കിഴക്ക് - പടിഞ്ഞാറ്, തെക്ക്-വടക്ക്
ദേശങ്ങളിലെല്ലാം പേങ്ങാട്ട് മഠത്തിൻ്റെ
ഭൂവിസ്തൃതിപ്പൊലിപ്പുണ്ടായിരുന്നു..!
"കുളത്തൂപ്പുഴ ", "നെടുമങ്ങാട് "
"വെമ്പായം " , "ഉള്ളൂർ ", "വഞ്ചിയൂർ "
''ആറ്റിങ്ങൽ " , "ചെങ്ങന്നൂർ "
"കൊറ്റംകുളങ്ങര "തൃക്കോവിൽവട്ടം"
"എഴുകോൺ " തുടങ്ങിയ
ദേശപ്പൊലിപ്പുകളിലെല്ലാം നല്ലില
ആസ്ഥാനമാക്കിയ"പേങ്ങാട്ട് മഠം"മെന്ന
"നാട്ടുരാജ്യ"ത്തിൻ്റെനീട്ടു കാണാം..!
വഞ്ചിയൂർ കോടതിയിരിക്കുന്ന സ്ഥലവും
പേങ്ങാട്ട് മഠം വകയായ അടിയധാര
രേഖയിലുണ്ട്..!
ഇവിടങ്ങളിൽ നിന്നെല്ലാം "മിച്ചവാരം "
മുറ മുറിയാതെ സ്വീകരിക്കുകയും
ചെയ്തിരിന്നു..!
ഇവയുടെയെല്ലാം
"അടിയാധാര രേഖകൾ " പേങ്ങാട്ട് മഠം
സംരക്ഷിച്ച് വരുന്നുമുണ്ട്..!
സ്വന്തമായി "റവന്യു മുദ്ര" ഉണ്ടായിരുന്ന
പെരിയ നാടുവാഴി സങ്കേതം
തന്നെയായിരുന്നു പേങ്ങാട്ടു മഠം..!
കൊല്ലം ജില്ലയിലെ " മുഖത്തല പെരുമാൾ
ക്ഷേത്ര "ത്തിലെ പ്രധാന ഊരായ്മക്കാർ
ആയിരുന്നു ഇവർ.
ഉദ്ദേശം എണ്ണായിരത്തോളം ഏക്കർ
വസ്തുവിൻ്റെ വിസ്തൃതിപ്പൊലിപ്പു -
ണ്ടായിരുന്ന പെരും നാടുവാഴികൾ..!
തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ
നൂറ്റാണ്ട് നീട്ടിയ ആഴടയാളമാണ്
പേങ്ങാട്ട് മഠം..!
ഈ നാടുവാഴി പ്രഭുക്കന്മാരുടെ
ആസ്ഥാന നാട്ടിടം എന്ന നിലയിൽ
"നല്ലില " കേരള ചരിത്രത്തിൻ്റെ
പെരുങ്കാല സങ്കേതമായി കാണാം!
(വിശദമായ വിവരങ്ങൾ
"നെടുമ്പനയുടെ അടിയാധാരം " എന്ന
പുസ്തകം ചർച്ച ചെയ്യുന്നുണ്ട്...)
ഇത്തരത്തിൽ
ചരിത്രത്തിൻ്റെ അതിബൃഹത്തായ
പിന്നൂക്കമുള്ള "പെരിയ ഊർ"തന്നെയാണ്
നല്ലില..!
ഇനി
"നല്ലിലാ" യുടെ സ്ഥലനാമ ചരിത്രം
പരിശോധിക്കാം:
"വയൽ സാനിധ്യം
മൺ ചുറ്റിലുണ്ടായതിനാൽ
" നല്ല ഏല"("നല്ല വയൽ " ) എന്ന പ്രയോഗം "നല്ലില "ആയി ചുരുങ്ങിയെന്നാണ്
നാടിൻ്റെ പൊതു മൊഴി..!
ഈ നിരീക്ഷണം പൂർണമായി
തള്ളാതെ മറ്റ് പരിശോധനയിലേക്ക്
കടക്കാം.!
നല്ലില എന്ന ദേശത്തിൻ്റെ നേർകിഴക്ക്,
സംഘകാല കൃതികളിൽ വാഴ്ത്തപ്പെടുന്ന
"വെളിയം " എന്ന പെരും പഴം ദേശം വാണ
"വേൾ വെളിയ "ൻ്റെ മകൾ "നല്ലിനി " യുടെ
നാട്ടുരാജ്യം എന്ന നിലയിൽ "നല്ലില "യെ
പെരുംകാല ചരിത്രത്തിൽ
ചാർത്തിയെടുക്കാനാകുമോ..!
ആദ്യത്തെ ചേര കുലരാജാവായ
"ഉതിയൻ " എന്ന അരചൻ്റെ ഭാര്യയാണ്
"നല്ലിനി ".
മാത്രവുമല്ല, ചേര കുലത്തിലെ ആദ്യ
"അമ്മ" സ്ഥാനവും "നല്ലിനി "യ്ക്കാണ്..!
ചേരരാജ്യ ചരിത്രവഴിയിലെ
"വേണാടി "ൻ്റെ മൺ നീട്ടിലിടം പെടുന്ന
"നല്ലില " എന്ന ദേശം
ഈ ചേര കുല റാണി, "നല്ലിനി " വാണു -
വിളങ്ങിയതാണോയെന്ന നിരീക്ഷണ-
ത്തിന് ചരിത്രത്തിൻ്റെ പെരുത്ത
പിൻതുണയുമുണ്ട്..!
" സംഘകാല കൃതികളിലൊന്നായ
"പത്തു പാട്ടി"ലെ തൃതീയകാവ്യമായ
"ചിറുപാണാറ്റുപട" യിൽ കാവ്യപ്പെടുന്ന
രാജാവായ "നല്ലിയക്കോടൻ "
വാണുലഞ്ഞ പെരും ദേശമായി
"നല്ലില" യെ എടുത്തെഴുതാനാകുമോ?
ഈ നിരീക്ഷണത്തിലും
ചരിത്രപ്പടവുകൾ കണ്ടേക്കാം.!
എന്നാൽ,
നല്ലിലയെ അതിൻ്റെ "മൺരൂപ"കാഴ്ചയെ
അടിസ്ഥാനമാക്കിയ പരിശോധനയ്ക്ക്,
ആദി ദ്രാവിഡ ഭാഷാപരമായി
നല്ലയിണക്കം ദൃശ്യപ്പെടുന്നതായി
കാണാം..!
"നല്ലി " എന്ന പദം = "ഉയർച്ച " യെ
എതിരേറ്റുന്നതായി വിവിധ മണ്ണിട
നാമങ്ങളിൽ പൊലിയുന്നുണ്ട്..!
ഈ "നല്ലി "മൊഴി ദോഷത്താൽ
" നെല്ലി" ആകുന്നതും നാട്ടിട
മൺ പൊലിപ്പുകളിലുണ്ട്..!
"നല്ലി " ആകാം "നെല്ലി " ആയത് !
കാരണം,
പഴന്തമിഴ് കാവ്യങ്ങളായ സംഘകാല
കൃതികളിലെല്ലാം "നല്ലി "പ്രയോഗങ്ങളുണ്ട്;
"നെല്ലി" ദൃശ്യപ്പെടുന്നില്ല..!
രണ്ട് വയലുകൾക്കിടയിൽ ഉയർന്ന്
നിൽക്കുന്ന "മൺപ്പൊലിപ്പാ"ണ് നല്ലില!
ഈ മൺകാഴ്ച മനസിൻ വച്ചിട്ട് വേണം
ഇനി വരുന്ന നാട്ടിട നാമങ്ങളെ കാണാൻ.!
നെടുമങ്ങാടുള്ള ഒരു ചെറു നാട്ടിടമാണ്
"നല്ലിക്കുഴി"
കോട്ടയം ജില്ലയിലെ മറ്റൊരു
ചെറു മണ്ണിടമാണ് "നല്ലിച്ചിറ "
കൊല്ലം ചക്കുവരയ്ക്കലിലെ വേറൊരു
മണ്ണിടമാണ് "നല്ലിക്കുന്ന് "
തിരുവനന്തപുരം "വെള്ളറട "
പഞ്ചായത്തിലും കോതമംഗലത്തും
"നല്ലിക്കുഴികൾ" കാണാം.
ഉയർന്ന മണ്ണിടങ്ങളിലെ "ചിറ "യും
"കുഴി"കളുമാണ് ഈ നാട്ടുനാമങ്ങളി-
ലെല്ലാം ദൃശ്യപ്പെടുന്ന സ്ഥലനാമ പൊരുൾ
എന്ന് വ്യക്തം.!
തമിഴ്നാട്ടിൽ "വിരുതനഗർ "ജില്ലയിലെ
"നല്ലി " എന്ന ദേശം കേരളം ഉൾപ്പെട്ട
പഴന്തമിഴ് ഭൂവിസ്തൃതിയിലെ
ആദി ദ്രാവിഡ പദമുദ്രയെയാണ്
വെളിവാക്കുന്നത്...
ഇങ്ങ് സേലത്ത് ഈ "നല്ലി "ചേർന്ന്
"നല്ലിക്കുഴി" ആയ നാട്ടിടവും കാണാം!
അതായത്,
വയലുകളോട് ചേർന്നൊട്ടി"ഉയർന്ന
മണ്ണ് "ആണ് നല്ലിലായിലെ "നല്ലി "!
നല്ലി = ഉയർന്നത് എന്ന് പൊരുൾ.
നല്ലിലായിലെ "നല്ലി " വ്യക്തമായി!
ഇനി രണ്ടാം ഘടകപദമായ "ഇല"
എന്താണെന്ന് നോക്കാം.
"ഭൂമി", "ഭൂപ്രദേശം " എന്നെല്ലാം
അർത്ഥമുള്ള രണ്ട് ആദി ദ്രാവിഡ
പദങ്ങളാണ് "ഇലി", "ഇലം" എന്നിവ.
"ഉയർന്നത് " എന്നർത്ഥമുള്ള
"നല്ലി "യോട് "ഇലം " ചേർന്നപ്പോൾ
"നല്ലില " യായി..!
നല്ലി = ഉയർന്നത്
ഇലം = ഭൂമി
( "ഇലം "ചൊല്ലിൽ "ഇല" ആകും)
അപ്പോൾ,
" ഉയർന്ന ഭൂമി" എന്ന അർത്ഥത്തിൽ
നല്ലി + ഇല= നല്ലില" ആയി എന്ന് കാണാം.
നല്ലില യ്ക്ക് നേർ വടക്ക് കാണുന്ന
" നെല്ലിമുക്ക് " = "നല്ലിമുക്ക് " ആണ്.
"തളവൂർകോണം"(താണയിടം ) എന്ന
വയലിടത്തിൽ നിന്ന് അതിരിട്ട്
ഉയർന്ന് നിൽക്കുന്ന മൺപ്പൊലിപ്പാണ്
"നെല്ലിമുക്ക് ".
നല്ലിലാ യുടെ മൺ നീട്ടിലെ
"നാലിലക്കാവ് " എന്ന മണ്ണിടപ്പൊരുളിലും
ഈ "ഉയർച്ച " ദൃശ്യപ്പെടുന്നുണ്ട്!
നാല് + ഇല + കാവ്
"നാല് " = "ഞാലുന്നത് ".
"ചാഞ്ഞ് നിൽക്കുന്നത് " എന്നർത്ഥതം.
"ചാഞ്ഞുയർന്ന ഭൂമി" എന്ന് പൊരുൾ!
മുകളിൽ സൂചിപ്പിച്ച
"പേങ്ങാട്ട് " എന്നതിലും "ഉയർച്ച "കാണാം.
"വയലൊട്ടി ഉയർന്ന മണ്ണിടം"എന്ന
ശരിയായ പൊരുളാണ് "പേങ്ങാട്ട് "
"പേറ, പേയറ " എന്നിവ,
പേങ്ങാട്ടിൻ്റെ മറ്റ് രണ്ട് രൂപങ്ങളാണ്.
വയൽ നീട്ടുള്ള കേരളത്തിൻ്റെ മിക്ക
നാട്ടിടങ്ങളിലും "പേങ്ങാട്ട് " കാണാം.
റാന്നി താലൂക്കിൽ "വടശേരിക്കര "യിൽ
കല്ലാറിൻ്റെ തീരത്ത് "പേങ്ങാട്ട് " ഉണ്ട്.
"പേരങ്ങാട്ട് " ആണ് "പേങ്ങാട്ട് " ആയത് !
"പേര "യുടെ ശരി രൂപം "പേറ" ആണ്.
പേ+ അറ= പേറ
പേ= കുന്ന്, അറ= വയൽ
"പേറങ്ങാട്ട്, പേരങ്ങാട്ട് "ആകും
"പേറ(ര) ങ്ങാട്ട് ".
(" റ "കാരം "ര"കാരം
ആകാൻ വലിയ തടസ്സങ്ങളില്ല )
റാന്നിയിൽ തന്നെ "പേങ്ങാട്ട് " എന്ന
നദീതീര മണ്ണിടത്തിന് (വയലിടം ) നേർ
പടിഞ്ഞാറ് " റാന്നി "യിൽ "പേരങ്ങാട്ട് "
വീട്ടു നാമമായി അടയാളപ്പെട്ട് കാണാം.
അടൂർ, ആറന്മുള എന്നിവിടങ്ങളിലെല്ലാം
" പേരങ്ങാട്ട് " വയലിടത്തോട്( നദി)ചേർന്ന
ഉയർച്ചയായി കിടപ്പുണ്ട്..!
"പേ" = എന്നത് "ഉയരം " എന്ന പൊരുൾ
മുദ്രണം ചെയ്ത നാട്ടിടങ്ങളാണ്:
പത്തനംതിട്ട ജില്ലയിൽ "ആനിക്കാട് "
എന്ന നാട്ടിടത്തോട് ചേർന്ന് "പേക്കുഴി"
ഉണ്ട്.
ആലുവ "ചൂരണിക്കര "വില്ലേജിലും
"പേക്കുഴി" അടയാളപ്പെട്ട് കിടപ്പുണ്ട്!
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൂടി
ഒഴുകുന്ന " പെരുവമ്പപ്പുഴ " യുടെ
ഉദ്ഭവസ്ഥാനമായ "പേക്കുന്നും "
ആലപ്പുഴ " വള്ളിക്കുന്ന "ത്തെ
"പേച്ചിറ വയ"ലും കൊല്ലം ജില്ലയിൽ
മൺറോത്തുരുത്തിലെ "പേത്തറ "യും
"പേ" എന്നതിലെ "കുന്നഴകു "കളാണ്..!
അതായത്,
നല്ലിലായിലെ "പേങ്ങാട്ട് " എന്നത്
നല്ലിലായിലെ വയലൊട്ടിയ ഉയർന്ന
മൺ പൊലിപ്പെന്ന് സാരം..!
ഈ
അർത്ഥ കല്പനയാണ്
തിരുവിതാംകൂറിൻ്റെ ചരിത്രമുദ്ര പതിഞ്ഞ
"പേങ്ങാട്ട് നാടുവാഴി പ്രഭുക്കൾ "
വാണയിടം എന്ന നിലയിൽ
പെരും പേരുറച്ച "നല്ലില" യുടെ
മൺപ്പൊലിപ്പിലും ദൃശ്യപ്പെടുന്നത്..!!
(അധിക വായനയ്ക്ക്:
"നെടുമ്പനയുടെ അടിയധാരം " കാണുക.)
നമസ്കാരം
അടുത്ത ലക്കത്തിൽ:
ശാസ്താവിൻ്റെ പ്രതിഷ്ഠാ സങ്കല്പമുള്ള
"പഴങ്ങാല"ത്തിന് "പളനിമല "യുമായി
എന്തെങ്കലും ബന്ധമുണ്ടോ..?
ഇക്കാര്യം
അടുത്ത ലക്കത്തിൽ " പഴങ്ങാലം " എന്ന
സ്ഥലനാമ ചരിത്ര പഠനം ചർച്ച ചെയ്യുന്നു.............................................................................
-പുനവൂർ സജീവ് -
90 74 22 28 42..............................................................................