26/07/2026
#ജില്ലാ_പഞ്ചായത്തിന്റെ_മൾട്ടി_ജിംനേഷ്യത്തിന്_കരുത്തായി_എസ്പിസി_ജിം_ട്രെയിനർമാർ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിന് അനുവദിച്ച അത്യാധുനിക മൾട്ടി ജിംനേഷ്യത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കേഡറ്റുകൾക്കുള്ള പ്രത്യേക പരിശീലനം പൂർത്തിയായി.
മൾട്ടി ജിംനേഷ്യത്തിന്റെ ഉപകരണങ്ങൾ സുരക്ഷിതമായും ശാസ്ത്രീയമായും ഉപയോഗിക്കുന്നതിനും, വ്യായാമരീതികൾ ശരിയായി പരിശീലിപ്പിക്കുന്നതിനും, ജിമ്മിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായാണ് എസ്.പി.സി. കേഡറ്റുകൾക്ക് പ്രത്യേക പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി. ജിം ട്രെയിനർമാരുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഘട്ടംഘട്ടമായി ശാരീരികക്ഷമതാ പരിശീലനം ലഭ്യമാക്കും.
ദേശീയ കിക്ക് ബോക്സിങ് താരവും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുമായ അതുൽ ജി. പി യാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ജിം ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, വ്യായാമങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, വാമപ്പ്-കൂൾഡൗൺ രീതികൾ, അടിസ്ഥാന ഫിറ്റ്നസ് പരിശീലനം എന്നിവയിൽ കേഡറ്റുകൾക്ക് പ്രായോഗിക പരിശീലനം നൽകി.
വിദ്യാർത്ഥികളിൽ ശാരീരികക്ഷമത, അച്ചടക്കം, നേതൃത്വപാടവം, സേവന മനോഭാവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് മൾട്ടി ജിം പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയ കേഡറ്റുകൾ സ്കൂളിലെ ജിംനേഷ്യത്തിന്റെ പ്രവർത്തനങ്ങൾ ക്രമബദ്ധമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കും
ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഈ സംരംഭം സ്കൂളിലെ കായിക-ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുന്നതിനും സഹായകമാകുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.