07/05/2026
LDF ന് ഉണ്ടായ പരാജയം കടുത്തതാണ്.
തരം പോലെ കളിച്ച് UDF പാകപ്പെടുത്തിയ വർഗീയ ധ്രൂവീകരണവും നുണകളും ,
ഒരു കാര്യവുമില്ലെങ്കിലും ഒരു മാറ്റം വരട്ടെയെന്നും ഇല്ലെങ്കിൽ ഇടതുപക്ഷം തകരുമെന്നുമുള്ള തീറ്റി കൂടി പോയിട്ട്
ട്എല്ലിൻ്റെയിടയിൽ കുത്തുന്ന മദ്ധ്യവർഗ മനോഭാവവും എല്ലാം കാരണമാണ്.
അതിനേക്കാൾ അപകടം LDF ൻ്റെ നേതൃത്വമായ CPIM ൻ്റെ അടിത്തറയിലുണ്ടായി കൊണ്ടിരിക്കുന്ന ആലസ്യവും തകർച്ചയുമാണ്.
ബ്രാഞ്ചുകൾ കടലാസിലായി.
LC കൾ ആണ് ഫലത്തിൽ ബ്രാഞ്ചുകൾ. ഒപ്പം അധികാരത്തിൻ്റെ തണലിൽ പലതും നേടാൻ വേണ്ടി മാത്രം പാർടി നേതൃത്വങ്ങളെ വരെ നിയന്ത്രിക്കാൻ കഴിയുന്നവർ അകത്തും പുറത്തും ധാരാളമായി.
സ്വന്തം നാട്ടിലെ ഓരോരുത്തരും എങ്ങിനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാൻ തക്ക നാടുമായി ബന്ധമുള്ള തലമുറ ഇല്ലാതായി കൊണ്ടിരിക്കുന്നു.
അമിത ആത്മവിശ്വാസം. വിമർശനങ്ങളോട് അഹന്ത നിറഞ്ഞ പ്രതികരണങ്ങൾ ....
തെരഞ്ഞെടുപ്പിന് മുന്നോടിയായി തീരുമാനിച്ച ഭവനസന്ദർശനം പൂർണമായും പാളിയപ്പോഴും ഓരോ ഘട്ടത്തിലും ബ്രാഞ്ചു മുതൽ മേലോട്ട് നൽകുന്ന റിപ്പോർട്ടുകളും കണക്കുകളും വസ്തുതയല്ല എന്നറിഞ്ഞു കൊണ്ട് തന്നെ മുകളിലത്തെ ഓരോ ഘടകവും തങ്ങളുടെ വക ഒരു കൂട്ടിച്ചേർക്കൽ കൂടി വരുത്തുന്നത് പതിവായി.
ഇവയൊന്നും കഴിഞ്ഞ 5 വർഷം കൊണ്ടുണ്ടായ പ്രതിഭാസമല്ല.
ഇത് പാർടിയുടെ പരാജയമാണ്..
പിണറായി വിജയൻ നയിച്ച LDF സർക്കാരിൻ്റേതല്ല. അത് കാലം തെളിയിക്കും.
അടിമുടി തിരുത്തിയില്ലെങ്കിൽ ബംഗാൾ കേരളത്തിലും ആവർത്തിച്ചേക്കാം.
ഇന്ന് കണ്ട ഏറ്റവും പ്രസക്തമായ മൂന്ന് പോസ്റ്റ്കൾ - സ. M. സ്വരാജ്, ബിനീഷ് കൊടിയേരി, ദീപക് പച്ച എന്നിവരുടെ കുറിപ്പുകൾ ചുവടെ ചേർക്കുന്നു
അനർഹമായ ഒരു പരാജയം.
കനത്ത പരാജയമാണ് എൽ ഡി എഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി.
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് .
എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല .
നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിൻ്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടർമാർ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.
"രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ "
എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം .
പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം .
എന്നാൽ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല.
യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും .
തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.
കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട് .
തുടർന്നും നാടിനും ജനങ്ങൾക്കുമായി ഉറച്ചു നിൽക്കും. പോരാടും.
തോൽവിയിൽ നിന്നും ഊർജ്ജം സ്വീകരിക്കും.
ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ.
(M . സ്വരാജ് )
“പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല.
ചില നഷ്ടങ്ങൾ നികത്താനാവില്ല”.
സഖാക്കൾ ഇപ്പോൾ പങ്കുവെച്ച ഒരു വാചകമാണ്..
“ഞാൻ” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല.
ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ ഉള്ളതാണ് , പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകൾ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികൾ ഉൾപ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ് . അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം ; അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്.
ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാം ആയി തോറ്റാൽ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി രീതി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ
കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ്
അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്
അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്,
വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം ; ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി നമ്മൾ മുന്നോട്ട് പോകും.
ജനങ്ങൾക്കൊപ്പം നിന്ന് നമ്മൾ തിരിച്ചു വരും
സഖാക്കളെ മുന്നോട്ട്
(ബിനീഷ് കൊടിയേരി)
ഇടതുപക്ഷം നേരിട്ടത് വലിയ അപ്രതീക്ഷിത തോൽവിയാണ്. എന്റെ ജനറേഷനിൽ പെട്ടവർ സിപിഐഎം ന്റെ ഇങ്ങനെയൊരു തോൽവി നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടിട്ടില്ല. സ്വാഭാവികമായും ചെറിയ നിരാശയുണ്ട്. പക്ഷേ ആ നിരാശയെ എല്ലാം രാഷ്ട്രീയപ്രവർത്തനം കൊണ്ട് മറികടക്കാവുന്നതേ ഉള്ളൂ.
പക്ഷേ ഇത്തരം അപ്രതീക്ഷിതമായി തിരിച്ചടികൾ ഇടതുപക്ഷം മുൻപും നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജ്യത്ത് എല്ലായിടത്തും കോൺഗ്രസ്സ് തോറ്റപ്പോൾ കേരളത്തിൽ മാത്രം അവർ ജയിച്ചു. അന്ന് സിപിഎം ന് കിട്ടിയത് വെറും 17 സീറ്റാണ്. മുന്നണിക്ക് 29 സീറ്റും. അവിടെ നിന്ന് പിന്നെയും പല തിരഞ്ഞെടുപ്പുകൾ ഇടതുപക്ഷം ജയിച്ചു. രണ്ടു തവണ തുടർച്ചയായി കേരളം ഭരിച്ചു.
അതുകൊണ്ട് ഈ തോൽവി എന്തിന്റെയെങ്കിലും അവസാനമല്ല.
പലവിധ വെല്ലുവിളികൾ ഇടതുപക്ഷത്തെ സംബന്ധിച്ച് കേരളത്തിലുണ്ട്. അത് പലതും ഈ കാലത്തിന്റെ സങ്കീർണ്ണതകൾ കൂടി ചേർന്നതാണ്. അതിനെയെല്ലാം ആഴത്തിൽ പരിശോധിച്ച് മുന്നേറേണ്ടതുണ്ട്.
ഇതിനെയെല്ലാം മറികടന്ന് ഇടതുപക്ഷം തിരിച്ചു വരിക തന്നെ ചെയ്യും.
❤️🌹