04/03/2024
...
ആർസിസിയിലേക്ക് പോകാൻ ഉൾപ്പെടെ രാജ്യറാണിയിൽ തിരുവനന്തപുരത്തേക്കു തിരിക്കുന്നവർക്ക് കൊച്ചുവേളിയിൽ ഇറങ്ങേണ്ട. നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ഒന്ന് മുതൽ നാഗർകോവിൽ കണക്‌ഷൻ ട്രെയിൻ ആയി സർവീസ് തുടങ്ങി. തിരുവനന്തപുരം യാത്രക്കാർക്ക് കൊച്ചുവേളിയിൽ ഇറങ്ങി ബസ്, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇതോടെ ഒഴിവായത്. നേരിട്ട് തിരുവനന്തപുരത്തേക്കോ നാഗർകോവിൽ വരെയോ, തിരിച്ചോ യാത്ര ചെയ്യാം.
തിരുവനന്തപുരത്തേക്ക് റിസർവ് ചെയ്യുമ്പോൾ രാജ്യറാണി കൊച്ചുവേളി എന്നാണ് കാണിക്കുകയെങ്കിലും ഈ ടിക്കറ്റിൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാം. തിരിച്ച് നാഗർകോവിലിൽ നിന്നോ, തിരുവനന്തപുരത്തുനിന്നോ നേരിട്ട് നിലമ്പൂർവരെയും റിസർവ് ചെയ്യാം. കൊച്ചുവേളിയിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ട്. നാഗർകോവിൽ-തിരുവനന്തപുരം വണ്ടി വൈകിട്ട് 6.20ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 7.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. അവിടെനിന്ന് 7.58ന് പുറപ്പെട്ട് 8.20ന് കൊച്ചുവേളിയിൽ എത്തും. തുടർന്ന് 9ന് നിലമ്പൂർക്ക് പുറപ്പെടും. നിലമ്പൂരിൽനിന്ന് രാത്രി പുറപ്പടുന്ന എക്‌സ്പ്രസ് പുലർച്ചെ 5.30 നാണ് കൊച്ചുവേളിയിൽ എത്തുക.6.30ന് കൊച്ചുവേളിയിൽനിന്ന് കൊച്ചുവേളി-തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് സർവീസ് പുറപ്പെട്ട് 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.