18/08/2026
#ഗൗരി_67
മുന്നിൽ ഗൗരിയും, നടുവിൽ ദീപുവും, തൊട്ടുപിന്നിൽ രജനിയുമായി അവർ കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു. മനസ്സിൽ അപ്പോഴും കുട്ടിക്കാലത്തെ ആ വലിയ നെൽപ്പാടവും വരമ്പും ഒക്കെ ആയിരുന്നെങ്കിലും, ഇപ്പോൾ തങ്ങൾ നടക്കുന്നത് മൂന്നു മീറ്റർ വീതിയുള്ള ഒരു ടാറിട്ട റോഡിലൂടെയാണ്!
താൻ ഇന്ത്യയുടെ പല കോണുകളിലും പല എക്സ്പ്രസ്സ് വേകളിലൂടെയും യാത്ര ചെയ്തിട്ടുണ്ടെങ്കിലും, സായംസന്ധ്യയിൽ അസ്തമനസൂര്യന്റെ ചെങ്കിരണങ്ങളേറ്റ് സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ആ കൊയ്തുകഴിഞ്ഞ നെൽപ്പാടവും, അതിനു നടുവിലൂടെ നീണ്ടുപോകുന്ന ആ വരമ്പുമായിരുന്നു എന്നും ദീപുവിന്റെ മനസ്സിൽ. ആ ഭംഗി എന്നും അങ്ങനെതന്നെ കാണണമെന്നായിരുന്നു അവന്റെ ആഗ്രഹം.
പണ്ട് താൻ റിജോയോടൊപ്പം ക്രിക്കറ്റ് കളിക്കാനെത്തിയ ആ ക്രീസിന് മുകളിലിപ്പോൾ ഗൾഫ് രാജ്യങ്ങളുടെ പണത്തിന്റെ സകല പ്രൗഢിയോടെയും ഒരു വലിയ ആഡംബര വീട് നിലകൊള്ളുന്നു! പുഴയ്ക്ക് ഇരുപുറവും വീടുകളുടെ നീണ്ട നിരയാണ്. പുഴയരികിലെ പഴയ വരമ്പ് ഇന്ന് റോഡായി മാറിയിരിക്കുന്നു. പുഴയിൽ നിന്നും ചളിയും മണ്ണും വാരി കരയാക്കിയതിന്റെ ദേഷ്യം, ദീപുവിനെ കണ്ടപ്പോൾ ആ പുഴ പരിഭവം പറയുന്നത് പോലെ അവന് തോന്നി.
പണ്ട് കൂട്ടുകാരോടൊപ്പം എത്രയോ തവണ ഇവിടെ അവൻ നീന്തിത്തുടിച്ചതാണ്! ഇപ്പോഴും വെള്ളമുണ്ട്, കൂടുതൽ ശക്തിയായി ഒഴുകുന്നുമുണ്ട്... എങ്കിലും എന്തോ, ആ പഴയ ഭംഗി തോന്നുന്നില്ല. സാഹിത്യ സൃഷ്ടികൾ ഉറവപൊട്ടിയൊഴുകാൻ മനസ്സിനെ ആവാഹിക്കുന്ന ആ പഴയ ആത്മാവ് അതിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.
അന്ന് ഗൗരിയെ ഒരുനോക്ക് കാണാൻ ചങ്കിടിപ്പോടെ താൻ നടന്നുനീങ്ങിയ വഴിയും പുഴയുമാണിത്! ഏറ്റവും കൗതുകത്തോടെ വരികയും, പലപ്പോഴും അവളെ കാണാൻ കഴിയാതെ ഉദാസീനനായി തിരിച്ചുപോവുകയും ചെയ്ത ആ വഴി... അന്ന് സങ്കടത്തോടെ മടങ്ങുമ്പോൾ തന്റെ മനസ്സിന്റെ ഭാരം മുഴുവനും ഇറക്കി വയ്ക്കാൻ ശ്രമിച്ചത് ഈ പുഴയോടും അതിലെ മീനുകളോടുമാണ്. ഇപ്പോൾ ആ വികാരങ്ങളേറ്റ് വാങ്ങുവാനുള്ള സഹിഷ്ണുത പുഴയ്ക്കും ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ശക്തമായി ഒഴുകുകയാണ്... അന്ന് കാലത്തെപ്പോലെ പുഴയോരത്തെ കുളിർകാറ്റുമേറ്റ്, മനസ്സിന്റെ വിങ്ങലും വേദനയും പങ്ക് വച്ച് പുഴക്കരയിലെ പൂഴിമണലിൽ ഇരുന്ന് ചിത്രം വരച്ച്, പ്രണയവും പരിഭവവും പറയാൻ ആരും വരാതെ അവൾക്കും ഇപ്പോൾ അതൊരു ശീലമായിട്ടുണ്ടാവാം. എങ്കിലും, നീ ഇപ്പോഴും എന്റെ ആ പഴയ പുഴതന്നെയാണ്...
ദീപു ഗൗരിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് വലിയ വികാരങ്ങളൊന്നുമില്ലായിരുന്നു. ഈ വയൽ നികന്ന് റോഡും വീടുകളും വന്നതിനു ശേഷവും അവൾ പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്. അമ്മയുടെ വിയോഗവും ഏട്ടന്റെ അകാലമരണവുമെല്ലാം അറിഞ്ഞ് അവൾക്ക് ഓടിയെത്തേണ്ടി വന്നതും ഈ വഴിയിലൂടെത്തന്നെയായിരുന്നു.
"അന്ന് നിനക്ക് ഞാൻ ആദ്യമായി പ്രേമലേഖനം തരുമ്പോൾ നീ ഈ കടവിൽ തുണി കഴുകുകയായിരുന്നു... ഓർമ്മയുണ്ടോ?" ദീപു ചോദിച്ചു.
ഗൗരി നാണത്തോടെ ചിരിച്ചു.
"അപ്പോൾ നിന്റെ ചിറ്റ വീട്ടിൽ നിന്നും പുറത്തേക്ക് വന്നു. നീ പേടിച്ച് എന്റെ കത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു! അതിനു ശേഷം എന്തുണ്ടായി...? പിന്നീട് ഇതുവരെ ചോദിക്കാൻ അവസരം കിട്ടിയില്ല...
വീട്ടിൽ ചെന്നപ്പോൾ തല്ലു കിട്ടിയോ?"
ഗൗരി അത് കേട്ട് മനസ്സുതുറന്ന് പൊട്ടിച്ചിരിച്ചു...
ഇപ്പോഴും അവളുടെ ആ ചിരി തനിക്കെത്ര ഇഷ്ടമാണ്! ദീപു സ്വയം ചോദിച്ചുപോയി.
ഗൗരിയുടെ ചിരി കണ്ടപ്പോൾ രജനിയും അതിൽ പങ്കുചേർന്നു: "പറ ചേച്ചീ... തല്ലു കൊണ്ടോ?"
"ഏയ് ഇല്ല... തല്ലൊന്നും കൊണ്ടില്ല പക്ഷേ, ആ കത്ത് അന്ന് അപ്പോൾത്തന്നെ എറിഞ്ഞില്ലായിരുന്നെങ്കിൽ ഉറപ്പായും തല്ലുകൊണ്ട് എന്റെ എല്ലൊടിഞ്ഞേനേ പക്ഷേ ഞാൻ ഒരുപാട് പേടിച്ചുപോയി!" ഗൗരി വീണ്ടും ചിരിച്ചു.
തങ്ങളുടെ വീടിന്റെ പരിസരത്ത് അപരിചിതരായ ആളുകളെ കണ്ട്, മതിലിന് ഇരുപുറവും നിന്ന് അയൽവാസികൾ കുശുകുശുക്കാൻ തുടങ്ങിയപ്പോഴാണ് യാഥാർത്ഥ്യബോധം അവരിൽ വീണ്ടും ഉണർന്നത്!
തങ്ങളുടെ മനസ്സിനുള്ളിൽ നഷ്ടപ്പെട്ടുപോയ ആ ബാല്യവും പ്രണയവും, അതിന്റെ വേരുകൾ തേടിയുള്ള ഈ യാത്രയുമൊക്കെ അനുഭവിക്കുന്നത് തങ്ങളുടെ മനസ്സുകൾ മാത്രമാണ്. സ്വന്തം മനസ്സിന്റെ നാലുചുവരുകൾക്കപ്പുറത്ത്, തങ്ങളിന്ന് വെറും അപരിചിതരാണ്! പണ്ട് താൻ കണ്ടതും പരിചയിച്ചതുമായ ഒരാളെപ്പോലും അവിടെ കണ്ടെത്താൻ കഴിയില്ലെന്ന് ഗൗരിയും മനസ്സിൽ വിങ്ങലോടെ ഓർത്തു.
കർക്കിടകമഴ കഴിഞ്ഞാൽ, വരമ്പിന് മുകളിൽ വെള്ളം നിറഞ്ഞ് ഒരു അനന്തമായ സാഗരം കണക്കെ കിടക്കുന്ന പാടശേഖരം. അപ്പോൾ തന്റെ നീളൻ പാവാട കണങ്കാൽ വരെ ഉയർത്തിപ്പിടിച്ച്, നാളിതുവരെ നെഞ്ചിലേറ്റിയ ആ വലിയ വരമ്പിന്റെ വീതിയും വളവും ഒക്കെ ലക്ഷ്യം മനസ്സിൽ വച്ച് എത്രയോ കാലവർഷങ്ങൾ കടന്നുപോയിരിക്കുന്നു. എത്രയോ നാളുകൾ അവൾ സ്കൂളിലേക്ക് നടന്ന വഴിയാണിത്!
"അന്ന് ഈ വഴികളെയും പാടങ്ങളെയും ഇത്രമേൽ സുന്ദരമാക്കിയത് നിന്റെ ആ സാന്നിധ്യമായിരുന്നു ഗൗരീ... അതിന് സംഗീതം പകർന്നത് നിന്റെ കാലിലെ പാദസരത്തിന്റെ മധുരമുള്ള കിലുക്കവും, അതിന് സുഗന്ധം പകർന്നത് നിന്റെ മുടിയിലെ മുല്ലപ്പൂവുമായിരുന്നു..." ദീപു മനസ്സിൽ പതുക്കെ വിതുമ്പി.
ആ നാട്ടുകാരിലൂടെ അവർ വീണ്ടും 'വർത്തമാനകാലത്തിലേക്ക്' വന്നിരിക്കുകയാണ്.
"വീട്ടിലേക്ക് പോകണ്ടേ?" പത്തു ചുവടുകൾക്കപ്പുറമുള്ള ഗൗരിയുടെ പഴയ വീട് മനസ്സിൽ ഓർത്തുകൊണ്ട് ദീപു ചോദിച്ചു.
"വേണ്ട... അമ്മയും ചേട്ടനും പോയതിൽപ്പിന്നെ അവിടെ താമസിക്കുന്ന അനുജനും നാത്തൂനും ഞാൻ വെറുമൊരു അധികപ്പറ്റാണ്. പോരാത്തതിന് നമ്മൾ രണ്ടുപേരെയും നമ്മുടെ പഴയ ബന്ധവും നേരിട്ടറിയുന്ന അനുജന്റെ കണ്ണിൽ നമ്മൾ ഇപ്പോഴും പഴയ ആ കാമുകീ-കാമുകന്മാരായിത്തന്നെ മാറും! അത് ആ വീട്ടിൽ പുതിയ സംസാരങ്ങൾക്ക് ഇടവരുത്തും. ഒരുപക്ഷേ, ഏതെങ്കിലും വിധേന അത് എന്റെ ഭർത്താവിന്റെ ചെവിയിലുമെത്തും... വേണ്ട ദീപു, നിന്റെ മനസ്സിന്റെ സന്തോഷത്തിനുവേണ്ടി മാത്രമാണ് ഞാൻ ഈ യാത്രയ്ക്ക് സമ്മതിച്ചത്."
"ചേച്ചിക്ക് പോകാൻ താല്പര്യമില്ലെങ്കിൽ നമുക്ക് തിരികെ പോകാം ദീപുവേട്ടാ... നിർബന്ധിക്കണ്ട," രജനി പറഞ്ഞു.
ദീപുവും രജനിയും തിരികെ നടക്കാൻ തുടങ്ങി. ഗൗരി അവരോടൊപ്പം നടന്നുകൊണ്ട് തുടർന്നു:
"ഇപ്പോൾ നിനക്കൊരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും ദീപു... നമ്മൾ മനസ്സിൽ ഏതൊരു വികാരവും ആത്മീയ വിശുദ്ധിയോടെ സൂക്ഷിച്ചു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, യാഥാർത്ഥ്യം നമ്മിൽ നിന്നും ഒരുപാട് അകലെയായിരുന്നു! ഞാൻ നിന്നെ പ്രണയിക്കേണ്ട സമയത്ത് വീട്ടുകാരെയും നാട്ടുകാരെയും ഭയന്നു. പ്രണയം മനസ്സിൽ തോന്നിത്തുടങ്ങിയപ്പോഴേക്കും നീ പുറംനാട്ടിലേക്ക് പോയി. പിന്നെ കേൾക്കുന്നത് നിന്നെക്കുറിച്ചുള്ള മോശം വാർത്തകളായിരുന്നു. അതിനുശേഷം നിന്നെക്കുറിച്ച് വീട്ടിൽ പറയാനോ, നമ്മുടെ ഒരു ആലോചനയെക്കുറിച്ച് ചിന്തിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല. ഒടുവിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആലോചന വന്നു. വീട്ടുകാർക്ക് അത് ഇഷ്ടപ്പെട്ടു, അവർ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു... ഇന്നും അതിന്റെ ദുരന്തം അനുഭവിക്കുന്നു!"
കണ്ണിൽ നിന്നും പുറത്തേക്ക് വന്ന രണ്ടുതുള്ളി കണ്ണുനീർ തുടച്ചുകൊണ്ട്, രജനിയെ ചേർത്തുപിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു...
"ഇവളായിരുന്നു നിനക്ക് വേണ്ടിയിരുന്നത് ദീപു! ഇവളെ നിനക്ക് കിട്ടി... ഇവൾക്കുവേണ്ടിയാണ് നീ ആ മോശമായ അവസ്ഥയിൽ ജീവിക്കേണ്ടി വന്നതും അതിൽ നിന്നും നീ കരകയറിയതും, എന്നിൽ നിന്നും അകന്നതും. കാലം നിനക്ക് വേണ്ടി കരുതിവച്ച ഇവളെ മാറ്റിനിർത്തി നീ എന്നെക്കുറിച്ച് ചിന്തിച്ചു എന്ന് പറയുമ്പോൾ എനിക്ക് വലിയ വിഷമം തോന്നുന്നു. ഈ മുത്ത് നിനക്ക് കിട്ടിയ നിധിയാണ്!"
ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ രജനിയെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു.
"നിന്നെ ഒരിക്കൽപ്പോലും ഞാൻ കുറ്റപ്പെടുത്തുകയോ മനസ്സിൽ നിന്നും അകറ്റിനിർത്തുകയോ ചെയ്തിട്ടില്ല രജനീ... കഥ എഴുതി വന്നപ്പോൾ ഗൗരി എന്നിലേക്ക് ഒരു തിരമാല പോലെ അലയടിച്ചുയരുകയായിരുന്നു! അത് പിന്നീട് ഒരു ഭ്രാന്ത് പോലെ ആയിപ്പോയി. പേടിക്കണ്ട ഇപ്പോൾ എല്ലാം നിയന്ത്രണത്തിലാണ്..."
"യാഥാർത്ഥ്യങ്ങളെല്ലാം ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. എനിക്ക് മുന്നോട്ട് ജീവിക്കാൻ അതിയായ ആഗ്രഹമുണ്ട്... നിന്നോടൊപ്പം ഇരുന്നും നിന്നും സംസാരിച്ചും കൊതി തീരുന്നില്ല മോളേ..." ഗൗരി രജനിയെ വാത്സല്യത്തോടെ ചേർത്തുനിർത്തി അവളുടെ കവിളിൽ ഉമ്മവെച്ചു.
"നമുക്ക് പോകാം... വീട്ടിൽ അയാൾ കാര്യങ്ങൾ എന്തൊക്കെ അവസ്ഥയിലാക്കി വെച്ചിട്ടുണ്ടാവുമോ എന്തോ?"
അത് പറയുമ്പോൾ ഗൗരിയുടെ മുഖം വല്ലാതെ വികൃതമാകുന്നത് രജനിയും ദീപുവും നേരിട്ടു കണ്ടു. ഒട്ടും ആഗ്രഹമില്ലാത്ത ഒരിടത്തേക്ക്, ഒരു കശാപ്പുശാലയിലേക്ക് സ്വയം നടന്നുചെല്ലേണ്ടിവരുന്ന നിസ്സഹായയായ ഒരു പശുക്കുട്ടിയുടെ ഭാവമായിരുന്നു ആ നിമിഷം ഗൗരിയുടെ മുഖത്ത്!
അകലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഡ്രൈവറെ ദീപു കൈവീശി വിളിച്ചെങ്കിലും കണ്ടില്ല. തുടർന്ന് അവൻ ഫോണിൽ വിളിച്ചു. ദീപുവിന്റെ കോൾ കണ്ട ഡ്രൈവർ കൈ ഉയർത്തിക്കാട്ടി. വണ്ടി തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാൻ ദീപു ആവശ്യപ്പെട്ടു.
കാറിൽ കയറിയ ഉടൻ ദീപു പറഞ്ഞു: "ഗൗരീ... നിന്നെ നിന്റെ വീട്ടിൽ ഇറക്കിയതിനു ശേഷം ഞങ്ങൾ ഈ വണ്ടിയിൽത്തന്നെ തിരികെ പോകുകയാണ്."
മരുഭൂമിയിൽ വീണ ഏതാനും മഴത്തുള്ളികൾ... അത് ഉണങ്ങിപ്പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന ആ നിസ്സഹായത ഗൗരിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു! മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞുപോയി. മലപോലെ കിട്ടിയ ഈ സ്നേഹം ഉപേക്ഷിച്ച്, ഒരു ദുരന്തം പോലെ മുന്നിൽ നിൽക്കുന്ന ആ വീട്ടിലേക്ക്, ഒഴിവാക്കാനാകാത്ത ആ യാത്ര...
ദീപുവും രജനിയും ചേർന്ന് ഗൗരിയെ തങ്ങളോട് ചേർത്തുപിടിച്ചു.
"അയ്യോ... ഞങ്ങൾ എവിടെയും പോകുന്നില്ല ഗൗരീ! ഞങ്ങൾ എപ്പോഴും നിന്നോടൊപ്പം, നിന്റെ മനസ്സിൽത്തന്നെയുണ്ട്... നിനക്ക് എപ്പോൾ ഞങ്ങളുടെ ആവശ്യം വന്നാലും ഈ രണ്ടുപേരും നിന്നോടൊപ്പമുണ്ടാകും. ഇനി അത് പണത്തിന്റെ കാര്യമാണെങ്കിലും മറ്റെന്ത് സഹായമാണെങ്കിലും ഒട്ടും മടിക്കരുത്..." ദീപു അവളുടെ കണ്ണുകൾ തുടച്ചു നൽകി.
വഴിയിൽ കണ്ട ഒരു പൂക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്താൻ ദീപു ആവശ്യപ്പെട്ടു. അവന് ഏറെ പ്രിയപ്പെട്ട, രണ്ട് മുല്ലപ്പൂമാലകൾ വാങ്ങിക്കൊണ്ടുവന്ന് അവൻ രണ്ടുപേർക്കുമായി നൽകി. ഗൗരിയും രജനിയും അത് പരസ്പരം മുടിയിൽ അണിയിച്ചു.
"പാദസരം അണിയാനുള്ള പ്രായമൊക്കെ കഴിഞ്ഞു ദീപു... ഇനി നീ പാദസരം കൂടി വാങ്ങിക്കൊണ്ട് വരണ്ട!" ഗൗരി കണ്ണീരിനിടയിലും പുഞ്ചിരിച്ചു. രജനിയും ദീപുവും ഡ്രൈവറും അത് കേട്ട് ചിരിച്ചുപോയി.
"ഗൗരീ, നീ പണ്ട് എനിക്ക് വാട്സ്ആപ്പ് ചെയ്തിരുന്ന ആ നമ്പർ തരുമോ?" ദീപു ചോദിച്ചു.
"നമ്പർ അതുതന്നെയാണ്... പക്ഷേ ഫോൺ ഇതാണെന്ന് മാത്രം!" അവൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ കീപാഡ് ഫോൺ പുറത്തെടുത്തു കാട്ടി. "അത് ഷീനച്ചേച്ചി വാങ്ങിത്തന്ന സ്മാർട്ട് ഫോണായിരുന്നു. ഒരുദിവസം അയാൾ കുടിച്ചിട്ടുവന്ന് എന്റെ ഫോൺ എടുത്ത് വെള്ളം നിറഞ്ഞ കുടത്തിലിട്ടു..."
അത് പറഞ്ഞ് ഫോൺ നോക്കുമ്പോഴാണ് അതിൽ വന്നുകിടക്കുന്ന ഒരു സന്ദേശം അവളുടെ ശ്രദ്ധയിൽപ്പെട്ടത്!
‘ഞാൻ പോവുകയാണ്... ഇനിയും നിനക്കൊരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല...’
തുടർച്ചയായി വന്ന ചെറിയ ചെറിയ അനേകം സന്ദേശങ്ങൾ! ഓരോന്നായി വായിക്കുംതോറും അവളുടെ ശിരസ്സിന് ഭാരം ഏറിവന്നു. ഗൗരി വിറയ്ക്കുന്ന കൈകളോടെ ഫോൺ ദീപുവിന് കൈമാറി.
‘എന്നെ അന്വേഷിക്കരുത്...’
‘ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം പ്രായശ്ചിത്തം ചെയ്യണം...’
‘പോലീസിൽ പരാതി കൊടുക്കരുത്, ഞാൻ പോകുന്നു...’
‘എല്ലാത്തിനും മാപ്പ്...’
ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത ആ മലയാള വാക്കുകൾ കൂട്ടിവായിക്കാൻ ദീപു പാടുപെട്ടു! ആ സന്ദേശങ്ങളുടെ ഗൗരവം മനസ്സിലായതും ദീപു പെട്ടെന്ന് ഉറക്കെ പറഞ്ഞു:
"ഡ്രൈവറേ... വണ്ടി ഒന്നു നിർത്ത്!"
രജനി ദീപുവിന്റെ മുഖത്തേക്ക് നോക്കി. 'ഇങ്ങനെ ഒരു സന്ദർഭം നമ്മളായിട്ട് ഉണ്ടാക്കിയതാണോ?' എന്നൊരു ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു. ഗൗരിയോട് ഇനി എന്ത് പറയണമെന്നോ എങ്ങനെ കാര്യങ്ങൾ തുടങ്ങണമെന്നോ അറിയാതെ ദീപു നിശബ്ദനായി നിന്നു.
പാതയോരത്തെ ആ ചെറിയ കടയിലെ തടിമേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന്, അപ്രതീക്ഷിതമായി മുന്നിൽ വന്ന ആ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ ദീപുവും രജനിയും തലപ്പുകഞ്ഞാലോചിച്ചു. രജനി കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി കാറിലിരിക്കുന്ന ഗൗരിക്ക് കൊടുത്തിട്ട് ചായ വേണോ എന്ന് ചോദിച്ചു. ഗൗരി വേണ്ടെന്ന് തലയാട്ടി. അവൾ കാറിൽ നിന്നിറങ്ങി, പുറത്തുനിന്നും മുഖം കഴുകി, മനസ്സിൽ എന്തോ ദൃഢമായ തീരുമാനമെടുത്ത മട്ടിൽ ദീപു ഇരുന്ന ടേബിളിന്റെ എതിർവശത്തുള്ള കസേരയിൽ വന്നിരുന്നു.
"നിങ്ങൾ രണ്ടുപേരും ഈ വിഷയം ഓർത്ത് ടെൻഷനാവേണ്ട... എന്തായാലും ഞാൻ ഇനി അയാളെ തേടിപ്പോകാനൊന്നും പോകുന്നില്ല! ഇപ്പോൾ നിങ്ങൾ എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്..."
ഗൗരിയെ അത്രയും പറയാൻ പ്രേരിപ്പിച്ച ആ നിർവികാരത, ഇതുവരെ അവൾ അനുഭവിച്ചുതീർത്ത യാതനകളുടെയും സഹനത്തിന്റെയും നേർസാക്ഷ്യമായിരുന്നു!
ഗൗരിയെ ആ വീട്ടിൽ തനിച്ചാക്കി തിരികെ പോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചപ്പോൾ ദീപുവിനും രജനിക്കും അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ദീപു ആ സന്ദേശങ്ങളെല്ലാം മക്കൾക്ക് ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെട്ടു. പക്ഷേ, രണ്ടുപേരിൽ നിന്നും പെട്ടെന്ന് മറുപടിയൊന്നും വന്നില്ല. ഒടുവിൽ ദീപു ഒരു സുപ്രധാന തീരുമാനത്തിലെത്തി!
"ഗൗരീ... നീ ഇപ്പോൾ ഞങ്ങളോടൊപ്പം വീട്ടിലേക്ക് വരുന്നു! നിന്നെ ഒറ്റയ്ക്ക് ആ വീട്ടിൽ വിട്ടിട്ടുപോകാൻ ഞങ്ങൾക്ക് കഴിയില്ല. കുട്ടികളെ വിളിച്ചു സംസാരിക്കാം... അവർ തിരിച്ചുവരുന്ന വഴിക്ക് നിന്നെ അവിടെനിന്നും പിക്ക് ചെയ്യട്ടെ. ദയവുചെയ്ത് മറുത്തൊന്നും പറയരുത്... പ്ലീസ്!"
തന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന ദീപുവിനോട് മറുത്തൊന്നും പറയാൻ കഴിയാതെ ഗൗരി കുഴങ്ങി. നിശബ്ദയായി ഏറെനേരം നിന്നുവെങ്കിലും, അപ്പോൾ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വേർതിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.
രജനി പതിയെ ഗൗരിയുടെ കൈപിടിച്ച് കാറിലേക്ക് നടന്നു. പിന്നാലെ ദീപുവും. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്ത്, ഒരു പുതിയ ജീവിതത്തിലേക്കുള്ള ആ നീണ്ട യാത്രയ്ക്കായി ഹൈവേയിലേക്ക് കയറി മുന്നോട്ട് നീങ്ങി.
— ശുഭം —
ജെപി പാലക്കാട്.