27/05/2023
ഇന്ത്യ പിറന്നത് 2014 ൽ അല്ല!!
സ്വതന്ത്ര ഇന്ത്യക്ക് ഏഴര പതിറ്റാണ്ട് പ്രായമുണ്ട്.
2014 ൽ മോഡി അധികാരം ഏറ്റുവാങ്ങിയ ഇന്ത്യയായിരുന്നില്ല ,
1947 ൽ നെഹ്റുവിന്റെ മുൻപിലുണ്ടായിരുന്ന ഇന്ത്യ.
2014 ൽ അധികാരമേറ്റടുത്തപ്പോൾ , പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉൾപ്പെടെ ഇന്ത്യയുടെ അയൽപക്ക രാഷ്ട്രത്തലവൻമാരുടെ , പൂച്ചെണ്ടുകളും, ഹസ്തദാനങ്ങളും , ആശംസകളുമായിരുന്നു മോഡിക്ക് ലഭിച്ച സമ്മാനങ്ങളെങ്കിൽ,
ഒരു ചാൺ വയറിന്റെ പട്ടിണി മാറ്റാൻ പ്രാപ്തിയില്ലാത്ത 35കോടി ജനതയുടെ ജീവിത സ്വപ്നങ്ങൾക്ക് നിറം പകരേണ്ട ഭാരിച്ച ഉത്തരവാദിത്വമായിരുന്നു നെഹ്റുവിന് ഏറ്റെടുക്കാനുണ്ടായിരുന്നത്.
കഴിക്കാൻ ഭക്ഷണമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, തൊഴിലും, വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷവുമില്ലാത്ത - പ്രാരാബ്ധങ്ങളുടെ നാലുകെട്ടിനുള്ളിൽ അന്താളിച്ചു നിന്ന ഒരു ജനതയെയും , രാജ്യത്തെയും കൃത്യമായ ആസൂത്രണത്തിലൂടെയും, ദീർഘവീക്ഷണത്തിലൂടെയുമാണ് നെഹ്റുവും , ശേഷമുള്ള കോൺഗ്രസ്സ് പ്രധാനമന്ത്രിമാരും പതിയെ കൈ പിടിച്ചുയർത്തിയത്.
നെഹ്റുവിന്റെ പ്രഥമ പരിഗണന രാജ്യത്തിന്റെ പട്ടിണി മാറ്റുക എന്നതു തന്നെയായിരുന്നു.
ഹരിത വിപ്ലവത്തിലൂടെ അതിന് തുടക്കം കുറിച്ചു.
അതിനു വേണ്ടി കർഷകരെ നെഞ്ചോടു ചേർത്തുപിടിച്ചു. പാർലമെന്റിനകത്ത് പലനിയമങ്ങളും അവർക്കായി കൊണ്ടുവന്നു.
അത്യുൽപാദന ശേഷിയുള്ള വിത്തുകൾ നൽകിയും, വളങ്ങൾക്ക് സബ്സിഡി നൽകിയും, കർഷകരുടെ വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചും,
അതിനെല്ലാം പുറമെ രാജ്യത്തിന്റെ തരിശുഭൂമികളിലേക്ക് വെള്ളമെത്തിച്ച് കൊടുക്കാൻ വൻകിട അണക്കെട്ടുകൾ നിർമ്മിച്ചും , നെഹ്റു അതിന് ആക്കം കൂട്ടി.
ഇതിന്റെ പ്രസക്തി എന്താണെന്ന് നാം കണ്ട് കൊണ്ടിരിക്കുകയാണ്...രാജ്യത്തിന് അന്നമൂട്ടിയ ആ കർഷക സമൂഹം രാജ്യ തലസ്ഥാനത്ത് ഒരു വർഷവും , 13 ദിവസവും വെയിലും, മഴയും, ഡൽഹിയുടെ കൊടും തണുപ്പും വകവെക്കാതെ സമരമനുഷ്ടിച്ചതും, നൂറുക്കണക്കിന് കർഷകർ ആ സമരത്തിൽ മരണമടഞ്ഞതും, അങ്ങയുടെ ഗവൺമെന്റ് പാർലമെന്റിൽ പാസാക്കിയ മൂന്ന് കർഷക വിരുദ്ധ ബില്ലുകളായിരുന്നു എന്നത് രാജ്യം ഒരു കാലത്തും മറക്കില്ല മോദീ ...
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ അണക്കട്ടാണ് ഹിരാക്കുഡ് ഡാം..
1957 ജനുവരി 13ന് ഒറീസയിലെ ഹിരാക്കുഡ് പവര്‍ പ്രൊജക്റ്റ് തദ്ദേശവാസിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട ജോലിക്കാരിയെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിക്കുന്നത്, അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു...
ജനാധിപത്യത്തിന്റെ ശ്രീ കോവിലായ ഇന്ത്യൻ പാർലമെന്റിനു വേണ്ടി നിർമ്മിച്ച പുതിയ സമുച്ചയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കേണ്ടിയിരുന്ന - ദളിത് സമൂഹത്തിൽ നിന്നുള്ള വനിതയായ ഇന്ത്യൻ രാഷ്ട്രപതിയെ,
തന്റെ ഫുൾഫിഗർ ഫോട്ടോക്ക് പ്രാധാന്യം കുറഞ്ഞു പോകുമെന്ന കാരണത്താൽ അകറ്റി നിർത്തിയ മോഡിയുടെ അൽപ്പത്തരം കാണുമ്പോൾ , പഴയ ഒരു സംഭവം ഓർമ്മപ്പെടുത്തി എന്നു മാത്രം.
പ്രിയപ്പെട്ട പ്രധാനമന്ത്രി അങ്ങും, അങ്ങയുടെ അനുയായികളും, എത്ര തരം താഴ്ത്തി കാണിക്കാൻ ശ്രമിച്ചാലും, രാജ്യ പുരോഗതിയുടെ ഏത് തുലാസിലിട്ട് തൂക്കിയാലും
നെഹ്റുവിന്റെ തട്ട് അതെന്നും താഴ്ന്ന് തന്നെയിരിക്കും .
ബ്രിട്ടിഷുകാർ കരിമ്പിൻ ചണ്ടി പോലെ തുപ്പി വലിച്ചെറിഞ്ഞ് പോയ എല്ലും, തോലുമായി കിടന്നിരുന്ന ഒരു രാജ്യത്തിന് മജ്ജയും, മാംസവും, ആരോഗ്യവും നൽകി ഇന്നു കാണുന്ന പുരോഗതിയിലേക്ക് നയിച്ച നെഹ്റുവിനെയും , ഇന്ദിരയെയുമൊക്കെ ലോകമുള്ള കാലമത്രയും ജനങ്ങൾ ബഹുമാനത്തോടെ സ്മരിക്കുക തന്നെ ചെയ്യും.
എത്ര കരിവാരി തേച്ചാലും ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ കഴുകി തുടച്ച ഓട്ട് വിളക്ക് പോലെ തെളിഞ്ഞങ്ങനെ നില്‍ക്കും..