04/08/2026
പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് : മുഖ്യമന്ത്രി വി ഡി സതീശന്‍
സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം പെട്ടെന്ന് ബാധിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കും. ആധുനിക കാലാവസ്ഥ പ്രവചന സംവിധാനം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. റെയിന്‍ ഗേജ് സ്റ്റേഷനുകള്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ നവീകരിക്കും. കൊച്ചിന്‍ സര്‍വകലാശാല പോലുള്ള മികച്ച ഏജന്‍സികളെ ഉള്‍പ്പെടുത്തി ഏറ്റവും കാര്യക്ഷമമായ കാലാവസ്ഥ പ്രവചന, മുന്നറിയിപ്പ് സംവിധാനം ഒരുക്കും. ആധുനിക ഡാം മാനേജ്‌മെന്റ് സിസ്റ്റം ക്രമീകരിക്കും.
പത്തനംതിട്ടയില്‍ മന്ത്രി പിസി വിഷ്ണുനാഥ് ക്യാമ്പ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും മികച്ച സഹകരണം ഉണ്ടായി. വകുപ്പുകളെ ഏകോപിപ്പിച്ച്
ജില്ല ഭരണകൂടം മാതൃകാപരമായി പ്രവര്‍ത്തിച്ചു .
ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തലധികം പേര്‍ നിലവിലുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക തുക വിനിയോഗിക്കാന്‍ ജില്ല കലക്ടര്‍ക്ക് അനുമതി നല്‍കി. ക്യാമ്പുകളില്‍ പരമാവധി 150 പേരായി നിജപ്പെടുത്തി ബാക്കിയുള്ളവരെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ സ്വകാര്യ ആശുപത്രികളുടെ കൂടി സഹായത്തോടെ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തും മുമ്പ് കിണറുകള്‍ ക്ലോറിനേഷന്‍ നടത്തും. വീടുകളുടെ ശുചീകരണത്തിന് വോളന്റിയര്‍മാരുടെ സഹായം തേടും. വീട് ശുചീകരണത്തിന് 10,000 രൂപ അനുവദിച്ചു. പുനരധിവാസത്തിന് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാനുള്ള തുക 10 ല്‍ നിന്ന് 12 ലക്ഷമാക്കി ഉയര്‍ത്തി. വീട് നഷ്ടപ്പെട്ടവര്‍ക്ക് അനുവദിച്ചിരുന്ന തുക നാലില്‍ നിന്ന് ആറ് ലക്ഷം രൂപയായി ഉയര്‍ത്തി. എന്‍ഡിആര്‍എഫ് , പൊലീസ്, ഫയര്‍ഫോഴ്‌സ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ ദുരന്ത സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് നദികളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി.
ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്, എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സി വി ശാന്തകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ.എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുകയും ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തു.