09/06/2026
കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ ഈ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികളാണ് പാർടി നടത്തിയത്. പുതിയ കാലത്ത് സിപിഐ എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ ഇതിനകം തന്നെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
ഇതിന് തുടർച്ചയായി സിപിഐ എമ്മിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ എല്ലാ പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ ഞങ്ങൾ തേടുകയാണ്. ഞങ്ങൾക്ക് തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ എല്ലാവരുടെയും സഹകരണവും സഹായവും തേടുകയാണ്.
നാട്ടിലും വിദേശത്തും ജീവിക്കുന്ന, സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും ഞങ്ങൾ കേൾക്കുകയാണ്. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർടി കണ്ടിരിക്കുന്നത്.
പുതുവഴികൾ എന്ന പേരിൽ ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതേപേരിലുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐ എം മുന്നോട്ടുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്നത്.