25/12/2021
യാഗങ്ങളിൽ മഹായാഗമായ വാജ്പേയം അത്യന്തം കഠിനമാണ്. സോമയാഗം ആറ് ദിവസവും അതിരാത്രം പന്ത്രണ്ടു ദിവസവുമാണെങ്കില്‍ വാജ്‌പേയം പതിനേഴ് ദിവസമാണ്. സോമയാഗം ചെയ്താല്‍ സോമയാജിയും അതിരാത്രം ചെയ്താല്‍ അക്കിത്തിരിയും ആകുമെങ്കില്‍ വാജ്‌പേയയാഗം ചെയ്തു കഴിഞ്ഞാല്‍, അയാൾ വാജ്‌പേയിയായി മാറും. മഹായാഗം നടത്താൻ യാഗാധികാരമുണ്ടായിരുന്നു അടൽ ബിഹാരി വാജ്പേയുടെ വംശത്തിന്. അങ്ങനെയുള്ള പരമ്പരയിൽ ജനിച്ചൊരാൾ എങ്ങനെ രാജതുല്യനായി ശോഭിക്കാതിരിക്കും!
ഇന്ന് ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണ്. നേതാവ്, കവി, ദീർഘദർശി.. എന്തു പേരിലാണ് അടൽജിയെ വിശേഷിപ്പിക്കുക.? എന്തുമാവാം. കാരണം, ഒരു ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന് ഏതൊരു വിശേഷണവും അനുയോജ്യമാണ്. രാഷ്ട്രീയ രംഗത്തെ അതികായനായി വിരാജിച്ചിരുന്നപ്പോഴും അദ്ദേഹം പ്രകൃതിയുടെ വേദനകൾ തൊട്ടറിയാൻ കഴിവുള്ളൊരു കവി കൂടിയായിരുന്നു.
എതിർപ്പുകളില്ലാതെ, സർവ്വ സമ്മതമായ വഴികളിലൂടെ പ്രശ്നം പരിഹരിക്കുന്ന അഭൂതപൂർവമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ചുരുക്കത്തിൽ, ജനാധിപത്യത്തിന്റെ മർമ്മമായ നേതൃപാടവത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. പാർശ്വവൽരിക്കപ്പെട്ടു നിന്നിരുന്ന കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ചെറിയ പാർട്ടികളെ ഒറ്റചരടിൽ കോർത്തിണക്കി അദ്ദേഹം പാർലമെന്റിലേക്ക് തലയുയർത്തിപ്പിടിച്ചു നടന്നു കയറിയതും, അഭിപ്രായഭിന്നതകളില്ലാതെ അവരുടെ ബഹുസ്വരതയെ മാനിച്ചു കൊണ്ട് കാലാവധി തികച്ചു ഭരിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തിലെ നാഴികക്കല്ലായ സംഭവമാണ്.
പ്രത്യേക എക്സ്പോർട്ട് പ്രോസസിങ് സോണുകൾ, ദേശീയപാതാ വികസന പദ്ധതികൾ, സുവർണ്ണ ചതുഷ്കോണം, വിദേശ ഇന്ത്യക്കാർക്ക് വേണ്ടി പ്രവാസി ഭാരതീയ സമ്മാൻ, ഐ.ടി പാർക്കുകൾ തുടങ്ങിയ വികസന പദ്ധതികൾ അടൽജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനെ വരച്ചു കാട്ടിയപ്പോൾ, ശീതയുദ്ധാനന്തര പിണക്കങ്ങൾ അവസാനിപ്പിച്ച് യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റനെ ഭാവികാല ബന്ധങ്ങൾക്കായി ഇന്ത്യയിലെത്തിച്ചത് അദ്ദേഹത്തിന്റെ നയതന്ത്ര മിടുക്കിന്റെ നേർസാക്ഷ്യമാണ്.
ലാഹോർ പ്രഖ്യാപനം അടൽ ബിഹാരി വാജ്പേയ് എന്ന വ്യക്തിയിലെ സമാധാന കാംക്ഷിയുടെ പ്രതിഫലനമാണ്. എന്നാൽ, കാർഗിൽ അതിർത്തി കടന്നുവന്ന് ഇന്ത്യൻ പട്ടാളക്കാരെ വിവരണാതീതമായി പീഡിപ്പിച്ചു കൊന്ന് മൃതദേഹങ്ങൾ തിരിച്ചു വന്നപ്പോൾ ഭാരതം സാക്ഷ്യം വഹിച്ചത് ഒരു സിംഹഗർജ്ജനത്തിനാണ്.
'ഞങ്ങൾ ശാന്തി ആഗ്രഹിച്ചിരുന്നുവെന്ന് ലോകം കണ്ടു. ഇനി, ആ ശാന്തതയെ പരിരക്ഷിക്കാൻ ഞങ്ങൾ ശക്തി പ്രദർശിപ്പിക്കുന്നതും ലോകം കാണും.!'
നാരായണനിൽ നിന്നും നരസിംഹ മൂർത്തിയിലേക്കുള്ള ആ രൂപമാറ്റം, അതിശയത്തോടെയാണ് സഖ്യകക്ഷികൾ പോലും കണ്ടു നിന്നത്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളിൽ നിന്നും ആവേശമുൾക്കൊണ്ട വീരന്മാരായ ഇന്ത്യൻ സൈനികർ പിന്നീട് രചിച്ചത് ചരിത്രം.!
അടൽജിയുടെ ജന്മദിനം ഭാരതം സദ്ഭരണ ദിനമായി ആചരിക്കുന്നു. അടൽജിയുടെ സ്മരണകൾക്ക് പ്രണാമം.
✍️ Anoop Antony