04/10/2019
അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ
കേസെടുത്തത് ജനാധിപത്യവിരുദ്ധം,
നാളെ മോദിക്ക് ഒരുലക്ഷം കത്തയച്ച്
പ്രതിഷേധിക്കും : ഡി.വൈ.എഫ്.ഐ
രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കും. അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണിരത്‌നം തുടങ്ങി 50 പേർക്കെതിരെയാണ് ബിഹാറിൽ കേസെടുത്തത്. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തുന്ന പ്രവണതയെ സാംസ്‌കാരിക നായകർ കത്തിലൂടെ വിമർശിച്ചിരുന്നു. കത്ത് പുറത്തുവന്ന ഘട്ടത്തിൽതന്നെ സംഘപരിവാർ ഭീഷണി ആരംഭിച്ചതാണ്. അടൂർ ഗോപാലകൃഷ്ണനെ നാടുകടത്തണമെന്ന് ആക്രോശിച്ചുകൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണ്. അന്തർദേശീയ പ്രശസ്തരായ ഇന്ത്യൻ കലാകാരന്മാർക്കും എഴുത്തുകാർക്കും ചിന്തകർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ല. സംഘപരിവാറിനെ വിമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് നീക്കം. മതന്യൂനപക്ഷങ്ങൾ, ദളിതർ, മതേതര രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ അടിച്ചമർത്താൻ കരിനിയമങ്ങൾ നിർമ്മിക്കുന്ന കാലമാണിത്. ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ (രാജ്യദ്രോഹം) വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ല. അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടൻ പിൻവലിക്കണം. പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. ഈ വിഷയം ഉയർത്തിക്കൊണ്ട് നാളെ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പ്രതിഷേധിക്കും. മുഴുവൻ യുവതീ-യുവാക്കളും ഇതിന്റെ ഭാഗമായി രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.