24/05/2025
ഫുഡ് ടെക് കേരള 2025
ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് സാങ്കേതികവിദ്യയുടെ അകമ്പടി
കൊച്ചി : കേരളത്തിലെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിച്ച ഫുഡ് ടെക് കേരള 2025. കേരളത്തിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയിലെ ഉത്പാദകരും ഉപഭോക്താക്കളും സംരംഭകരും ഒരേ വേദിയിൽ കണ്ടുമുട്ടുന്നതിനും ബിസിനസ്സ് വളർച്ചക്ക് അവസരമൊരുക്കുകയാണ് ഫുഡ് ടെക് കേരള 2025ന്റെ ലക്ഷ്യം. പ്രദർശനത്തിൽ പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ സ്റ്റാളുകൾ കൂടാതെ ഭക്ഷ്യ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന, ബ്രാൻഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുമുണ്ട്.
ഭക്ഷ്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും തുറന്നുകൊടുക്കുന്നു എന്നതാണ് ഫുഡ് ടെക് കേരളയുടെ പ്രത്യേകത. ഭക്ഷ്യ പാക്കേജിംഗ് സൊല്യൂഷനുകൾ, ലേബലിംഗ്, ബ്രാൻഡിംഗ് ഉപകരണങ്ങൾ, ഉണക്കൽ, പാക്കിംഗ് യന്ത്രങ്ങൾ തുടങ്ങി നിരവധി ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സാങ്കേതികവിദ്യകളും പ്രദർശനത്തിനുണ്ട്. പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷ്യ സംസ്‌കരണ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഇവിടെ കാണാൻ കഴിയും. കാര്യക്ഷമവും സുസ്ഥിരവുമായ പാക്കേജിംഗിനുള്ള ഫുഡ് പാക്കേജിംഗ് മെഷിനറികൾ, ഉൽപ്പന്ന ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനുള്ള ലേബലിംഗ്-ബ്രാൻഡിംഗ് ഉപകരണങ്ങൾ, ഭക്ഷ്യ ഗുണനിലവാരം സംരക്ഷിക്കുന്നതിനുള്ള കൂളിംഗ്-ഫ്രീസിംഗ് സൗകര്യങ്ങൾ, നിർജ്ജലീകരണം, സംരക്ഷണം എന്നിവയ്ക്കുള്ള ഡ്രൈയിംഗ് മെഷിനറികൾ, കാര്യക്ഷമവും ശുചിത്വമുള്ളതുമായ പാക്കേജിംഗിനുള്ള പാക്കിംഗ് മെഷിനറികൾ തുടങ്ങിയ ചെറുകിട ഭക്ഷ്യ സംസ്‌ക്കരണത്തിനാവശ്യമായ എല്ലാത്തരം ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചെറുകിട ഭക്ഷ്യ സംസ്‌കരണ ബിസിനസുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വ്യവസായ വിദഗ്ധർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുമായി ബന്ധപ്പെടുന്നതിനുമുള്ള ഒരു വേദി കൂടിയാണ് പ്രദർശന മേള.