31/03/2026
ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച്💚
തിരഞ്ഞെടുപ്പ് വരാനിരിക്കെ വേറിട്ട ഹരിത മാതൃകയുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന തുണികൾ ശേഖരിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള 'ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച്' ആക്കി മാറ്റുന്ന പദ്ധതി ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു.
ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ ഉദ്യമം.
പഴയ തുണികൾ ശേഖരിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള 'ഹരിത മൊബൈൽ കീപ്പിങ് പൗച്ച്' ആക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ കളക്ഷൻ സെന്റർ ആരംഭിച്ചു .
പൊതുജനങ്ങൾക്ക് വ്യാഴാഴ്ച്ച വരെ പഴയ തുണികൾ കളക്ഷൻ സെന്ററിൽ നൽകാം. പഴയ വസ്ത്രങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ് സ്വീകരിക്കുക. കോട്ടൺ തുണികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഇത്തരത്തിൽ ശേഖരിക്കുന്ന തുണികൾ ഉപയോഗിച്ച് 9 മുതൽ 12 ഫോണുകൾ വരെ സൂക്ഷിക്കാവുന്ന മൊബൈൽ ഫോൺ പൗച്ചുകൾ നിർമ്മിക്കുന്നത് കുടുംബശ്രീ യൂണിറ്റുകളാണ്. ജില്ലയിലെ 3,148 ബൂത്തുകൾക്കുമായി ഏകദേശം 3,200 പൗച്ചുകളാണ് നിർമ്മിക്കുക.
ഐ. എം. എ ഹൗസ്, സെന്റ് ആൽബർട്ട് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.