21/08/2026
കോട്ടയം എം.ആര്‍.എഫില്‍ 16-ാമത് ലോങ് ടേം സെറ്റില്‍മെന്റിന് ധാരണ; സ്ഥിരം ജീവനക്കാര്‍ക്ക് വേതന വര്‍ധന
കോട്ടയം എം.ആര്‍.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത് ലോങ് ടേം സെറ്റില്‍മെന്റ് പുതുക്കി നിശ്ചയിക്കുന്നതിന് ധാരണയായി. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്.
വൈകിട്ട് നാലിന് ആരംഭിച്ച ചര്‍ച്ച രാത്രി ഏഴോടെ ഇരുകൂട്ടരും അംഗീകരിച്ച ഒത്തുതീര്‍പ്പിലെത്തിയത്.
തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ ഒപ്പിട്ട എഗ്രിമെന്റ് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്ലാന്റ് ഹെഡ് ശശികാന്ത കുവാര്‍ കൈമാറി.
പുതിയ ലോങ് ടേം സെറ്റില്‍മെന്റ് 2026 ഓഗസ്റ്റ് ഒന്നുമുതല്‍ നാല് വര്‍ഷത്തേക്ക് പ്രാബല്യത്തിലാകും. അന്തിമ സെറ്റില്‍മെന്റ് ഓഗസ്റ്റ് 31നകം ഒപ്പുവയ്ക്കും. ഈ തീയതിക്കകം അന്തിമ സെറ്റില്‍മെന്റ് ഒപ്പുവച്ചില്ലെങ്കില്‍, കരാര്‍ ഒപ്പുവയ്ക്കുന്ന തീയതി മുതലായിരിക്കും സെറ്റില്‍മെന്റിന്റെ കാലാവധി കണക്കാക്കുക.
2026 ഓഗസ്റ്റ് ഒന്നിന് ലോങ് ടേം സെറ്റില്‍മെന്റിന്റെ പരിധിയില്‍ വരുന്ന അര്‍ഹരായ സ്ഥിരം ജീവനക്കാര്‍ക്ക് പ്രതിമാസം 14,500 രൂപയുടെ വെയ്റ്റഡ് ആവറേജ് വേതന വര്‍ധന നല്‍കും. കൂടാതെ അര്‍ഹരായ ജീവനക്കാരുടെ പ്രതിമാസ അറ്റന്‍ഡന്‍സ് ബോണസില്‍ 500 രൂപയുടെ വര്‍ധനയും ലഭിക്കും.സെറ്റില്‍മെന്റിന്റെ ഭാഗമായി നല്‍കേണ്ട തുക ജീവനക്കാരുടെ സേവനകാലം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം അന്തിമ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് കൈക്കൊള്ളും. അതുവരെ നിലവിലെ വേതന ഘടന തുടരും.
തൊഴില്‍ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശരത്ചന്ദ്രന്‍ സി.എസ്., അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബിച്ചു ബാലന്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എല്‍. സതീഷ്‌കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തൊഴിലാളികളെ പ്രതിനിധീകരിച്ച് ചാണ്ടി ഉമ്മന്‍, കുഞ്ഞ് ഇല്ലംപള്ളി, ചിന്റു കുര്യന്‍ ജോയ്, അജു ചാക്കോ, ഷാജി ജോസഫ്, ബിനോയ് സി.ഐ., റിനുമോന്‍ പി.എം., സല്‍വിന്‍ പി. തോമസ് (ഐഎന്‍ടിയുസി), കെ.ജെ. തോമസ്, റെജി സക്കറിയ, ദേവസ്യ പി.എസ്., ബി.എസ്. സമീര്‍, സുബി വര്‍ഗീസ്, സാബു ജോണ്‍, സുനോജ് വി.എസ്, (സിഐടിയു), എസ്. വിനായകുമാര്‍, കെ.കെ. വിജയകുമാര്‍, റിജു തോമസ്, ശ്രീനിവാസ പിള്ള എസ്.എസ്., ശ്രീകുമാര്‍ എസ്., സിബി പി. മാത്യു, ശ്യാം കുമാര്‍ സി.ഒ. (ബിഎംഎസ്) എന്നിവരും തൊഴിലുടമകളെ പ്രതിനിധീകരിച്ച് പ്ലാന്റ് ഹെഡ് ശശികാന്ത കുവാര്‍, സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ അനൂപ് ആര്‍. വര്‍മ്മ, സീനിയര്‍ എച്ച്.ആര്‍. മാനേജര്‍ ഷിജു ഏലാസ്, സീനിയര്‍ എന്‍ജിനീയറിംഗ് മാനേജര്‍ ബിജുമോന്‍ ചാക്കോ, ചീഫ് അക്കൗണ്ട്‌സ് മാനേജര്‍ ഡി. വെങ്കട സുബ്ബയ്യ, സീനിയര്‍ മാനേജര്‍ ബിനു ഫ്രാന്‍സിസ് എന്നിവരുമാണ് എഗ്രിമെന്റില്‍ ഒപ്പുവച്ചത്.