11/07/2026
"സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കില്ല" – ആരോഗ്യമന്ത്രി കെ. മുരളീധരൻ
ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ‘ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങൾ’ എന്ന പ്രോഗ്രസ് റിപ്പോർട്ട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്തു.
ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റങ്ങളെ തിരുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്നും നല്ല കാര്യങ്ങളിൽ ഉറച്ച നിലപാടുള്ള വ്യക്തിയാണ് താനെന്നും മന്ത്രി വ്യക്തമാക്കി. 50 ദിവസത്തെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നത് ചിട്ടയായ പ്രവർത്തനങ്ങളാണെന്നും ഇനി പത്തിരട്ടിയിലധികം കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഫണ്ടുകൾക്കൊപ്പം CSR ഫണ്ടുകളും പ്രയോജനപ്പെടുത്തി സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തും. ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ പർച്ചേസുകളിൽ നടക്കുന്ന അന്വേഷണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ജനങ്ങളുടെ പണം പാഴായിട്ടുണ്ടെങ്കിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിലെ ഒഴിവുകൾ കൃത്യമായി PSC-യ്ക്ക് റിപ്പോർട്ട് ചെയ്യുമെന്നും റാങ്ക് ലിസ്റ്റ് നിലവിലുള്ള സാഹചര്യത്തിൽ താത്കാലിക നിയമനങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.
AIIMS കേരളത്തിന് നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഒന്നിലധികം സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി ഉപദേശക സമിതികളിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം പട്ടികജാതി വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ നാമനിർദ്ദേശം ചെയ്യും. രോഗികളോടും കൂട്ടിരിപ്പുകാരോടും കൂടുതൽ സൗമ്യമായി പെരുമാറാൻ സെക്യൂരിറ്റി ജീവനക്കാർ മുതൽ ഡോക്ടർമാർ വരെ പരിശീലനവും കൗൺസിലിംഗും നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.
സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ ആവശ്യമായ സൗകര്യങ്ങളുള്ള ആശുപത്രികളിൽ മാത്രം നിയമിച്ച് അവരുടെ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തും. വയനാട് മെഡിക്കൽ കോളേജിന്റെ വികസനത്തിനായി മാനന്തവാടിയിലെ KSEB സ്ഥലം പ്രയോജനപ്പെടുത്തുകയും, കൽപ്പറ്റ മടക്കിമലയിൽ എം.പി. വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനൽകിയ സ്ഥലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യ വികസനവും മറ്റ് പ്രശ്നപരിഹാരങ്ങളും ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
“ആരോഗ്യവകുപ്പിലെ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് ഉദ്യോഗസ്ഥർക്കാണ്. അവരുടെ പൂർണ പിന്തുണയോടെയാണ് വകുപ്പിൽ കൂടുതൽ വിസ്മയങ്ങൾ സൃഷ്ടിക്കാനാകുക” എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് IAS അധ്യക്ഷത വഹിച്ചു. അനു എസ്. നായർ IAS (സ്റ്റേറ്റ് മിഷൻ ഡയറക്ടർ, NHM), ഡോ. കെ.വി. വിശ്വനാഥൻ (ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ), ഡോ. വി. മീനാക്ഷി (ആരോഗ്യവകുപ്പ് ഡയറക്ടർ), ഡോ. ബിന്ദു മോഹൻ (DMO), ഡോ. അർണോൾഡ് ദീപക് (DPM) എന്നിവർ സംസാരിച്ചു.