29/12/2025
വട്ടിയൂർക്കാവ് എം.എൽ.എ
വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവും
ഏഴ് വർഷമായി ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഓഫീസ്, നഗരസഭ കൗൺസിൽ നിശ്ചയിച്ച വാടക കൃത്യമായി നൽകിയാണ് പ്രവർത്തിക്കുന്നത്.
2026 മാർച്ച് 31 വരെ ഇവിടെ തുടരാൻ കൗൺസിൽ അനുമതി നൽകിയിട്ടുള്ളതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാലാവധി തീരുംമുമ്പ് എം.എൽ.എ.യെ കുടിയിറക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്.
ജനസേവനത്തിന്റെ ഭാഗമായാണ് എം.എൽ.എ. ഓഫീസ് പ്രവർത്തിക്കുന്നത്.
മണ്ഡലത്തിന്റെ മധ്യഭാഗത്തുള്ള ശാസ്തമംഗലത്ത്, സാധാരണക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരിടത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. എം.എൽ.എ. ഹോസ്റ്റലിൽ ഓഫീസ് പ്രവർത്തിപ്പിക്കണം എന്ന വാദം വിചിത്രമാണ്. കർശനമായ സുരക്ഷാ സംവിധാനങ്ങളുള്ള, മുൻകൂട്ടി അനുവാദം വാങ്ങി മാത്രം പ്രവേശിക്കാൻ കഴിയുന്ന എം.എൽ.എ. ഹോസ്റ്റലിലേക്ക് വൃദ്ധരും പ്രത്യേക പരിഗണന അർഹിക്കുന്നവരും അടക്കമുള്ള സാധാരണ ജനങ്ങൾ എങ്ങനെയാണ് നിത്യേന എത്തുക?
പടികൾ കയറി ചെല്ലേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേറെയും.
ദിവസേന നൂറുകണക്കിന് ആളുകളെ കാണുകയും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു ജനപ്രതിനിധിയെ അതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണിത്.
ഇക്കാര്യത്തിൽ കോൺഗ്രസ് നേതാവ്
ശ്രീ. കെ.എസ്. ശബരിനാഥന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്.
അരുവിക്കരയിൽ എം.എൽ.എ. ആയിരുന്നപ്പോൾ ശബരിനാഥന് മണ്ഡലത്തിൽ ഓഫീസ് ഉണ്ടായിരുന്നില്ലേ? ഒരു ജനപ്രതിനിധിയെ വാടകക്കെട്ടിടത്തിൽ നിന്ന് ഇറക്കിവിടാൻ ആവേശം കൊള്ളുന്ന ശബരിനാഥൻ ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നത് എന്ന് വ്യക്തമാക്കണം. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് - ബിജെപി ബാന്ധവം ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്. ബി.ജെ.പി കൗൺസിലർക്ക് വേണ്ടി കോൺഗ്രസ് നേതാവ് വക്കാലത്തുമായി വരുന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.
എം.എൽ.എ.മാർക്ക് വാടകയിനത്തിൽ വലിയ തുക ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. രേഖകൾ പരിശോധിച്ചാൽ ഒരു എം.എൽ.എ.യുടെ മൊത്തം അലവൻസ് പരമാവധി എഴുപതിനായിരം രൂപ മാത്രമാണ്. ഇതിൽ മണ്ഡലം അലവൻസായി ലഭിക്കുന്നത് ഇരുപത്തി അയ്യായിരം രൂപയും, ടെലിഫോൺ അലവൻസ് പതിനൊന്നായിരം രൂപയുമാണ്. മറ്റ് അലവൻസുകൾ എട്ടായിരം, ഇൻഫർമേഷൻ അലവൻസ് നാലായിരം, ഫിക്സഡ് അലവൻസ് രണ്ടായിരം എന്നിങ്ങനെയാണ്. ട്രാവൽ അലവൻസ് പരമാവധി ഇരുപതിനായിരം രൂപയാണ് ഒരു മാസം ലഭ്യമാകുന്നത്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കേരളത്തിലെ എം.എൽ.എ.മാർക്കാണ്.
ഈ തുകയിൽ നിന്നാണ് ഓഫീസ് നടത്തിപ്പും മറ്റ് ചെലവുകളും കണ്ടെത്തേണ്ടത്. വസ്തുതകൾ ഇതായിരിക്കെ, തെറ്റായ കണക്കുകൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം വിലപ്പോവില്ല. ജനങ്ങളോടൊപ്പമാണ് വി.കെ. പ്രശാന്ത് നിൽക്കുന്നത്. അദ്ദേഹത്തിന് തടയിടാൻ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന സംയുക്ത നീക്കത്തെ ജനങ്ങൾ തിരിച്ചറിയും.