20/08/2026
എൻ സി ഇ ആർ ടി പാഠപുസ്തക സമിതി പുനഃസംഘടന: സംഘപരിവാർ ആശയങ്ങൾ തിരുകിക്കയറ്റാനുള്ള നീക്കം — എഐഎസ്എഫ്
രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ സംഘപരിവാർ ആശയങ്ങൾ തിരുകിക്കയറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ തുടർച്ചയാണ് പുതിയ എൻ സി ഇ ആർ ടി പാഠപുസ്തക സമിതിയുടെ പുനഃസംഘടനയെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.
11, 12 ക്ലാസുകളിലെ രാഷ്ട്രീയശാസ്ത്ര പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനായി പുനഃസംഘടിപ്പിച്ച 20 അംഗ സമിതിയിൽ ആർ എസ് എസ് ബന്ധമുള്ള നാലുപേർ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെയും എൻ സി ഇ ആർ ടിയുടെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ സമിതികളിൽ മുൻ എ ബി വി പി ദേശീയ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘപരിവാർ ബന്ധമുള്ള വ്യക്തികൾ അംഗങ്ങളായിരുന്നു.
വിദ്യാഭ്യാസരംഗത്തെ അക്കാദമിക സ്വാതന്ത്ര്യവും ശാസ്ത്രീയ സമീപനവും തകർക്കുന്ന തരത്തിൽ പാഠപുസ്തകങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്. ചരിത്രത്തെയും രാഷ്ട്രീയത്തെയും ശാസ്ത്രത്തെയും സംഘ് പരിവാർ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പുനർവ്യാഖ്യാനിക്കുന്നതിനുള്ള ഉപാധിയായി എൻ സി ഇ ആർ ടിയെ മാറ്റാൻ അനുവദിക്കാനാകില്ല.
പാഠപുസ്തകങ്ങളുടെ രൂപീകരണത്തിൽ അക്കാദമിക വിദഗ്ധർക്കും അധ്യാപകർക്കും വിവിധ സാമൂഹിക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ആർ എസ് എസ്–എ ബി വി പി ബന്ധമുള്ളവരെ ഉൾപ്പെടുത്തി ഏകപക്ഷീയമായി സമിതികൾ രൂപീകരിക്കുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാമും സെക്രട്ടറി എ. അധിനും അറിയിച്ചു.