25/11/2022
നവംബർ 25
കൂത്തുപറമ്പ്
രക്തസാക്ഷി ദിനം
കെ.കെ രാജീവൻ, കെ.വി റോഷൻ, കെ.ഷിബുലാൽ, കെ.മധു, സി.ബാബു സന്ധിചെയ്യാൻ തയ്യാറല്ലാത്ത യുവതയുടെ ഹൃദയത്തിൽ ഇന്നും ഉണങ്ങാൻ തയ്യാറാകാത്ത മുറിപ്പാടാണ് ഈ അഞ്ചുപേർ.
കാലമെത്ര കഴിഞ്ഞാലും പ്രഭമങ്ങാത്ത നിത്യ സമരസത്യമായി ആ രക്തസാക്ഷി മണ്ഡപം ഒരു ചരിത്രജ്വാലപോലെ ആകാശത്തോളം തലയുയർത്തി നിൽക്കും; ഭൂതകാലങ്ങൾ വായിക്കാനുള്ള വെളിച്ചമെത്തിക്കുന്ന വിളക്കുമരംപോലെ. രോദനങ്ങളായി വിസ്മൃതമാകാതെ യഥാസമയം ഇടിമിന്നലുകളായി വന്ന് പ്രതിരോധങ്ങൾക്കും മുന്നേറ്റങ്ങൾക്കും വെളിച്ചം നൽകുകയാണത്രേ ചരിത്രത്തിന്റെ നിയുക്ത ദൗത്യം.
സഹകരണമേഖലയിൽ ആരംഭിക്കാൻ നിശ്ചയിച്ച കണ്ണൂർ ജില്ലയിലെ “പരിയാരം മെഡിക്കൽ കോളേജ്’ മുഖ്യമന്ത്രി കരുണാകരന്റെയും സഹകരണമന്ത്രി എം വി രാഘവന്റെയും ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ “സ്വാശ്രയ മെഡിക്കൽ കോളേജ്’ ആക്കാൻ ഗൂഢനീക്കങ്ങൾ നടത്തി. അത് പുറത്തറിഞ്ഞപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നു. പരിയാരത്തെ നിർദിഷ്ട സഹകരണ മെഡിക്കൽ കോളേജ് സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ “സ്വാശ്രയ മെഡിക്കൽ കോളേജ്’ ആക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. കണ്ണൂരിലെ ജനങ്ങളാകെ ഈ നിഗൂഢനീക്കത്തിനെതിരെ രംഗത്തിറങ്ങി. അതിനിടയിൽ ഇത്തരം ആക്ഷേപങ്ങൾക്കെല്ലാം കാരണക്കാരനായ മന്ത്രി എം വി രാഘവൻ നവംബർ 25ന് കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ശുഭ്രപതാകയും മന്ത്രി എത്തുമ്പോൾ പ്രതിഷേധം അറിയിക്കുന്നതിനായി ഉയർത്തിവീശാൻ കരുതിയ കരിന്തുണി കഷണങ്ങളും മാത്രമായിരുന്നു സമരത്തിനെത്തിയ യുവാക്കളുടെ കൈയിൽ. മന്ത്രി എത്തേണ്ട സമയത്തിനുമുമ്പുതന്നെ കൂത്തുപറമ്പ് ടൗൺഹാൾ പരിസരത്ത് വാഹന തടസ്സംപോലും സൃഷ്ടിക്കാതെയാണ് സമരക്കാർ കാത്തുനിന്നത്. എന്നാൽ, മന്ത്രി എത്തുന്നതിനുമുമ്പുതന്നെ മുൻകൂട്ടി നിശ്ചയിച്ചത് എന്ന വണ്ണം, നിരായുധരായ യുവജനങ്ങൾക്കുനേരെ പൊലീസ് ഭീകരമായ ലാത്തിച്ചാർജും വെടിവയ്പും നടത്തി. കെ കെ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നീ അഞ്ചു സഖാക്കൾ തൽക്ഷണം കൊല്ലപ്പെട്ടു.
നിരവധിപേർക്ക് വെടിയേറ്റു. പൊലീസ് വെടിയുണ്ട നട്ടെല്ല് തകർത്തതിനെത്തുടർന്ന് നെഞ്ചിനു താഴോട്ട് മരവിച്ച ശരീരവുമായി സഖാവ് പുഷ്പൻ തിളക്കമാർന്ന കണ്ണുകളോടെ എല്ലാവർക്കും ആവേശംപകർന്ന് ഇന്നും ജീവിക്കുന്നു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുക്കണക്കിനു സമര വളന്റിയർമാരാണ് പരിക്കേറ്റ് വീണത്. കൂത്തുപറമ്പ്‐ തലശേരി റോഡിൽ വെടിയേറ്റും മർദനമേറ്റും വീണവരുടെ ചുടുചോര അക്ഷരാർഥത്തിൽ ചാലുകളായൊഴുകി. രാജ്യത്തിന്റെ യുവജനപോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്.
അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ SFI SCT യൂണിറ്റിന്റെ ഒരുപിടി രക്തപുഷ്പങ്ങൾ
SFI SCT UNIT