05/09/2024
കോഴിക്കോട് ഗവ. ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ. രാധാകൃഷ്ണൻ പി.കെയ്ക്കും, കൊയിലാണ്ടി ഗവ. ഐടിഐ യിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ.മുഹമ്മദ് അക്ബറിനും 2024ലെ മികച്ച ഐടിഐ അദ്ധ്യാപകർക്കുള്ള ദേശീയ പുരസ്കാരം. ദേശീയ അദ്ധ്യാപക ദിനമായ ഇന്ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
ദേശീയതലത്തിൽ നടക്കുന്ന ദീർഘകാല നൈപുണ്യ വികസന പരിശീലന പദ്ധതികളിലെ അദ്ധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ള ആകെ 9 ദേശീയ പുരസ്കാരങ്ങളിൽ 2 എണ്ണവും കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള പരിശീലകർക്ക് കരസ്ഥമാക്കാനായി
നൈപുണ്യ പരിശീലന രംഗത്ത് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പല മികച്ച മാതൃകകളും കേരളത്തിന്റെതായുണ്ട്. സംസ്ഥാനത്തെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടതും, പോഷകാഹാര- ഉച്ചഭക്ഷണ പദ്ധതികൾ രാജ്യത്താദ്യമായി ഐടിഐകളിൽ നടപ്പിലാക്കിയതും, ദുരന്ത മുഖങ്ങളിൽ പുനരധിവാസം ഉറപ്പാക്കുന്നതിന് നൈപുണ്യ പരിശീലനം നേടിയ യുവാക്കളുടെ സേവനം ലഭ്യമാക്കുന്നതിനായി ആരംഭിച്ച നൈപുണ്യ കർമ്മ സേന പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതി ഉൾപ്പെടെയുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെ വിവിധ പദ്ധതികളിലെ മികച്ച പ്രകടനവും അക്കാദമിക പ്രവർത്തനങ്ങൾക്കുപരിയായി ദേശീയ പുരസ്കാരത്തിന് പരിഗണിക്കുന്നതിന് പരിശീലകരെ പ്രാപ്തരാക്കിയിട്ടുണ്ട്.കഴിഞ്ഞ വർഷവും നൈപുണ്യ വികസന പരിശീലന രംഗത്ത് രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കാൻ വ്യാവസായിക പരിശീലന വകുപ്പിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ദേശീയ പുരസ്‌കാരങ്ങൾ നേടാനായത് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന മികച്ച നൈപുണ്യ വികസന പരിശീലന നയത്തിൻ്റെ ഫലമാണ്.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങ് തത്സമയം https://www.youtube.com/live/gTRoJmy-l3M?si=VOK2fOb6i83p_9hj ലിങ്കിലൂടെ കാണാവുന്നതാണ്