04/08/2022
ഉത്തരവാദിത്തപ്പെട്ടരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് മാപ്പില്ല
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ദേശീയ സെക്രട്ടറിയും പൊതു പ്രവർത്തകനും എല്ലാവരുടെയും പ്രിയങ്കരനും ആയിരുന്ന ബേബി പെരുമാലിൽ കാലയവനികക്കുള്ളിൽ മറഞ്ഞു. ഇനി ബേബി പെരുമാലിൽ ഓർമ്മയാണ്. അറുപത്തിരണ്ടാം വയസ്സിൽ ഊർജ്ജസ്വലതയോടെ കർഷകരുടെ തലക്കുമുകളിൽ വാളായി നിൽക്കുന്ന ബഫർ സോൺ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള യോഗവും കഴിഞ്ഞ് മടങ്ങിവരവെയാണ് ബേബി പെരുമാലിൽ ആക്സിഡന്റിൽ കൊല്ലപ്പെടുന്നത്. ബേബി പെരുമാലിൽ ഈ പ്രായത്തിൽ മരിക്കേണ്ട വ്യക്തി ആയിരുന്നോ? ഇങ്ങനെ മരിക്കേണ്ട വ്യക്തി ആയിരുന്നോ? അല്ല, അദ്ദേഹത്തെ കൊന്നതാണ്, ഒരു ഡോക്ടറും, മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളും ചേർന്ന്.
പത്ര - സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകളിൽ കുറ്റം വിധിക്കുന്നത് അദ്ദേഹത്തെ കണ്ടിട്ടും അദ്ദേഹത്തിന് വേണ്ടത് ചെയ്യാതെ കടന്നു പോയ ആ വഴി KSRTC ബസ് ജീവനക്കാരെ മാത്രമാണ്. എന്തുകൊണ്ട് വണ്ടി ഇടിപ്പിച്ച ഡോക്ടർ അടങ്ങുന്ന നാൽവർ സംഘത്തിൻ്റെ മേൽ കുറ്റം വിധിക്കപ്പെപെടുന്നില്ല? അതിന് ഉത്തരം കണ്ടെത്താൻ ബേബി പെരുമാലിയുടെ നാട്ടുകാർക്കും, അദ്ദേഹം പ്രവർത്തിച്ച പ്രസ്ഥാനത്തിനും, മത - രാഷ്ട്രീയ - സാമൂഹ്യ നേതാക്കൾക്കും കടമയുണ്ട്.
ഈ സംഭവം കണ്ടവരുടെ സാക്ഷ്യം അനുസരിച്ച്, ഇടിപ്പിച്ച വണ്ടിയിൽനിന്ന് ഇറങ്ങിവന്ന രണ്ട് പേരോട് ബേബി പറഞ്ഞത് - "എൻ്റെ ജീവൻ ഒന്ന് രക്ഷിക്കണേ" എന്ന് മാത്രമാണ്. എന്നാൽ ഒരല്പം പോലും മനുഷ്യത്വം കാണിക്കാതെ ആ നാൽവർ ഡോക്ടർ സംഘം പരമാവധി വേഗത്തിൽ വണ്ടി ഓടിച്ച് കടന്നു കളഞ്ഞു.
ബേബിയുടെ ഒരു കാൽ 90 ശതമാനം അറ്റ് പോയിരുന്നു. ഒരു കൈ ഒടിഞ്ഞു തൂങ്ങി കിടക്കുന്ന അവസ്ഥയിലും ആയിരുന്നു. മുറിവിലൂടെ അതിവേഗം രക്തം വാർന്ന് പോകുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടിട്ടും കടന്നു കളഞ്ഞത് ഈ സ്ഥിതിയിൽ ഈ അവസ്ഥയിൽ കിടക്കുന്ന രോഗി എത്ര വേഗം മരണത്തിന് കീഴടങ്ങും എന്ന് ഉറപ്പുള്ളവർ തന്നെയാണ്. അദ്ദേഹത്തിൻ്റെ മരണത്തിന് കാരണം രക്തം വാർന്നു പോയി എന്നുള്ളത് ആയിരുന്നു.
എന്താണ് ഈ ഡോക്ടർ അടങ്ങുന്ന സംഘം ചെയ്ത കുറ്റം?
1. തങ്ങൾ കാർ ഇടിപ്പിച്ച വ്യക്തിയുടെ പരിക്ക് ഗൗരവം ഉള്ളതാണ് എന്ന് അറിയാവുന്നവർ ആണ് അവർ.
2. ഈ രീതിയിൽ രക്തം വാർന്നാൽ അദ്ദേഹം ഏകദേശം എത്രസമയം കൊണ്ട് മരിക്കും, അദ്ദേഹത്തിന് എന്തെല്ലാം അസ്വസ്ഥതകൾ അനുഭവപ്പെടും എന്ന് അവർക്ക് അറിയാമായിരുന്നു.
3. 500 മീറ്റർ പരിധിക്കുള്ളിൽ ഈ ഡോക്ടർതന്നെയും സേവനം ചെയ്യുന്ന മെഡിക്കൽ കോളജ് ആശുപത്രി ഉണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അവർ ഒരു ജീവനെ വഴിയിൽ ഉപേക്ഷിച്ച്, കാണാ മറയത്തേക്ക് കാർ ഓടിച്ച് പോയി.
4. ആക്സിഡൻ്റ് പറ്റിയ സമയത്തിന് ശേഷം ഏകദേശം 25 മിനിറ്റ് ബേബി നടുറോട്ടിൽ രക്തം വാർന്ന് കിടന്നു, കാരണം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ പോയി._
നിലവിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോകാൻ കഴിയുന്ന, പെറ്റി അടിച്ച് ഇറങ്ങിപ്പോകാൻ കഴിയുന്ന നിസ്സാരമായ വകുപ്പുകൾ ചേർത്താണ് ഈ പ്രതികളുടെ കേസ് എടുത്തിരിക്കുന്നത്. അവർക്ക് സ്റ്റേഷൻ ജാമ്യവും കിട്ടി.
അവർക്ക് ജാമ്യം കിട്ടുമ്പോൾ, ഒരു ചോദ്യം ബാക്കി ആകുന്നു; ബേബി പെരുമാലിൽ എന്ന നേതാവിന് നീതി കിട്ടിയോ?
ഇല്ല ... ഇല്ല .... ഇല്ല ...
ബേബിക്ക് നീതി കിട്ടിയില്ലെങ്കിൽ ആരാണ് കുറ്റക്കാർ?
ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് മാപ്പില്ല. പോലീസിൻ്റെ അനാസ്ഥക്ക് മാപ്പില്ല, വണ്ടി ഇടിപ്പിച്ച് അദ്ദേഹത്തെ കൊല്ലാതെ കൊന്ന നാൽവർ സംഘത്തിന് മാപ്പില്ല, നിർത്താതെ പോയ KSRTC ജീവനക്കാർക്ക് മാപ്പില്ല, ഇതെല്ലാം മനസ്സിലാക്കിയിട്ടും ബേബിക്കും കുടുംബത്തിനും നീതി ലഭിക്കാൻ ഒരു ചെറുവിരൽ അനക്കാത്ത എനിക്കും നിനക്കും മാപ്പില്ല.
പക്ഷേ, നീ ഒന്നോർത്തോ ... ഇന്ന് ബേബി ആണെങ്കിൽ നാളെ നീ ആയിരിക്കും. ആർക്കും ഇതൊന്നും സംഭവിച്ചുകൂടായ്ക ഇല്ല. ശ്വാസം കിട്ടാതെ, ആരും സഹായിക്കാൻ ഇല്ലാതെ നടുറോടഡിൽ നിസ്സഹായനായി കിടക്കുമ്പോൾ നീ ഓർക്കും എൻ്റെ മരണത്തിന് ഉത്തരവാദികൾ ആരായാലും അവർ തിരുത്തപ്പെടണം എന്ന്.
പക്ഷേ നിൻ്റെ പ്രിയപ്പെട്ടവരെന്നും സ്നേഹിതരെന്നും നീ കരുതുന്നവർ നിന്നോടും ഇത് തന്നെ ചെയ്യും. കാരണം, ഇത് നിൻ്റെ കുറ്റകരമായ അനാസ്ഥയുടെ ബാക്കി ഫലമാണ്.
-കടപ്പാട്: മൈക്കിൾ അച്ചൻ