12/03/2023
ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോ ഈസിയാക്കി പഴയന്നൂര്‍ ബ്ലോക്ക്
***********************************
കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പരിണമിക്കാൻ തയ്യാറെടുക്കുന്ന ഈ കാലയളവിൽ, ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക്, വളര്‍ച്ചയ്ക്കും വികസനത്തിനും മറ്റുള്ളവർക്ക് ലഭിക്കും വിധം തന്നെ തുല്യ അവസരങ്ങള്‍ ലഭ്യമാക്കി സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതത്തിനു പ്രാപ്തരാക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് തുല്യതയോടെയുള്ള സമീപനമാണു വേണ്ടതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഓരോ വിഭാഗക്കാരുടെയും പ്രയാസങ്ങളുടെ തോതനുസരിച്ച് ആവശ്യമായ പരിഗണന നൽകി സമൂഹത്തിൽ സാധാരണക്കാരെ പോലെ എല്ലാ മേഖലകളിലും പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുക എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും ധര്മ്മികമായ ചുമതലയായി കണക്കാക്കാം. ഇതേ ലക്ഷ്യത്തോടെ,കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ചികിത്സാ ലഭ്യമാക്കുന്നതിന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ ഉത്ഘാടനം ബഹു. പട്ടികജാതി-പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസനവും, ദേവസ്വവും, പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഇന്ന് ഫിസിയോതെറാപ്പി മാറി കഴിഞ്ഞു. ഭൗതിക സ്രോതസുകളും വ്യായാമരീതികളും ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച് ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. വേദനസംഹാരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആമാശയത്തിലെ അള്‍സര്‍ (മരുന്ന് അലര്‍ജി) ഉള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി ഏറെ ഫലപ്രദമാണ്. സ്ട്രോക്ക്, പാര്‍ക്കിന്‍സണ്‍സ്, സ്പ്രെയിന്‍, സ്ട്രെയിന്‍, ഫ്രാക്ച്ചര്‍ കഴിഞ്ഞുള്ള പുനരധിവാസം, സന്ധിവാതം, ടെന്നീസ് എല്‍ബോ, സ്ഥാനഭ്രംശം (ഡിസ്ലോക്കേഷന്‍), നട്ടെല്ലിലെ ഡിസ്കിന്റെ അകല്‍ച്ച, ക്ഷതം, കഴുത്ത്-നട്ടെല്ലിന്റെ തേയ്മാനം (സ്പൊണ്ടിലോസിസ്), ശാസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകള്‍, ഗര്‍ഭകാല വ്യായാമങ്ങള്‍, ഒബീസിറ്റി (അമിതവണ്ണം) കുട്ടികളിലെ വളര്‍ച്ചക്കുറവ്, ചലനശേഷിക്കുറവ്, സെറിബ്രല്‍ പാള്‍സി, ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞുള്ള പുനരധിവാസം, കായിക താരങ്ങള്‍ക്ക് പറ്റുന്ന പരുക്കുകള്‍ മുതലായവ ഫിസിയോതെറാപ്പി മൂലം ചികിത്സിച്ച് ഭേദമാക്കാം.
പഴയന്നൂര്‍ ബ്ലോക്ക് പരിധിയില്‍ ഫിസിയോതെറാപ്പി സൌകര്യം നല്കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. പാവപ്പെട്ടവരായ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന തരത്തില്‍ ഒരു സ്ഥാപനം ബ്ലോക്ക് പരിധിയില്‍ ഉണ്ടാവുക എന്ന ആശയത്തിലാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് വികസന ഫണ്ട് 5 ലക്ഷം രൂപ വകയിരുത്തികൊണ്ട് പദ്ധതി രൂപീകരിക്കുകയും ആധുനിക തരത്തിലുള്ള ഉപകരണങ്ങള്‍ വാങ്ങികൊണ്ട് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിക്കുകയും ചെയ്തത്. ഫിസിയോതെറാപ്പി കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ചേലക്കര ഗ്രാമ പഞ്ചായത്തിലെ ശിവശങ്കരൻ സ്മാരക മന്ദിരത്തെ ഉപയോഗപ്പെടുത്തുകയും ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് പരിധിയില്‍ നിന്നും 15 ഗുണഭോക്താക്കൾ ആകും ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ സൌകര്യം ഉപയോഗപ്പെടുത്തുക.
ഭിന്നശേഷിക്കാരുടെ മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടിയുള്ള ചികിത്സാ രീതിയാണ് സെന്ററിൽ നടക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമേ മാനസിക സ്വഭാവ വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി/ബിഹേവിയര്‍ തെറാപ്പി, സെന്‍സറി ഇംപ്രൂവ്മെന്റ്, ഭാവനാശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി വെര്‍ച്വല്‍ തെറാപ്പി, ഒരു വ്യക്തിയുടെ ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി, സംസാരത്തില്‍ കുറവുകള്‍ വന്ന കുട്ടികള്‍ക്ക് അവരുടെ ന്യൂനതകള്‍ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകള്‍ ശരിയായി ഉച്ചരിക്കുവാന്‍ പരിശീലനം നല്കുന്നതിനുവേണ്ടി സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെന്‍സറി ഓര്‍ഗന്‍സിനെ ഉത്തേജിപ്പിച്ച് കുറവുകള്‍ മാറ്റിയെടുക്കുന്നതിനുവേണ്ടി സെന്‍സറി തെറാപ്പി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും ഭിന്നശേഷിക്കാർക്ക് സൗജന്യമായാണ് ലഭ്യാമാക്കുന്നു. വരും സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് തുക മാറ്റിവയ്ക്കുന്നതിനും കൂടുതല്‍ സൌകര്യപ്രദമായ കേന്ദ്രം നിര്‍മ്മിക്കുന്നതിനും പഴയന്നൂര്‍ ബ്ലോക്ക് പദ്ധതികള്‍ തയ്യാറാക്കിയിടുണ്ട്.
ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി സമ്പാദിക്കുന്നതിനും പ്രായോഗികമായി പ്രതിബന്ധങ്ങൾ ഏറെയാണ്. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ പരിമിതികള്‍ മറികടക്കുന്നതിനും അവകാശ സംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുവരുത്തി രാഷ്ട്രനിര്‍മ്മാണത്തിന് പ്രാപ്തരാക്കുന്നതിന്, അവര്‍ക്ക് തടസ്സമാകുന്ന കാര്യങ്ങൾ മറികടക്കാന്‍ ഉതകുന്ന നൂതന സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുകയും, അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും സാമൂഹ്യനീതി വകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമാണ്. ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിനു മുതൽക്കൂട്ടാകട്ടെ ഇത്തരം പ്രവർത്തനങ്ങൾ.