04/06/2026
നുണകളുടെ പെരുമഴക്കാലം തീർത്ത യുഡിഎഫിന് ഒടുവിൽ ചില സത്യങ്ങൾ സമ്മതിക്കേണ്ടിവന്നു എന്നതാണ് അവർതന്നെ നിയമസഭയിൽവെച്ച ധവളപത്രത്തിലൂടെ സംഭവിച്ചത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ് സർക്കാർ കാലാവധി ഒഴിയുമ്പോൾ 2025-26 സാമ്പത്തിക വർഷം മാർച്ചിൽ 6,322 കോടി രൂപ ഖജനാവിലെ നീക്കിയിരിപ്പായി ഉണ്ടായിരുന്നുവെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം. കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. പൊതുമേഖലയിൽ പരിഷ്കരണമെന്ന പേരിൽ സ്വകാര്യവത്കരണത്തിനുള്ള നീക്കവും ധവളപത്രത്തിലൂടെ ലക്ഷ്യമിടുകയാണ് അവർ. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം മുതൽ കുടിവെള്ളം, വൈദ്യുതി, തുടങ്ങിയവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത് അവസാനിപ്പിക്കൽ ഉൾപ്പടെ നിർദേശിക്കുന്നതാണ് ഇൗ ധവളപത്രം. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് വളർത്തിയെടുത്ത സ്ഥാനത്താണ് യുഡിഎഫ് സർക്കാർ സ്വകാര്യവൽക്കരണ നയവുമായി രംഗത്തുവരുന്നത്. കേരളത്തിന്റെ അടിസ്ഥാനവികസനരംഗത്ത് വിപ്ലവകരമായ കുതിപ്പ് സാധ്യമാക്കിയ കിഫ്ബിയെ പൊളിച്ചെഴുതണമെന്ന നിർദേശവുമുണ്ട്. അതേസമയം, സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തുനിന്നുള്ള കക്ഷികൾക്ക് കൈമാറിയതിലൂടെ
ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ഗുരുതരമായ ലംഘനം കൂടിയാണ് യുഡിഎഫ് സർക്കാർ നടത്തിയിരിക്കുന്നത്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി