06/06/2026
രേഷ് ബാബു എന്ന 33 വയസ്സുകാരനെ 2026 മെയ് 16 ന് തൃശ്ശൂർ ഈസ്റ്റ്പോലീസ്സ്റ്റേഷൻ ക്രൈം നമ്പർ 671/2026 എന്ന കേസിൽ അറസ്റ്റ്ചെയ്തിരുന്നതും തുടർന്ന് മെയ് 17 ന് ബഹുമാനപ്പെട്ട തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി No.1 മുമ്പാകെ ഹാജരാക്കുകയും റിമാൻഡ്ചെയ്യുകയും ചെയ്തു. ജന്മനാൽ മൈൽഡ് മെന്റൽ റിട്ടേഡേഷൻ അഥവാ പരിമിതമായ ബുദ്ധി വളർച്ചക്കുറവ് (50%) ഉണ്ടായിരുന്ന രേഷ് ബാബുവിനെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കുന്നതിന് പകരം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പരിമിത ബുദ്ധിയുള്ള ആളാണെന്ന് പോലീസിനോട് പറഞ്ഞിട്ടും ചെവികൊണ്ടില്ല എന്നാണ് അച്ഛൻ പറയുന്നത്.
"എൻറെ മകനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്നു. മറ്റൊരുതര രോഗങ്ങളും ഉണ്ടായിരുന്നില്ല. ജയിലിൽവച്ച് ഏതെങ്കിലും ഗുളിക അധികമായി കഴിച്ച് മരണപ്പെടേണ്ട യാതൊരുസാഹചര്യവും ഉണ്ടായിരുന്നതല്ലാത്തതും അവൻ യാതൊരു ഗുളികയും സ്ഥിരമായി കഴിച്ചിരുന്നതും അല്ല. അതോടൊപ്പം മെഡിക്കൽ കോളേജിൽ വച്ച് എന്റെ മകനെ കാണുമ്പോൾ അവന്റെ ചുണ്ടുകൾ നീര് കെട്ടിയിരുന്നതുമാണ്. മെഡിക്കൽ കോളേജിൽ വച്ച് ആദ്യം ചോദിച്ചപ്പോൾ അവൻ ചന്ദനതിരി കൊണ്ട് പല്ലുകുത്തിയപ്പോൾ ചോര വന്നുവെന്നും പിന്നീട് ചോര ഛർദിച്ചത് കൊണ്ടാണ് മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത് എന്ന് പറഞ്ഞ പോലീസ് മരണ ദിവസം ചോദിച്ചപ്പോൾ ഏതോ ഗുളിക അധികമായി കഴിച്ചത്കൊണ്ടാണ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയതും തുടർന്ന് മരണപ്പെട്ടതും എന്നാണ് പറയുന്നത്. പോലീസ് പരസ്പര വിരുദ്ധമായി പറയുന്ന കാര്യങ്ങളിൽ എനിക്ക്സംശയമുള്ളതാണ്. എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുള്ളതും എന്റെ മകന്റെ മരണ കാരണം വ്യക്തമല്ലാത്തതുമാണ്. പോലീസ് കസ്റ്റഡിയിൽ ആയിരിക്കുമ്പോഴാണ് അവൻ മരണപ്പെട്ടിട്ടുള്ളത്. തൃശ്ശൂർ ഈസ്റ്റ് പോലീസ്സ്റ്റേഷനിൽ വച്ച് ഏറ്റ മർദ്ദനത്തെ തുടർന്നോ ജയിലിൽ നിന്ന് ഏറ്റ മർദ്ദനം മൂലമോ ആണ് എന്റെ മകൻ മരണപ്പെട്ടത് എന്ന് ഞാൻ സംശയിക്കുന്നു." ഇതാണ് രേഷ് ബാബുവിന്റെ അച്ഛന്റെ പരാതിയിൽ പറയുന്ന പ്രധാന ഭാഗം.
രേഷ് ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.