02/06/2026
*🟣അക്ഷരമുറ്റത്ത് ആവേശമായി പ്രവേശനോത്സവം 2026*
വരടിയം: പുതിയ അധ്യയന വർഷത്തെ വരവേറ്റ് അവണൂർ പഞ്ചായത്ത് തല പ്രവേശനോത്സവം വരടിയം ഗവ. യു.പി. സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന ചടങ്ങിൽ അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥകളി സംഗീതജ്ഞനും തൃശൂർ കഥകളി ക്ലബ് പുരസ്കാരജേതാവുമായ സ്കൂളിലെ പൂർവവിദ്യാർത്ഥി കലാമണ്ഡലം വിശ്വാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളിയുടെ സന്ദർശനവും ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്തംഗം പി.കെ. പ്രസാദ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.വി. സന്തോഷ്, അവണൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താരാഭായ് പി., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന പി.കെ., വാർഡ് അംഗങ്ങളായ വി.എസ്. സുധാമണി, ദിലീപ്കുമാർ പി.ജി., പി.ടി.എ വൈസ് പ്രസിഡന്റ് സൂരജ് സി.ആർ., മാതൃസംഗം പ്രസിഡന്റ് ചിത്ര ചന്ദ്രൻ, ഒ.എസ്.എ സെക്രട്ടറി മുകുന്ദൻ വി.കെ. എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
എലൈറ്റ് ഗ്രൂപ്പ്, സ്നേഹക്കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പാഠപുസ്തക വിതരണം, യൂണിഫോം വിതരണം, ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടന്നു.
കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തവും പ്രവേശനോത്സവത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
https://www.facebook.com/share/p/1GrHutzCN5/