09/01/2016
സത്യമേവ ജയതേ, നാ നൃതം
പ്രിയ സുഹൃത്തുക്കളെ,
പത്ര സമ്മേളനം ഇന്ന് നടത്തി. എത്ര പേർ അഴിമതിക്ക് വശംവദരായി ഈ വാർത്ത മുക്കാതെ റിപ്പോർട്ട് ചെയ്യുമെന്ന് കാണാൻ കാത്തിരിക്കുന്നു .
(അങ്ങേയറ്റം ശ്രദ്ധിക്കപ്പെടേണ്ട ആദിവാസി കുട്ടികൾ ചവറ്റുകൂനയിൽ അന്നം തിരയുമ്പോൾ 9 കോടിയുടെ അവർക്കുള്ള അന്നം കട്ടവർ ഒളിവിൽ കഴിയാനും ഒത്താശ ചെയ്യാനും രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദം മുതിരുന്നത് നമുക്ക് എങ്ങനെ കണ്ടു നിക്കാൻ കഴിയും? ദയവു ചെയ്ത് ഈ അഴിമതി നിങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക. ഇല്ലെങ്കിൽ എന്ത് മാദ്ധ്യമ ധർമ്മം ? )
ശ്രീ. ഡിനു കെ. കുര്യൻ എന്ന വ്യക്തിയുടെ മൂവാറ്റുപുഴ കടവൂർ കിഴക്കേ ഭാഗത്ത് അരി മില്ലിൽ നിന്നും ഒരു മാസം മാത്രം 9,05,42,675 /- (ഒൻപത് കോടി അഞ്ച് ലക്ഷത്തി നാൽ പ്പത്തീരായിരത്തി അറുനൂറ്റി എഴുപത്തിയഞ്ച്) രൂപയുടെ റേഷൻ വിതരണത്തിനായുള്ള 34 ലക്ഷം കിലോ കുത്തരി ഒരൊറ്റ മാസം തിരിമറി നടന്നിട്ടും അത് പൊതുജനങ്ങളിലെത്തിക്കാത്ത കപട മാധ്യമ ധർമ്മം നിങ്ങൾ എന്തിന് പുലർത്തുന്നു ?ഈ വാർത്ത മാതൃഭൂമിയിൽ മാത്രം പേരിനെങ്കിലും ഒരു ദിവസം മാത്രം വന്നു. പിന്നീടതും മുക്കി. അഞ്ചു കോടിയെന്നായിരുന്നു അന്ന് വാർത്ത വന്നത് .
എല്ലാ അഴിമതികളും പോലെ ഇതും ഒത്തുതീർപ്പാക്കാൻ ഉന്നതങ്ങളിൽ നിന്നും ഇടപെട്ടുവെന്ന വാർത്ത അറിഞ്ഞ് 19-09-2015 ന് ഞാൻ സപ്ലൈകോ CMD യുടെ PIO യ്ക്ക് ഈ തിരിമറി സംബന്ധിച്ച് വിശദമായ ഒരു വിവരാവകാശ അപേക്ഷ നൽകി. ഈ അപേക്ഷ നൽകി തൊട്ടടുത്ത ദിവസം, അതായത് 20-09-15 ഞായറാഴ്ച രാവിലെ 7 മണിയോടെ തൃപ്പൂണിത്തുറയടുത്ത് ഇരുമ്പനത്തുള്ള ഒരു റേഷൻ വ്യാപാരി എന്നെ മൊബൈലിൽ വിളിച്ച് ഈ തിരിമറി മൂടി വെയ്ക്കാൻ മോശം അരി വിവിധ സ്ഥലങ്ങളിൽ നിന്നും ഇറക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്നും അങ്ങനെയുള്ള മോശം അരി സ്വീകരിക്കാൻ വിസമ്മതിച്ച അദ്ദേഹത്തിനെതിരെ സമ്മർദ്ദതന്ത്രങ്ങൾ ചെലുത്തുന്നതായും പറഞ്ഞിരുന്നു.
വിവരാവകാശ മറുപടി 20-10-15 ആയിട്ടും ലഭിക്കാത്തതിനാൽ PIO യെ ഫോണിൽ വിളിച്ചപ്പോൾ മറുപടി 16-10-15 ന് അയച്ചെന്നും ലഭിച്ചില്ലെങ്കിൽ അപ്പീൽ നൽകാനും പറഞ്ഞു. അപ്പീലിൽ PIO കൂടുതൽ താൽപ്പര്യം കാണിച്ചതിനാലും 30-10-15 ആയിട്ടും മറുപടി ലഭിക്കാതിരുന്നതിനാലും സംശയം തോന്നിയ ഞാൻ 31-10-15 ന് ഓഫീസിൽ നേരിട്ടെത്തി അതേക്കുറിച്ച് അന്വേഷിച്ചു. മറുപടി ലഭിച്ചില്ലെന്ന് ഞാൻ നുണ പറയുകയാണെന്ന് പറഞ്ഞ PIO, എനിക്ക് അയച്ചെന്ന് പറയുന്ന രണ്ട് പേജുള്ള പ്രാഥമിക മറുപടിയുടെ പകർപ്പ് നൽകി. ആ മറുപടി പ്രകാരം, ശ്രീ. ഡിനു സർക്കാരിന് വരുത്തിയിരിക്കുന്ന നഷ്ടം ആണ് 9 കോടിയിൽപ്പരം രൂപ !! ബാക്കി മുഴുവൻ മറുപടിക്കായി 96 രൂപ (48പേജ് X 2) അടച്ച രസീത് PIO ആവശ്യപ്പെട്ടു. രസീത് കാണിച്ചപ്പോൾ മറുപടി അയച്ചേ തരൂ എന്നും കയ്യിൽ തരില്ലെന്നും പറഞ്ഞു. രണ്ടു പേജ് മറുപടി പോലും ഉന്നത ഇടപെടൽ മൂലം ലഭിക്കാത്ത എനിക്ക് 46 പേജ് തപാലിൽ ലഭിക്കില്ലെന്നും അതിനാൽത്തന്നെ നേരിൽ തരണമെന്നും ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. 2PM മുതൽ 4PM വരെ കാത്തു നിന്നിട്ടും എഞ്ചിനീയറായ SPIO ശ്രീ. ഷെൽജി ജോർജ്ജ് ഇൻസ്പെക്ഷൻ എന്ന പേരിൽ ഓഫീസിൽ ഇല്ലായിരുന്ന തിനാൽ മറുപടി നൽകിയില്ല.
എനിക്ക് ലഭിച്ച രണ്ട് പേജ് മറുപടി പ്രകാരം, തിരിമറി സംബന്ധിച്ച് പോത്താനിക്കാട് പോലീസ് 613/15 നമ്പറായി കേസ് രെജിസ്റ്റർ ചെയ്തതായും വൻ അഴിമതി ആകയാൽ കല്ലൂർക്കാട് CI യ്ക്ക് കൈമാറിയെന്നും തുക മൂന്ന് കോടിയിൽ കൂടുതലാകയാൽ ഇപ്പോൾ എറണാകുളം റൂറൽ SP യ്ക്ക് കൈമാറിയെന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു. കൂടാതെ, പ്രതി ഒളിവിലാണെന്നും ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചോ എന്ന കാര്യം അറിയില്ലെന്നും പോലീസിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
ശ്രീ. ഡിനു കെ. കുര്യൻ എന്ന വ്യക്തിയുടെ മില്ലിൽ നിന്നും വിതരണം ചെയ്ത കുത്തരിയുടെ സാമ്പിൾ, ജോയിൻറ്റ് സാമ്പ്ലിംഗ് സർട്ടിഫിക്കട്ട് എന്നിവയെക്കുറിച്ചുള്ള മറുപടിക്കായി CMD യുടെ ഓഫീസ് പെരുമ്പാവൂർ ഡിപ്പോയ്ക്ക് അപേക്ഷ കൈമാറിയെങ്കിലും സർട്ടിഫിക്കട്ട്അവർ സൂക്ഷിക്കാറില്ലെന്ന മറുപടിയാണ് നൽകിയത്. ഇതിൽ നിന്നും ഈ അഴിമതിയിൽ ഒട്ടനവധി രാഷ്ട്രീയ - ഉദ്യോഗസ്ഥ ബന്ധങ്ങൾ ഉണ്ടെന്നത് സ്പഷ്ടമാണ്. ജോയിൻറ്റ് സാമ്പ്ലിംഗ് സർട്ടിഫിക്കട്ട് എവിടെയാണ് ലഭിക്കുകയെന്ന് സപ്ലൈകോ CMD ശ്രീ KTജയിംസ് IAS നോട് സർക്കാർ നൽകിയ മൊബൈൽ നമ്പരിൽ 03-11-15, 9 PM ന് ചോദിച്ചപ്പോൾ ഇത് സ്വന്തം മൊബൈൽ നമ്പരാനെന്നും എന്നെ രാത്രി വിളിക്കരുതെന്നും എന്തെങ്കിലും അറിയണമെങ്കിൽ ഓഫീസിൽ തിരക്കണമെന്നും വിവരാവകാശത്തിന് മറുപടി കിട്ടിയില്ലെങ്കിൽ അപ്പീൽ നൽകണമെന്നുമുള്ള 'വിദഗ്ദ്ധ' ഉപദേശവുമാണ് ലഭിച്ചത്. പെരുമ്പാവൂർ ഡിപ്പോ മാനേജറും ഇത് തന്നെ പറഞ്ഞു.
ശ്രീ. ഡിനു കെ. കുര്യൻ എന്ന വ്യക്തിയുടെ മില്ലിൽ നിന്നും 2014 ഒക്ടോബർ മാസം വൈക്കം താലൂക്കിലെ ബ്രഹ്മമംഗലത്തുള്ള റേഷൻ കട 60 ൽ വിതരണം ചെയ്ത കുത്തരി മോശമാണെന്ന എൻറെ പരാതി നാളിതുവരെ അന്വേഷിച്ചു തീർപ്പാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് എനിക്കും കുടംബാംഗങ്ങൾക്കും വധ ഭീഷണി വരെ ലഭിച്ചിരുന്നു. അന്ന് പരാതി അന്വേഷിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഇയാൾ പട്ടിണിപ്പാവങ്ങളുടെ 9 കോടി കക്കില്ലായിരുന്നു. ഒരു മാസം 9,05,42,675/- രൂപ എന്ന രീതിയിൽ ഈ കളവു കരാർ ലഭിച്ച കാലമായ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്നുവെന്ന് 2014 ൽ നൽകിയ പരാതിയിൽ നിന്നും വ്യക്തമാകുന്നു. അങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് ഉണ്ടായ നഷ്ടം 200 കോടിക്ക് മേൽ വരും. ഉന്നത ഉദ്യോഗസ്ഥരോടും മന്ത്രിയായ ശ്രീ. അനൂപ് ജേക്കബ്ബിനോടും ഇക്കാര്യങ്ങൾ ആയിരം തവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. കാരണം ഉന്നതർ തന്നെയാണ് ഈ അഴിമതികൾക്ക് കുട ചൂടുന്നതും. PDS Control Order 2001, Essential Commodities Act 1966 , KRO തുടങ്ങിയുള്ള നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അഴിമതി നടക്കുന്നത്. ഒരു പരാതിയിലും നടപടി ഇല്ല, ഒന്നിനും തെളിവില്ല. പരാതി നൽകുന്നവരെ ഉദ്യോഗസ്ഥർ കളിയാക്കുകയും മണ്ടരാക്കുകയും ചെയ്യുന്നു. കാരണം അവർക്കറിയാം ഒരു നടപടിയും ഉണ്ടാകില്ലെന്ന്.
വൈക്കം താലൂക്ക് സപ്ലൈ ഓഫീസർ ഉൾപ്പടെ പല TSO മാരും പഞ്ചായത്ത്തല ഭക്ഷ്യോപദേശക-വിജിലൻസ് കമ്മിറ്റികൾ കൂടുന്നില്ല, അതിൽ കാർഡ് ഉടമകൾ സ്‌ത്രീകൾ ആരെയും ഉൾപ്പെടുത്തിയിട്ടില്ല, പരാതി കൊടുക്കുമ്പോൾ കമ്മിറ്റി കൂടിയതായി വ്യാജ രേഖ ചമക്കുന്നു, എന്നിങ്ങനെ എണ്ണമറ്റ അഴിമതികളാണ് വകുപ്പിൽ നടക്കുന്നത്.
ഒരു പരാതിക്ക് മറുപടിയായി ഭക്ഷ്യ മന്ത്രി എന്നോട് പറഞ്ഞത്,ഈ വിധ പരാതികൾ മന്ത്രിയുടെ വ്യക്തിത്വത്തിന് കളങ്കമുണ്ടാക്കുന്നുവെന്നാണ്. നമ്മൾ ജയിപ്പിച്ചതിന് ശേഷമല്ലേ മന്ത്രിക്ക് ആ നിലയ്ക്കുള്ള വ്യക്തിത്വമുണ്ടായത്? അരി മോഷണവും കൊള്ളയും നടത്തുന്നവരെ സംരക്ഷിക്കാനാണോ നാം ഇവരെയൊക്കെ മന്ത്രിയാക്കിയത്? പരാതികളിൽ അന്വേഷണമില്ല, നടപടിയില്ല.പരാതിപ്പെടുമ്പോൾ വ്യക്തിത്വം ഓർമ്മ വരുന്നു.ഇതാണ് ജാനാധിപത്യം !ഇതുപോലുള്ള അൻപതോളം പരാതികൾ സകല തെളിവുകളോടെ ഞാൻ ഭക്ഷ്യ മന്ത്രി മുതൽ താഴെ താലൂക്ക് സപ്ലൈ ഓഫീസർ (വൈക്കം,കണയന്നൂർ ,മൂവാറ്റുപുഴ) വരെ നൽകിയതിൽ ഒന്നിൽപ്പൊലും തെളിവില്ലെന്ന വ്യാജേന നടപടി എടുത്തിട്ടില്ല. രേഖകളിൽ കൃത്രിമം കാണിച്ച് വർഷങ്ങളായി കൂടാത്ത വിജിലൻസ് കമ്മിറ്റികൾ വെള്ളൂർ പഞ്ചായത്തിൽ കൂടിയതായി വൈക്കം TSO രേഖ ചമച്ച് വച്ചിരിക്കുന്നു. സിവിൽ സപ്ലൈസിലെ Dy സെക്രട്ടറിമാരായ ടി. പി. രജനി, മീര ഡി തുടങ്ങിയവരാണ് വിജിലൻസ് കമ്മിറ്റികൾ കൂടിയതിന് തെളിവുണ്ടെന്ന മറുപടി സ്ഥിരമായി നൽകുന്നത്.താലൂക്ക് സപ്ലൈ ഓഫീസുകൾ അഴിമതിയുടെ ഹബ്ബ് ആയിരിക്കുന്നു. തിരുവാങ്കുളം RI ആമ്പല്ലൂർ പഞ്ചായത്ത് വിജിലൻസ് കമ്മിറ്റിയിലെ പരാതികൾ മുക്കിയിരിക്കുന്നു.പരാതികളിൽ നടപടി ആവശ്യപ്പെട്ട എന്നോട് സിവിൽ സപ്ലൈസ് കമ്മീഷണർ പറഞ്ഞത് താങ്കൾ വേണമെങ്കിൽ ഹൈക്കൊടതയിൽ റിട്ട് നൽകാനാണ്. വിജിലൻസ് കമ്മിറ്റികളിൽ നിന്നും റേഷൻ കാർഡുടമകളെ ഒഴിവാക്കിയത് ചോദ്യം ചെയ്തപ്പോൾ ഇതാണ് മറുപടി.
ദയവ് ചെയ്ത് ഞാൻ അയച്ചു തരുന്ന ഈ രേഖകൾ പരിശോധിച്ച് നട്ടെല്ലുള്ള ഏതെങ്കിലും മാധ്യമ പ്രവർത്തകരുണ്ടെങ്കിൽ, അഴിമതിപ്പണത്തിൻറെ വിഹിതം പറ്റാത്ത യഥാർത്ഥ മാധ്യമ പ്രവർത്തകരുണ്ടെങ്കിൽ, ഈ വാർത്ത നിങ്ങൾ സകലവിധ മാധ്യമങ്ങളിലൂടെയും ജനവിധിക്ക് കരുത്ത് പകരാൻ പ്രസിദ്ധപ്പെടുത്തണം. കടൽത്തീരത്ത് കമിഴ്ന്നു കിടന്ന ഐലൻ എന്ന ബാലൻറെ ശവ ശരീരം ഈ ലോകത്തോട് പലതും പറയാതെ പറഞ്ഞു. അതുപോലെ അരികട്ടവർക്ക് ശിക്ഷ നൽകാനാണ് ആ ആദിവാസി ബാലർ ചവറ്റു കൂനയിൽ അന്നം തിരഞ്ഞത്. ഞാൻ അവർക്ക് വേണ്ടി യാചിക്കുന്നു,നിങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ. ഇവിടെ അധികാരം അഴിമതിക്കാർക്ക് താങ്ങിനും തണലിനും മാത്രമാകുമ്പോൾ ജനങ്ങൾക്ക് നിങ്ങൾ മാത്രമാണ് തുണ. 24 മണിക്കൂറും സർക്കാർ ഉദ്യോഗസ്ഥരായ IAS കാർ പോലും സർക്കാർ മൊബൈലിൽ ഫോണ്‍ ചെയ്‌താൽ വിളിക്കരുതെന്ന് ആജ്ഞാപിക്കുന്നു. രാത്രിയിൽ അഴിമതിക്കാര്യം പറഞ്ഞാൽ ഇവർ തിരിഞ്ഞ് നോക്കില്ല, ഇൻറെർനെറ്റും ഫെയിസ്ബുക്കും എല്ലാം സ്വന്തം കാര്യങ്ങൾക്ക് മാത്രം.
അടുത്ത കാലത്ത് കേരളം കണ്ടതിൽ വെച്ച് ഏറ്റവും കൂടിയ തുകയുടെ അഴിമാതിയാണിത്. ഈ മില്ലുകാരനെതിരെ ഞാൻ 2014 ഒക്ടോബറിൽ നൽകിയ പരാതിയിൽ യാതൊരു നടപടിയും എടുക്കാതെ 9 കോടി കക്കാൻ അനുവദിച്ചത് വകുപ്പ് തന്നെ വീതം പറ്റിയതിനാലാണ്. ആദ്യ അവസരത്തിൽ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താതെ ഉന്നത ഇടപെടൽ നടത്തി പ്രതിയെ ഒളിവിൽ പോകാൻ അനുവദിച്ചത് ഒരു പാർട്ടിയിലെ നേതാവിൻറെ ബന്ധു ആയതിനാലാണ് എന്ന് നേരത്തെ തന്നെ മാതൃഭൂമി വാർത്ത നൽകിയതാണ്.
ഞാൻ നിങ്ങളിൽ നിന്നും ഈ വാർത്ത കേൾക്കാൻ മാത്രം കാതോർക്കുന്നു.
അനീഷ് പി പി
മഠത്തിൽ വീട്
നീർപ്പാറ
വടകര പി ഓ
കോട്ടയം - 686605
9961870877