31/08/2026
സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവന
പരിസ്ഥിതി ലോല വിജ്ഞാപനം
കേന്ദ്ര നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം
ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി(ഇഎസ്‌എ) കരട് വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയാക്കാൻ ഇനി മൂന്നാഴ്‌ചയാണുള്ളത്.
കേന്ദ്ര വിജ്ഞാപന പ്രകാരം ജില്ലയിലെ പേര്യ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്,
വെള്ളാർമല വില്ലേജുകൾ പൂർണമായും പരിസ്ഥിതിലോല പ്രദേശമാണ്. കാർഷിക മേഖലയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളുമാണ് ഇൗ വില്ലേജുകൾ. ഗോത്രവിഭാഗങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാകും. ഉന്നതികളിലെ അടിസ്ഥാനസൗകര്യ വികസനമടക്കം നിലയ്‌ക്കും.
ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവയിലെല്ലാം നിയന്ത്രണങ്ങളുണ്ടാകും. ജനജീവിതം തകർക്കുന്ന നടപടിക്കെതിരെ ജില്ലയിലെ മന്ത്രി ടി സിദ്ദിഖും എംഎൽമാരും ഒരക്ഷരം പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരും യുഡിഎഫ് നേതൃത്വവും മൗനത്തിലാണ്.
ജില്ലയിലെ മുഴുവൻ വില്ലേജുകളെയും
പരിസ്ഥിതിലോല പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വിദഗ്ധ സമിതിയോട് നേരെത്തെ എൽഡിഎഫ് സർക്കാർ ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുകയും ചെയ്‌തതാണ്. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ തുടങ്ങിയവ സംരക്ഷിച്ച് വനമേഖലകളെ മാത്രം ഇഎസ്‌എ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എൽഡിഎഫ് നിലപാട്. കാര്യക്ഷമമായ ഇടപെടലായിരുന്നു അന്ന് സംസ്ഥാന സർക്കാരിന്റെത്. ഇപ്പോൾ കേന്ദ്രം വീണ്ടും വിജ്ഞാപനം ഇറക്കിയപ്പോൾ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കാജനകമാണ്. എൽഡിഎഫ് സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടും, ഹർത്താൽവരെ നടത്തി പ്രതിഷേധിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറിയോയെന്ന് വ്യക്തമാക്കണം.
എൽഡിഎഫ് മാതൃകയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വമ്പിച്ച ബഹുജനപ്രക്ഷോഭങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.