28/10/2026
കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിൽ LDF കൺവീനർ ടി. പി രാമകൃഷ്ണൻ സന്ദർശിച്ചു. കൃഷി നശിപ്പിക്കട്ട കൃഷിക്കാരെയും പ്രദേശവാസികളെയും നേരിൽ കണ്ട് വിവരങ്ങൾ ആരാഞ്ഞു.
വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്ന്
ടി.പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് മലയോരത്ത് കാട്ടാന ശല്യം രൂക്ഷമായിരിക്കയാണ്.
കക്കയം വനമേഖലയിൽ നിന്നും ഇറിഗേഷൻ ജലാശയം നീന്തിക്കടന്നാണ്
കാട്ടാനകൂട്ടങ്ങൾ ജനവാസ മേഖലയിൽ വ്യാപകമായ കൃഷിനാശം വരുത്തുന്നത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫെൻസിങ്ങ് സ്ഥാപിക്കാൻ ഒരു കോടി അറുപത് ലക്ഷം രൂപയുടെ പദ്ധതി കൃഷി വകുപ്പ് തയ്യാറാക്കുകയും പദ്ധതി ടെണ്ടർ നടപടികൾ വനം വകുപ്പ് സ്വീകരിക്കുകയും ചെയ്തിരുന്നതാണ്.
എന്നാൽ പദ്ധതി നിർവ്വഹണം പുതിയ സർക്കാറിന്റെ കാലത്ത് നടപ്പാക്കിയിട്ടില്ല.
ഇറിഗേഷൻ ഭൂമിയിലൂടെ ഫെൻസിങ്ങ് സ്ഥാപിക്കുന്നതിന് ഇറിഗേഷൻ അനുമതി ലഭിച്ചില്ലെന്നാണ് വനം വകുപ്പ് വിശദീകരണം.
ഇറിഗേഷൻ വകുപ്പ് അനുമതിക്കായി
കഴിഞ്ഞ സപ്തമ്പർ 24 ന് ഫയൽ തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്.
ഇത് വരെ നടപടി ഒന്നുമായിട്ടില്ല.
കാർഷിക മേഖലയിൽ വളം വില വർദ്ധനവ് അടക്കം കർഷകർ നിരവധി പ്രശ്നങ്ങൾ നേരിടുമ്പോഴാണ് മണ്ണിലെ അദ്ധ്വാനം മുഴുവൻ കാട്ട് മൃഗങ്ങൾ നശിപ്പിക്കുന്നത്.
കാട്ടാനകളെ കൂടാതെ മയിൽ, കുരങ്ങ്, കാട്ട് പന്നികൾ എന്നിവയും കൃഷി ഭൂമി കയ്യടക്കുകയാണ്.
കൃഷി നാശം വന്ന സ്ഥലങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിക്കുകയോ നഷ്ട പരിഹാരം കണക്കാക്കുകയോ ചെയ്തിട്ടില്ല.
നഷ്ട പരിഹാരം സംബന്ധിച്ച് കൃഷി വകുപ്പ് കൈമലർത്തുകയാണ്.
സർക്കാറിന്റെ അടിയന്തിര സാമ്പത്തിക സഹായം മേഖലയിലെ കൃഷിക്കാർക്ക് ഉറപ്പ് വരുത്തണം.
സൗര വേലി സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണം.
ജലാശയം നീന്തി കാട്ടാനകളും മറ്റ് മൃഗങ്ങളും ജനവാസ മേഖലയിൽ കടന്നെത്തുന്നത് തടയാനും അടിയന്തിര നടപടികൾ സ്വീകരിക്കണം.
പ്രദേശത്ത് നടത്തിയ സന്ദർശനത്തിൽ കർഷകരെ നേരിട്ട് കേൾക്കുകയും അവർക്കുണ്ടായ നഷ്ടം ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വനം വകുപ്പും ഇറിഗേഷൻ വകുപ്പും
തദ്ദേശ ഭരണത്തിന്റെ സഹായത്തോടെ ശക്തമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു.
വാർഡ് മെമ്പർമാരായ എൻ. കെ കുഞ്ഞമ്മദ്, വി. കെ ഹസീന, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത് LDF നേതാക്കളായ അരുൺ കെ. ജി,എ. സി ഗോപി, ഷാജു തോമസ് പ്ലാത്തോട്ടം, ടി. കെ ശിവദാസൻ , സി. എ ജോസഫ്, കെ. ജെ തോമസ്, വിത്സൻ പാത്തിച്ചാലിൽ, കെ. എ ശ്രീജൻ, ടി. കെ അജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.