21/07/2026
സിപിഐ എം സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം ജൂലൈ 21 ന് സമുചിതമായി ആചരിക്കണം.
കയര്‍ ഫാക്ടറി തൊഴിലാളിയായ വിഎസിലെ നേതാവിനെ കണ്ടെത്തുന്നത് പി കൃഷ്‌ണപിള്ളയാണ്. 1940 ല്‍ 17-ാമത്തെ വയസ്സില്‍ സഖാവ് പാര്‍ടി അംഗമായി. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലും സഖാവ് ഭാഗവാക്കായി. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗമായും, കേരളത്തിന്റെ മുഖ്യമന്ത്രിയായും, പ്രവര്‍ത്തിച്ച വിഎസ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ അണിനിരന്നു. സാമ്പത്തിക സമത്വത്തിനും, സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്‍പന്തിയില്‍ തന്നെ അദ്ദേഹം അണിനിരന്നു. ഭൂസമരങ്ങളിലും സഖാവ് സജീവ സാന്നിദ്ധ്യമായി. ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു വിഎസിന്റേത്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ട് അദ്ദേഹം ഇടപെട്ടു. സ്‌ത്രീ സമത്വത്തിന്റെ ആശയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയും, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്‌തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച് ഭരണകൂടത്തിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിക്കൊണ്ടാണ് വിഎസ് പ്രവര്‍ത്തിച്ചത്. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും വിഎസ് മുന്‍പന്തിയില്‍ നിന്നു. സംസ്ഥാനത്തെമ്പാടും ദിനാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളിലൂടെ നടത്തുന്നതിന് എല്ലാ പാര്‍ടി ഘടകങ്ങളും മുന്നിട്ടിറങ്ങണം. പാര്‍ടി ഓഫീസ് അലങ്കരിച്ചും, പതാക ഉയര്‍ത്തിയും, അനുസ്‌മരണ സമ്മേളനം നടത്തിയും വിഎസിന്റെ സ്‌മരണ പുതുക്കണം.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്