28/08/2026
_പത്രക്കുറിപ്പ്_
*രണ്ടാമത് ചേർത്തല വള്ളം കളിയും ഓണാഘോഷവും ഇന്നാരംഭിക്കും*
*ചെറുവള്ളങ്ങളും കയാക്കുകളും നാളെ ടിബി കനാലിൽ മാറ്റുരയ്കും*
ചേർത്തലക്കാർ ഇപ്പോൾ ഓണം ആഘോഷിക്കുന്നത് എ.എസ്. കനാലിനൊപ്പമാണ്. എ.എസ്. കനാൽ ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് ചേർത്തല വള്ളം കളിക്ക് ഇന്ന് (29-08-26) രാവിലെ 9 ന് ടിബി കനാൽ മൈതാനിയിൽ നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ പതാക ഉയർത്തുന്നതോടെ തിരശീല ഉയരും. നാളെ പകൽ 3 ന് ചെറുവള്ളങ്ങളുടെ മത്സര വള്ളം കളിയും കയാക്കിംഗ് മത്സരവും ടിബി കനാലിൽ നടക്കും.
പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടിരുന്ന എ.എസ്. കനാലിന് ജീവനേകുന്നതിനായുള്ള 'സേവ് എ എസ് കനാൽ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി 2025 ലാണ് എ.എസ്. കനാലിൽ വള്ളം കളി മത്സരം ആദ്യമായി ആരംഭിച്ചത്.
തങ്ങൾ ഉപേക്ഷിച്ച കനാലിലേക്ക് ജനങ്ങളെ തിരിച്ചെത്തിക്കാനുള്ള വിജയകരമായ ശ്രമമായിരുന്നു കനാൽ ഫെസ്റ്റ് എന്ന പുതുവത്സരാഘോഷം. കനാലിൻ്റെ മറ്റൊരു ഉപയോഗമായി നഗരസഭ കാണുന്നത് ജല - കായിക വിനോദങ്ങളാണ്. ചേർത്തല വള്ളം കളിയോടെ അതിനും തുടക്കമായി. കഴിഞ്ഞ വള്ളം കളിയുടെ തുടർച്ചയായി ഇപ്പോൾ കനാലിൽ കയാക്കിംഗ് പരിശീലനം നടന്നുവരുകയാണ്.
കനാലിലേക്ക് ആളെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കൊപ്പം കനാൽ വൃത്തിയാക്കാനുള്ള നടപടികളും നഗരസഭ ചെയ്തുവരുന്നു. കനാലിലെ ചെളിയും മണ്ണും നീക്കുന്ന പദ്ധതിയാണ് തുടർന്ന് നടപ്പാക്കാൻ നഗരസഭ ഉദ്ദേശിക്കുന്നത്. അതിനായി ഒരു കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്യുന്നത്. ഇതോടെ കനാലിൽ ടി.ബി കനാൽ - സെൻ്റ് മേരീസ് പാലം ഭാഗത്തേക്ക് കനോയിംഗ് - കയാക്കിംഗ് വിനോദങ്ങൾ വ്യാപിപ്പിക്കാൻ കഴിയും.
വള്ളം കളിയുടെയും ഓണാഘോഷത്തിൻ്റെയും ഭാഗമായി വിവിധ മത്സരങ്ങളും കലാകായിക പരിപാടികളും നഗരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് (2026 ഓഗസ്റ്റ് 29) വൈകുന്നേരം 4:00 മണിക്ക് ചേർത്തല ദേവീ ക്ഷേത്ര മൈതാനിയിൽ നിന്നും വർണാഭമായ ഹരിത സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ പി.എ. ജസ്റ്റിൻ ഘോഷയാത്ര ഫ്ലാഗോഫ് ചെയ്യും.
ഒന്നാം ദിവസമായ ഇന്ന് രാവിലെ 10 മുതൽ ഓലമെടയൽ മത്സരം, കയറുപിരി മത്സരം, ചൂണ്ടയിടൽ മത്സരം എന്നിവ ടിബി കനാലിൽ നടക്കും. എക്സറേ കവലയ്ക് പടിഞ്ഞാറുവശമുള്ള ചേരകുളത്തിൽ നീന്തൽ മത്സരം സംഘടിപ്പിക്കും. വൈകിട്ട് 5 മുതൽ ടി.ബി കനാൽ മൈതാനിയിൽ വടംവലി മത്സരം, പായസ പാചക മത്സരം, ഫ്യൂഷൻ തിരുവാതിര മത്സരം, ഫാൻസി ഡ്രസ്സ് മത്സരം എന്നിവ നടക്കും.
രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ 10 മുതൽ ടിബി കനാൽ മൈതാനിയിൽ അത്തപ്പൂക്കള മത്സരം പകൽ 3 മുതൽ കയാക്കിംഗ് മത്സരം, വള്ളംകളി മത്സരം മുതലായവ നടക്കും. വൈകിട്ട് 6 ന് സമാപന സമ്മേളനവും സമ്മാനദാനവും പി. പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്. സോബിൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന് ശേഷം കൊല്ലം മുല്ല ക്രിയേഷൻസ് അവതരിപ്പിക്കുന്ന ആദിതീയൻ എന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറും.
എ.എസ്. കനാൽ വൃത്തിയായി സൂക്ഷിക്കുക എന്നത് ചേലൊത്ത ചേർത്തല പരിപാടിയുടെ അവിഭാജ്യ ഘടകമാണെന്നും അതിനായി നഗരവാസികൾ ഒത്തു ചേരുന്ന ആഘോഷമായി വള്ളംകളിയെ മാറ്റണമെന്നും സംഘാടകസമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
പത്ര സമ്മേളനത്തിൽ
നഗരസഭാ ചെയർപേഴ്സൺ എസ് സോബിൻ, വൈസ് ചെയർപേഴ്സൺ എൻ എൽ വത്സലകുമാരി, ജനറൽ കൺവീനർ എ.എസ്. സാബു, ബി . ഭാസി , ധന്യ ജയദേവൻ, അരുൺ കെ പണിക്കർ അഡ്വക്കേറ്റ് പി ജ്യോതിമോൾ, ഡി ഷാജി, പി എസ് പുഷ്പരാജ്,
തുടങ്ങയിവർ പങ്കെടുത്തു.