28/10/2026
⚖️ **ജഡ്ജിയെ അറസ്റ്റ് ചെയ്യാമോ? — നിയമവും അനുഭവങ്ങളും**
"നിയമത്തിനു മുന്നിൽ എല്ലാവരും തുല്യർ" എന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. ന്യായാസനത്തിൽ ഇരിക്കുന്നവരും അതിന് അപവാദമല്ല. എന്നാൽ ഒരു ജുഡീഷ്യൽ ഓഫീസർക്കെതിരെ മറ്റേതൊരു പൗരനെതിരെയുമെന്നപോലെ പോലീസിന് നേരിട്ട് FIR രജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യാനും കഴിയുമോ? ഈ ചോദ്യം നിയമവൃത്തങ്ങളിൽ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
**🔍 എന്തിനാണ് പ്രത്യേക സംരക്ഷണം?**
ഭയമോ പക്ഷപാതമോ കൂടാതെ വിധി പറയാൻ ന്യായാധിപനു കഴിയണം. ഇന്ന് ജാമ്യം നിഷേധിക്കപ്പെട്ട ഒരാളോ, ഒരു ഉത്തരവ് ഇഷ്ടപ്പെടാത്ത പോലീസ് ഉദ്യോഗസ്ഥനോ നാളെ ആ ജഡ്ജിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയാൽ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യംതന്നെ അപകടത്തിലാകും. ഈ സംരക്ഷണം ജഡ്ജിയെന്ന വ്യക്തിക്കുള്ളതല്ല, നീതിന്യായ സ്ഥാപനത്തിനുള്ളതാണ്.
**📰 സംഭവം 1: രാജ്യത്തെ ഞെട്ടിച്ച നദിയാദ് സംഭവം (1989)**
ഗുജറാത്തിലെ നദിയാദിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന എൻ.എൽ. പട്ടേലിനോട് പ്രാദേശിക പോലീസ് സഹകരിച്ചിരുന്നില്ല. സമൻസും വാറന്റും നടപ്പാക്കാൻ വൈകിച്ചതിന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി. അതോടെ ശത്രുത മൂർച്ഛിച്ചു.
1989 സെപ്റ്റംബർ 25-ന് ഇൻസ്പെക്ടർ എസ്.ആർ. ശർമ്മ മദ്യനിരോധന നിയമലംഘനം ആരോപിച്ച് മജിസ്ട്രേറ്റിനെ അറസ്റ്റ് ചെയ്തു. മർദിച്ചു, വിലങ്ങണിയിച്ചു, കട്ടിയുള്ള കയറുകൊണ്ട് കെട്ടി, ആ നിലയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. വിലങ്ങും കയറുമായി നിൽക്കുന്ന മജിസ്ട്രേറ്റിന്റെ ചിത്രം രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അച്ചടിച്ചുവന്നു.
രാജ്യത്തെ അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരും ഒന്നടങ്കം പ്രതിഷേധിച്ചു. സുപ്രീം കോടതി ഇടപെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തി അവരെ ശിക്ഷിച്ചു. മജിസ്ട്രേറ്റിനെതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്നു കണ്ട് റദ്ദാക്കുകയും ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരുടെ അറസ്റ്റിനുള്ള ഇന്നത്തെ മാർഗ്ഗനിർദ്ദേശങ്ങൾ പിറന്നത് ഈ വിധിയിലാണ്:
📌 *Delhi Judicial Service Association v. State of Gujarat, AIR 1991 SC 2176*
**🔹 അറസ്റ്റിനുള്ള നിബന്ധനകൾ**
▪️ അറസ്റ്റ് ജില്ലാ ജഡ്ജിയെയോ ഹൈക്കോടതിയെയോ അറിയിച്ചുകൊണ്ടു മാത്രം.
▪️ ഉടൻ അറസ്റ്റ് അനിവാര്യമെങ്കിൽ സാങ്കേതികമോ ഔപചാരികമോ ആയ അറസ്റ്റ് മാത്രം.
▪️ അറസ്റ്റ് വിവരം ഉടൻ ജില്ലാ സെഷൻസ് ജഡ്ജിയെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും അറിയിക്കണം.
▪️ ജില്ലാ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ഉത്തരവില്ലാതെ (ലഭ്യമെങ്കിൽ) പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകരുത്.
▪️ കുടുംബം, അഭിഭാഷകൻ, ജുഡീഷ്യൽ ഓഫീസർമാർ എന്നിവരുമായി ബന്ധപ്പെടാൻ ഉടൻ സൗകര്യം നൽകണം.
▪️ അഭിഭാഷകന്റെയോ തുല്യമോ ഉയർന്നതോ ആയ റാങ്കിലുള്ള ജുഡീഷ്യൽ ഓഫീസറുടെയോ സാന്നിധ്യത്തിലല്ലാതെ മൊഴിയെടുപ്പ്, മഹസർ, വൈദ്യപരിശോധന എന്നിവ പാടില്ല.
🔴 **വിലങ്ങ് പാടില്ല.** ജീവനു ഭീഷണിയാകുന്ന അക്രമാസക്തമായ ചെറുത്തുനിൽപ്പുണ്ടായാൽ മാത്രമാണ് ഇളവ്. അപ്പോഴും അതിന്റെ ആവശ്യകത തെളിയിക്കേണ്ടത് പോലീസാണ്. അന്യായമായിരുന്നുവെന്നു തെളിഞ്ഞാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ പെരുമാറ്റദൂഷ്യത്തിന് കുറ്റക്കാരാകും. നഷ്ടപരിഹാരം അവർ വ്യക്തിപരമായി നൽകുകയും വേണം.
ഇവ ഏറ്റവും കുറഞ്ഞ സുരക്ഷാവ്യവസ്ഥകൾ മാത്രമാണ്. കുറ്റം ഏതായാലും, ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ടതായാലും അല്ലെങ്കിലും, ഇവ ബാധകമാണ്.
**📰 സംഭവം 2: "അനുമതി ആവശ്യമില്ല" എന്ന് പോലീസ് (കൂനൂർ, 2013)**
തമിഴ്നാട്ടിലെ കൂനൂരിലെ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയെ, ഒരു വനിതാ സബ് ഇൻസ്പെക്ടറുടെ പരാതിയിൽ, പോലീസ് പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ജില്ലാ ജഡ്ജിയുടെ അനുമതിയുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല എന്നായിരുന്നു മറുപടി. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക സംഘടനകളും ബാർ കൗൺസിലും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നദിയാദ് വിധി വന്ന് ഇരുപതു വർഷം കഴിഞ്ഞിട്ടും അത് പാലിക്കപ്പെടുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്.
**📰 സംഭവം 3: ഒരു ചീഫ് ജസ്റ്റിസിനെതിരായ കേസ് (കെ. വീരസ്വാമി)**
മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ. വീരസ്വാമിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് CBI അഴിമതിക്കേസ് എടുത്തു. ജഡ്ജിമാരും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന "പൊതുസേവകർ" ആണെന്ന് സുപ്രീം കോടതി ഈ കേസിൽ വിധിച്ചു. ഒപ്പം ഒരു സംരക്ഷണവും ഏർപ്പെടുത്തി: ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ FIR രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി കൂടിയാലോചിക്കണം.
📌 *K. Veeraswami v. Union of India, (1991) 3 SCC 655*
**📰 സംഭവം 4: അനുമതിയില്ലാത്ത FIR ഉത്തരവ് റദ്ദാക്കി (ഡൽഹി, 2025)**
ഡൽഹിയിൽ ഒരു സിറ്റിങ് ജഡ്ജിക്കും ഒരു വ്യവസായിക്കുമെതിരെ FIR രജിസ്റ്റർ ചെയ്യാൻ ഒരു മജിസ്ട്രേറ്റ് കോടതി 2024-ൽ ഉത്തരവിട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ ജുഡീഷ്യൽ ഓഫീസർക്കെതിരെ FIR രജിസ്റ്റർ ചെയ്യാനാവില്ലെന്നു പറഞ്ഞ് രോഹിണിയിലെ സെഷൻസ് കോടതി 2025 ഫെബ്രുവരിയിൽ ആ ഉത്തരവ് റദ്ദാക്കി.
**🔹 FIR-ന് എപ്പോൾ അനുമതി വേണം?**
📌 *U.P. Judicial Officers Association v. Union of India, (1994) 4 SCC 687*
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ, അല്ലെങ്കിൽ കൃത്യനിർവഹണമെന്ന പേരിൽ, ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റമാണെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുൻകൂർ അനുമതി വേണം. എല്ലാത്തരം കുറ്റങ്ങൾക്കും അനുമതി നിർബന്ധമാക്കണമെന്ന ആവശ്യം 2002-ൽ സുപ്രീം കോടതി അംഗീകരിച്ചില്ല.
💡 **ഉദാഹരണം:** കോടതിയിൽ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട ആരോപണമാണെങ്കിൽ അനുമതി വേണം. ഔദ്യോഗിക ജോലിയുമായി ബന്ധമില്ലാത്ത ഒരു റോഡപകടമോ വ്യക്തിപരമായ തർക്കമോ ആണെങ്കിൽ FIR-ന് അത്തരം അനുമതി ആവശ്യമില്ല.
**🔹 ന്യായാധിപനും ഒരു അതിർവരമ്പ്**
നദിയാദ് മജിസ്ട്രേറ്റ് ഇൻസ്പെക്ടറുടെ ക്ഷണം സ്വീകരിച്ച് പോലീസ് സ്റ്റേഷനിൽ പോയതിനെ സുപ്രീം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഒരു ജുഡീഷ്യൽ ഓഫീസറും സ്വന്തം നിലയിൽ പോലീസ് സ്റ്റേഷൻ സന്ദർശിക്കരുത്. ഔദ്യോഗിക ആവശ്യത്തിനു പോകേണ്ടിവന്നാൽ ജില്ലാ സെഷൻസ് ജഡ്ജിയെ മുൻകൂട്ടി അറിയിക്കണം.
**✅ ചുരുക്കത്തിൽ**
▪️ **FIR:** ഔദ്യോഗിക കൃത്യവുമായി ബന്ധപ്പെട്ട കുറ്റമാണെങ്കിൽ ചീഫ് ജസ്റ്റിസിന്റെ മുൻകൂർ അനുമതി വേണം. അല്ലെങ്കിൽ വേണ്ട.
▪️ **അറസ്റ്റ്:** കുറ്റം ഏതായാലും സുപ്രീം കോടതിയുടെ നിബന്ധനകൾ കർശനമായി പാലിക്കണം.
▪️ **അടിസ്ഥാനതത്ത്വം:** പദവി എത്ര ഉയർന്നതായാലും ആരും നിയമത്തിന് അതീതരല്ല. ജഡ്ജിയും മറ്റേതൊരു പൗരനെയും പോലെ ക്രിമിനൽ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടണം.
ന്യായാധിപന്റെ അന്തസ്സും നിയമവാഴ്ചയും ഒരുപോലെ കാക്കുന്ന ഈ സന്തുലനമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കരുത്ത്. 🙏
**Adv. A. Francis Mangalath**
Advocate & Notary, Alappuzha – 688 003