07/11/2026
വിപ്ലവസൂര്യനെ പഴമുറംകൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും അനിഷേധ്യനായ നേതാവായിരുന്നു സ.ടി.വി തോമസ്. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ ധീരനായകൻ എന്ന നിലയിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ സമരചരിത്രത്തിൽ സമുന്നത സ്ഥാനമുള്ള സ.ടി.വി, കേരളത്തിന്റെ വ്യവസായ വികസനത്തിന് അടിത്തറയിട്ട പ്രഗൽഭനായ ഭരണാധികാരി എന്ന നിലയിൽ രാജ്യത്തിന്റെ ആകെ ആദരവ് നേടി. കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്ന നിലയിലും ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും സ.ടി.വി തോമസിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും.
പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ മറ്റെല്ലാ നേതാക്കളും ഒളിവിൽ പോകാനും ടി.വി തോമസ് ആലപ്പുഴ നഗരത്തിൽ പരസ്യമായി നിൽക്കാനും ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനം. പാർട്ടി തീരുമാനം അക്ഷരംപ്രതി അനുസരിച്ച ടി.വി തോമസ് വയലാർ വെടിവെപ്പിനുശേഷം അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ പണിമുടക്ക് പിൻവലിച്ചു കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ, പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളുടെയും ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
കേസിന്റെ വിചാരണ വേളയിലും പുന്നപ്ര വയലാറിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മറ്റെല്ലാ പ്രതികളെയും വിട്ടയച്ച് തന്നെ വിചാരണ ചെയ്യണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. വധശിക്ഷ നേരിടാനും താൻ തയ്യാറാണെന്ന് ടിവി അറിയിച്ചു. പുന്നപ്ര- വയലാർ സമരത്തിന് ശേഷം ടി.വി തോമസിനെ അറസ്റ്റു ചെയ്ത് നിറതോക്കേന്തിയ നൂറുകണക്കിന് പട്ടാളക്കാർ ചുറ്റുംനിന്ന് ആലപ്പുഴ നഗരത്തിലൂടെ കൊണ്ടുപോകുന്ന ചിത്രം സ.സി.അച്ചുതമേനോൻ ആവേശപൂർവ്വം വർണ്ണിച്ചിട്ടുണ്ട്.
40000 തൊഴിലാളികൾ അംഗമായ തിരുക്കൊച്ചി കയർ വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ടായിരുന്നു സ.ടി.വി. കയർ ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായ മേഖലകളിലെയും ഇലക്ട്രിസിറ്റി, ട്രാൻസ്പോർട്ട് തുടങ്ങി എല്ലാ സംഘടിത വ്യവസായ മേഖലകളിലെയും തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കിയ ടി.വി തോമസിന്റെ നേതൃത്വത്തിലാണ് 1954ലെ ചരിത്രപ്രസിദ്ധമായ ട്രാൻസ്പോർട്ട് തൊഴിലാളി സമരം നടന്നത്.
സമരസംഘാടകനും നേതാവും എന്നതുപോലെ മികച്ച പാർലമെന്റേറിയനും അതിപ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു ടി.വി തോമസ്. ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ എന്ന നിലയിലും തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച ശേഷമാണ് സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി അദ്ദേഹം അധികാരമേൽക്കുന്നത്. തൊഴിൽ മന്ത്രി എന്ന നിലയിൽ ട്രേഡ് യൂണിയൻ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കാനുള്ള വ്യവസ്ഥകൾക്ക് അദ്ദേഹം രൂപം നൽകി.
തുടർന്ന് രണ്ട് മന്ത്രിസഭകളിലായി 8 വർഷത്തിലേറെ വ്യവസായ മന്ത്രിയായിരുന്ന ടി.വി, കേരളത്തിൻ്റെ വ്യവസായവല്കരണത്തിന് അടിത്തറ പാകി. മലബാറിൽ ബീഡി വ്യവസായം തകരുകയും വ്യവസായികൾ സംസ്ഥാനം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തപ്പോൾ പതിനായിരക്കണക്കിന് ബീഡിത്തൊഴിലാളികളെ സംരക്ഷിക്കാൻ സഹകരണമേഖലയിൽ ദിനേശ് ബീഡി എന്ന ആശയം മുന്നോട്ടു വച്ചതും സാക്ഷാത്കരിച്ചതും ടി.വിയാണ്.
ഈറ, മുള തൊഴിലാളികൾക്ക് വേണ്ടി ബാംബൂ കോർപ്പറേഷൻ തുടങ്ങി. ഇലക്ടോണിക് വ്യവസായ രംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയായ കെൽട്രോൺ, വാളയാർ സിമൻറ്സ്, ടൈറ്റാനിയം കോംപ്ലക്സ്, ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് അങ്ങനെ എണ്ണിയാൽ തീരാത്ത സ്ഥാപനങ്ങൾ ടി.വിയുടെ നിത്യസ്മാരകങ്ങളാണ്. പതിനായിരം ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിച്ചതും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ തുടങ്ങിയതും ടി.വി ആണ്.
സ.ടി.വിയുടെ അനശ്വരമായ സംഭാവനകളെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങൾ സംഘടിതമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ടി.വിയെ ഇപ്പോൾ പ്രത്യേകം ഓർമ്മിച്ചത്. പുന്നപ്ര വയലാർ സമരത്തിന്റെ ധീരനായകനായ സ.ടി.വിയെ പല നേതാക്കളിൽ ഒരാളായി മാത്രം ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ചരിത്രം തിരുത്തി എഴുതാനും വികൃതമാക്കാനുമുള്ള ശ്രമങ്ങളെ ശക്തമായി നേരിടാൻ നമ്മൾ തയ്യാറാകണം.