30/10/2026
പുതുക്കാട് റെയിൽവേ ഓവർബ്രിഡ്‌ജ് നിർമ്മാണം സബ്‌മിഷൻ 29.10.2026 .....
2016-17 വർഷത്തെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി, കിഫ്ബി ധനസഹായത്തോടെ, ആർ.ബി.ഡി.സി.കെ. മുഖേന നിർമ്മാണം നടത്തുന്നതിന്, നടപടി സ്വീകരിച്ച പുതുക്കാട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 10.5 കോടി രൂപ അനുവദിച്ച് ആവശ്യമായ ഭൂമി ഏറ്റെടുത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. നിരവധി തവണ ടെണ്ടർ ചെയ്ത പുതുക്കാട് ആർ.ഒ.ബി.യുടെ നിർമ്മാണ പ്രവൃത്തി, കരാർ കൂടിയ തുകയ്ക്ക് ക്വാട്ട് ചെയ്ത സാഹചര്യത്തിൽ, ടെണ്ടർ അപ്രൂവലിനായി സർക്കാരിൽ സമർപ്പിച്ചിട്ട് ഇനിയും അനുമതി ലഭിച്ചിട്ടില്ല. സർക്കാർ നിർദ്ദേശ പ്രകാരം എസ്റ്റിമേറ്റ് പുനഃപരിശോധിക്കുകയും പുതുക്കിയ എസ്റ്റിമേറ്റ് ആർ.ബി.ഡി.സി.കെ. തയ്യാറാക്കി അധിക തുകയ്ക്കുള്ള കിഫ്ബിയുടെ അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയുമാണ്. ദേശീയ പാത 66-നെയും, 544-നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും, ഏറെ ഗതാഗത പ്രാധാന്യമുള്ളതുമായ, പുതുക്കാടിന്റെ ജനകീയ ആവശ്യമായ പുതുക്കാട് റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഈ സബ്മിഷനിലൂടെ അഭ്യർത്ഥിക്കുന്നു. കൂടാതെ, പുതുക്കാട് മണ്ഡലത്തിൽപ്പെട്ട നന്തിക്കര, നെല്ലായി, ആലത്തൂർ റെയിൽവേ ഓവർബ്രിഡ്ജുകളുടെയും നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മറുപടി
കിഫ്ബി ഫണ്ട് വിനിയോഗിച്ചു ആർ. ബി. ഡി. സി. കെ. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി നിർമ്മിക്കുന്ന തൃശ്ശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ DPR 18.02.2017- ന് അംഗീകാരം ലഭിക്കുകയും, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചിലവ് ഉൾപ്പെടെ ആകെ 37.73 കോടി രൂപയുടെ സാമ്പത്തിക അനുമതി 27.07.2017- ന് കിഫ്ബിയിൽ നിന്നും ലഭിക്കുകയും ചെയ്തു. തുടർന്ന്, പദ്ധതിയുടെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (GAD) റെയിൽവേയുടെ അംഗീകാരത്തിനായി റെയിൽവേയിൽ സമർപ്പിക്കുകയും ചെയ്തു.പദ്ധതി നിർവഹണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ 14.09.2022-ന് പൂർത്തീകരിക്കുകയും, തുടർന്ന്, റെയിൽവേ നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ GAD യ്ക്ക് 28.11.2024- ന് റെയിൽവേയുടെ അംഗീകാരം നേടുകയും ചെയ്തു. തുടർന്ന്, ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനായി DSOR 2016 എസ്റ്റിമേറ്റ് DSOR 2018 ലേയ്ക്കും പിന്നീട് DSR 2021 ലേയ്ക്ക് പുതുക്കുകയും ചെയ്തു. ഇത്തരത്തിൽ പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ₹43.03 കോടി രൂപയുടെ സാമ്പത്തിക അനുമതി KIIFB- നൽകി.
ആയതിൻപ്രകാരം, സർക്കാർ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം അനുവദനീയമായ തുകയേക്കാൾ കൂടുതലായിരുന്നതിനാൽ 27.05.2025- നും പിന്നീട് 06.11.2025- നും 31.01.2026 പ്രവൃത്തി ടെൻഡർ ചെയ്തു. മൂന്നാമത്തെ ടെൻഡറിൽ ഒരു ബിഡ്ഡർ മാത്രമാണ് പങ്കെടുത്തത്. ബിഡ്ഡർ ക്വാട്ട് ചെയ്ത തുക സർക്കാർ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള തുകയേക്കാൾ കൂടുതലായതിനാൽ ബിഡ്ഡറുമായി ക്വാട്ട് ചെയ്ത തുക നെഗോഷിയേറ്റ് ചെയ്യുന്നതിനും, ബിഡ്ഡർ നിരക്ക് കുറയ്ക്കാൻ സമ്മതിക്കാത്ത പക്ഷം എസ്റ്റിമേറ്റ് പുനഃക്രമീകരിച്ച് വീണ്ടും റീ-ടെൻഡർ ചെയ്യുന്നതിനും നിർദ്ദേശം ലഭിക്കുകയുണ്ടായി. ഇതനുസരിച്ച് ബിഡ്ഡറുമായി ടെൻഡർ തുക സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും, ക്വാട്ട് ചെയ്ത തുക കുറയ്ക്കാൻ ബിഡ്ഡർ സമ്മതമല്ലെന്ന് അറിയിച്ചു.
തുടർന്ന്, എസ്റ്റിമേറ്റ് പുനഃപരിശോധിച്ച് പുതുക്കിയ എസ്റ്റിമേറ്റ് തുകയായ Rs. 49.33 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുന്നതിനായി KIIFB യിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. പുതുക്കിയ സാമ്പത്തിക അനുമതിയും ആവശ്യമായ സാങ്കേതികാനുമതിയും ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി വീണ്ടും ടെൻഡർ ചെയ്യുന്നതാണ്.
കൂടാതെ പുതുക്കാട് മണ്ഡലത്തിൽ ഉൾപ്പെട്ട നെല്ലായി, നന്തിക്കര, ആലത്തൂർ റെയിൽവേ മേൽപ്പാലങ്ങളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
നെല്ലായി മേൽപ്പാലം: പുതുക്കിയ അലൈൻമെന്റ് അംഗീകാരത്തിനായി 24.08.2026-ൽ റെയിൽവേയിൽ സമർപ്പിച്ചിരിക്കുകയാണ്.
നന്തിക്കര റെയിൽവേ മേൽപ്പാലം: റെയിൽവേയുടെ നിർദ്ദേശ പ്രകാരം പുതുക്കിയ GAD അംഗീകാരത്തിനായി 05.09.2026-ൽ റെയിൽവേയിൽ സമർപ്പിച്ചിരിക്കുകയാണ്.
ആലത്തൂർ റെയിൽവേ മേൽപ്പാലം: റെയിൽവേയിൽ നിന്നും പുതുക്കിയ GAD യുടെ അംഗീകാരം 28.05.2026-ൽ ലഭ്യമായി. പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കലിന് വേണ്ട റിക്വിസിഷൻ ലെറ്റർ ജില്ലാ കളക്ടർക്ക് 26.09.2026-ൽ നൽകി.