ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍ പറക്കോട് ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്നു. ഏനാദിമംഗലം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 30.77 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കലഞ്ഞൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് പട്ടാഴി വടക്കേക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏഴംകുളം പഞ്ചായത്തുമാണ്. ഏനാദിമംഗലം പഞ്ചായത്തില്‍ 15 വാര്‍ഡുക
ളുണ്ട്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉയര്‍ന്നമലകളും, ചെറുകുന്നുകളുമാണ്. ഭൂപ്രദേശം പൊതുവെ പടിഞ്ഞാറുനിന്നും കിഴക്കോട്ട് ചരിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടു തന്നെ തോടുകള്‍ പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തില്‍ അത്യപൂര്‍വ്വമായിക്കാണുന്ന ഒരു പ്രത്യേകതയാണിത്. 50% മലകളും കുന്നുകളും 20% മലഞ്ചരിവുകളും 15% ചെറു ചരിവുപ്രദേശങ്ങളും 15% സമതലങ്ങളുമാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത. ഈ പഞ്ചായത്തിലെ ഭൂരിഭാഗം തദ്ദേശവാസികളും കര്‍ഷകരാണ്. ഈ പ്രദേശത്തിനു ഏനാദിമംഗലം എന്ന പേര് ലഭിച്ചതിനെക്കുറിച്ച് രണ്ട് നിഗമനങ്ങളുണ്ട്. നിഘണ്ടുവില്‍ ഏനാദി എന്ന പദത്തിനര്‍ത്ഥം കൊടുത്തിട്ടുള്ളത് ചാന്നാന്മാരില്‍ (ഈഴവരില്‍) ഒരു വിഭാഗം എന്നാണ്. അവരുടെ വാസസ്ഥലം ഏനാദിമംഗലം എന്ന് വിളിക്കപ്പെട്ടുവെന്നാണ് അതിലൊരു കഥ. മറ്റൊന്ന്, ഒരിക്കല്‍ ഈ നാടിന്റെ അധിപനായിരുന്ന കായംകുളം രാജാവിന്റെ സേനാനായകനായിരുന്ന ഏനാദി ഉണ്ണിത്താനില്‍ നിന്നാണ് ഏനാദിമംഗലം എന്ന പേരുണ്ടായത് എന്നുള്ളതാണ്. കൊച്ചിരാജാവായിരുന്ന ശക്തന്‍തമ്പുരാന്റെ കൊട്ടാരമായ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ഏനാദിമംഗലത്തുനിന്നും കൊണ്ടുവന്ന ശിവക്ഷേത്രത്തിന്റെ ഒരു ഭാഗം പ്രദര്‍ശനത്തിനു വച്ചിട്ടുള്ളതില്‍നിന്നും ഏനാദിമംഗലം എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞുവെന്ന് അനുമാനിക്കാം.