24/10/2026
പ്രായമായവർക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് ആലുവ ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച അത്യാധുനിക ജെറിയാട്രിക് വാർഡ് പ്രവർത്തനമാരംഭിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയുടെ കാഷ്വാലിറ്റി ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് വാർഡ് സജ്ജീകരിച്ചിരിക്കുന്നത്. വാർഡിന്റെ പ്രവർത്തനോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വയോജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ചികിത്സാ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വാർഡുകൾ, നഴ്സിംഗ് സ്റ്റേഷൻ, സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പ് ലൈൻ സംവിധാനം, രോഗികളുടെ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കറുകൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ എന്നീ ആധുനിക സൗകര്യങ്ങളോടെയാണ് വാർഡ് ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി മധു സ്വാഗതം ആശംസിച്ച ചടങ്ങിൽ ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷഹീർഷ ആർ മുഖ്യസാന്നിധ്യമായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എ. മുക്താർ, റസിയ സവാദ്, ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുമയ്യ ടി.എസ്, ഡോ. ജിന്റോ ജോൺ, അഹല്യ സദാനന്ദൻ, ഷെൽമി ജോൺസ്, ജുബിൾ ജോർജ്, നാദിർഷ പി.എം, ആലുവ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസ ജോൺസൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ഫിനാൻസ് ഓഫീസർ ഹനീഷ് പി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി നന്ദി പറഞ്ഞു.