Malappuram Collector

Malappuram Collector Official page of District Collector, Malappuram District, Kerala State (Head of Malappuram)

25/08/2026
ദൈനംദിന ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച്, സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും സുന്ദരനിമിഷങ്ങൾ പങ്കുവെക്കാൻ മലപ്പുറം കളക്ടറേറ...
21/08/2026

ദൈനംദിന ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച്, സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും സുന്ദരനിമിഷങ്ങൾ പങ്കുവെക്കാൻ മലപ്പുറം കളക്ടറേറ്റ് കുടുംബം ഒന്നാകെ ഒത്തുചേർന്നപ്പോൾ അതൊരു വേറിട്ട അനുഭവമായി മാറി. പരസ്പരം കൈകോർത്തും സന്തോഷം പങ്കുവെച്ചും നമ്മൾ സംഘടിപ്പിച്ച ഈ ഓണാഘോഷം ഏറെ പ്രിയപ്പെട്ടതാണ്.

പൂക്കളമൊരുക്കിയും പരമ്പരാഗത ഓണക്കളികളിൽ ആവേശത്തോടെ പങ്കെടുത്തും വിഭവസമൃദ്ധമായ സദ്യ ഒന്നിച്ചിരുന്ന് കഴിച്ചും നമ്മൾ തീർത്ത ഈ കൂട്ടായ്മ, സേവനരംഗത്ത് മുന്നോട്ടുപോകാൻ നമുക്ക് ഏവർക്കും പുതിയ ഊർജ്ജവും ഉന്മേഷവും നൽകുന്നു.

നാടിന്റെ ഐക്യവും സമൃദ്ധിയും നന്മയും വിളിച്ചോതുന്ന ഈ ഓണക്കാലത്ത്, മലപ്പുറത്തെ എല്ലാ പ്രിയപ്പെട്ട ജനങ്ങൾക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു.

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ - 2026 ജില്ലാതല സ്പെഷൽ യോഗം ചേർന്നു. ഓണക്കാലത്ത് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനു പൊതു ഭരണ വ...
20/08/2026

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ - 2026
ജില്ലാതല സ്പെഷൽ യോഗം ചേർന്നു. ഓണക്കാലത്ത് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനു പൊതു ഭരണ വകുപ്പിന്റെ പ്രത്യേക നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ഹരിതമിത്രം സർവീസിന്റെ കാര്യത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി പതിമൂന്നാം സ്ഥാനത്ത് നിന്നിരുന്ന ജില്ല കഴിഞ്ഞമാസം ഒമ്പതാം സ്ഥാനത്തേക്ക് മാറി.
പതിനൊന്നര ലക്ഷത്തിൽ 10 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും ആയി ഹരിത കർമ്മ സേന സേവനം നൽകി ഇത് ഒരു വലിയ മുന്നേറ്റമായി യോഗം വിലയിരുത്തി.
ജില്ലയിൽ കഴിഞ്ഞ മാസം 4600 ഓളം എൻഫോഴ്സ്മെന്റ് പരിശോധനകൾ നടത്തി 37 ലക്ഷത്തോളം രൂപ പിഴ ഈടാക്കി.
ഖരമാലിന്യ സംസ്കരണം 2026 ചട്ട പ്രകാരം നിയമലംഘനം നടത്തുന്ന ബൾക്കു വേസ്റ്റ് ജനറേറ്റർമാരുടെ (BWG) വൈദ്യുത, ജല കണക്ഷനുകൾ വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
BWG രജിസ്ട്രേഷൻ വേഗത്തിൽ ആക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്റെഡ് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന...
18/08/2026

കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്

റെഡ് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.

കേരള തീരത്ത് ഇന്ന് (18/08/2026) അർധരാത്രി മുതൽ 20/08/2026 വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

*തിരുവനന്തപുരം*: കാപ്പിൽ മുതൽ പൊഴിയൂർ വരെ
*കൊല്ലം*: ആലപ്പാട് മുതൽ ഇടവ വരെ
*ആലപ്പുഴ*: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
*എറണാകുളം*: മുനമ്പം FH മുതൽ മറുവക്കാട് വരെ
*തൃശൂർ*: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
*മലപ്പുറം*: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
*കോഴിക്കോട്*: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
*കണ്ണൂർ*: വളപട്ടണം മുതൽ ന്യൂ മാഹി വരെ
*കാസറഗോഡ്*: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

*കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.*

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

*പുറപ്പെടുവിച്ച സമയവും തീയതിയും: 08.00 PM; 18/08/2026*

*INCOIS-KSDMA-KSEOC*

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നടക്കുന്ന വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പുരോ...
18/08/2026

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നടക്കുന്ന വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവലോകനം ചെയ്തു.

ജില്ലയിൽ 50 വകുപ്പുകളിലായി 602 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ 479 ഉപജീവനമാർഗ്ഗ പദ്ധതികളും 123 പശ്ചാത്തല വികസന പദ്ധതികളും ഉൾപ്പെടുന്നു.

പ്രധാന തീരുമാനങ്ങളും പുരോഗതിയും:

റവന്യൂ മേഖല: നിശ്ചയിച്ച ലക്ഷ്യത്തിന്റെ 70% പൂർത്തിയാക്കിയതിന് റവന്യൂ വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. 3,700 ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുകയും 1,057 പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

സ്മാർട്ട് വില്ലേജുകൾ: 7 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 6 സ്മാർട്ട് വില്ലേജുകൾ ഉദ്ഘാടനത്തിന് സജ്ജമാകുന്നു.

വിദ്യാഭ്യാസവും പുനരധിവാസവും: സ്കൂളുകളിലേക്ക് എം.എൽ.എ ഫണ്ട് വഴി വാഹനങ്ങളും കമ്പ്യൂട്ടറുകളും വേഗത്തിൽ ലഭ്യമാക്കും. വനത്തിനുള്ളിൽ താമസിക്കുന്നവരുടെ പുനരധിവാസ ധനസഹായത്തിന്റെ രണ്ടും മൂന്നും ഗഡുക്കൾ ഉടൻ നൽകും.

ഓണാഘോഷം: ആഗസ്റ്റ് 26 മുതൽ 30 വരെ ജില്ലാ ആസ്ഥാനത്ത് വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.

ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തി യാഥാർത്ഥ്യം മനസ്സിലാക്കി സമയബന്ധിതമായി നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.

മലപ്പുറത്തിന്റെ മണ്ണിൽ ആവേശത്തോടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം​മലപ്പുറം ജില്ലയിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടി...
15/08/2026

മലപ്പുറത്തിന്റെ മണ്ണിൽ ആവേശത്തോടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം

​മലപ്പുറം ജില്ലയിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ ആസ്ഥാനമായ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രധാന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ബഷീർ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടിലേക്ക് എത്തിയത്.

​രാജ്യത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിഭജന മനോഭാവങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

​വിവിധ വിഭാഗങ്ങളിലായി 36 പ്ലാറ്റൂണുകൾ അണിനിരന്ന ആകർഷകമായ പരേഡാണ് ഗ്രൗണ്ടിൽ നടന്നത്. എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് ടി.കെ. മുഹമ്മദ് ബഷീർ പരേഡ് കമാൻഡറായും എം.എസ്.പി ആംഡ് പൊലീസ് ഇൻസ്പെക്ടർ രമേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡായും പരേഡിന് നേതൃത്വം നൽകി.

പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ പ്ലാറ്റൂണുകൾക്കും ബാൻഡ് സംഘങ്ങൾക്കും മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.

​ചടങ്ങിൽ ജനപ്രതിനിധികൾ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ജനപ്രതിനിധികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

15/08/2026

കോഹിനൂർ - കരിപ്പൂർ എലിവേറ്റഡ് ഹൈവേ, ചേളാരി ഫയർ സ്റ്റേഷൻ: പദ്ധതി നടപടികൾ വേഗത്തിലാക്കും​മലപ്പുറം ജില്ലയുടെ അടിസ്ഥാന സൗകര്...
13/08/2026

കോഹിനൂർ - കരിപ്പൂർ എലിവേറ്റഡ് ഹൈവേ, ചേളാരി ഫയർ സ്റ്റേഷൻ: പദ്ധതി നടപടികൾ വേഗത്തിലാക്കും

​മലപ്പുറം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഗതാഗത രംഗത്തും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന രണ്ട് പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ ശ്രീ. ടി. വി. ഇബ്രാഹിം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ടറേറ്റിൽ പ്രത്യേകം യോഗം ചേർന്നു.

​കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ

​ദേശീയപാത 66-ലെ കോഹിനൂറിനെയും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്ന എലിവേറ്റഡ് ഹൈവേയുടെ സാധ്യതാ പഠനവും തുടർനടപടികളും വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനം അടിയന്തരമായി പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുകയും പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും.

​ചേളാരി ഫയർ സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്

​വള്ളിക്കുന്ന് മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സേവനമെത്തിക്കാൻ ചേളാരിയിൽ ഫയർ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. പള്ളിക്കൽ വില്ലേജിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ജീവനക്കാർ, ആധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താൻ നിർദ്ദേശം നൽകി.

​ജില്ലയുടെ വികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഈ രണ്ട് പദ്ധതികളും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സർക്കാരുമായി ചേർന്ന് ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഏകോപനം നടത്താൻ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ആസ...
10/08/2026

മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഏകോപനം നടത്താൻ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിൽ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.

മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞ 4 പേരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ റോഡ് ഗതാഗതയോഗ്യമാക്കിയെങ്കിലും റെഡ്, ഓറഞ്ച് അലർട്ടുകളുള്ള ദിവസങ്ങളിൽ താൽക്കാലികമായി അടച്ചിടും. അപകട സാധ്യതയുള്ള മേഖലകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പിന്തുടരുകയും വേണം.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവില്‍ ഡിഫന്‍സ്, സ്‌കൂബ ടീമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ജില്ലയിൽ സജ്ജമാണ്.
ഓഗസ്റ്റ് 25 മുതൽ 29 വരെ കോട്ടക്കുന്നിൽ വിപുലമായ പരിപാടികളോടെയും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചും ജില്ലാ ഭരണകൂടം ഓണാഘോഷം സംഘടിപ്പിക്കും. കൂടാതെ, സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള ഭൂരഹിതർക്കുള്ള പട്ടയവിതരണവും ഡിജിറ്റൽ സർവേ നടപടികളും കൃത്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിലും വികസന പദ്ധതികളിലും പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണയും ജാഗ്രതയും തുടർന്നും പ്രതീക്ഷിക്കുന്നു.

Address

Collectorate
Up Hill Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Collector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Collector:

Shortcuts

Share