21/07/2026
NEET പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അഴിമതിയുടെ പിന്നിലെ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും, നിയമപരമായ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത സ്വകാര്യ പരീക്ഷാ ഏജൻസിയായ NTA-യ്ക്ക് NEET ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് കൈമാറിയതിലൂടെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം GPO-യ്ക്ക് മുൻപിൽ CPI(ML) ലിബറേഷനും അനുബന്ധ സംഘടനകളായ AISA (വിദ്യാർത്ഥി സംഘടന), RYA (യുവജന സംഘടന), AILAJ (അഭിഭാഷക സംഘടന), കൂടാതെ ഐക്യദാർഢ്യവുമായി നങ്ങേലി സ്റ്റഡി സർക്കിളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
തുല്യവും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസ സംവിധാനത്തെ കച്ചവടവൽക്കരണത്തിനും ലാഭക്കൊയ്ത്തിനും വിധേയമാക്കുകയും, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്ന ഒരു മേഖലയായി വിദ്യാഭ്യാസത്തെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP), ജനാധിപത്യ ഭരണഘടനാപരമായ മേൽനോട്ട സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും പരീക്ഷാ നടത്തിപ്പിനെ യാതൊരു ജനാധിപത്യ നിയന്ത്രണവുമില്ലാത്ത സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തതാണ് ഇന്ന് രാജ്യത്ത് ഉയർന്നുവന്നിരിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.