08/11/2026
ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അടിയന്തരമായി പിൻവലിക്കുക: എസ്.എഫ്.ഐ
സ്വയംഭരണ പദവിയുടെ മറവിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ വിദ്യാർത്ഥി വിരുദ്ധവും അടിയന്തരമായി പിൻവലിക്കേണ്ടതുമാണ്. 2026 സെപ്റ്റംബർ 11-ന് ഇറക്കിയ സർക്കുലർ പ്രകാരം സർക്കാർ/എയ്ഡഡ്, ഓട്ടോണോമസ് കോളേജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും നിലവിലെ കോഴ്സുകളിലെ സീറ്റ് വർദ്ധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം വാങ്ങേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ തലത്തിലുള്ള ഈ കർശന പരിശോധനയെയും നിയന്ത്രണത്തെയും അട്ടിമറിച്ചിരിക്കുകയാണ്.
നവംബർ 6-ന് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം സ്വാശ്രയ ഓട്ടോണോമസ് കോളേജുകളിലോ ഓട്ടോണോമസ് (എയ്‌ഡഡ്) കോളേജുകളിലെ അൺഎയ്ഡഡ്/സ്വാശ്രയ സ്ട്രീമിലോ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ നിരാക്ഷേപ പത്രം (NOC) ആവശ്യമില്ല. പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതിയെന്നാണ് പുതിയ നിർദ്ദേശം. കൂടാതെ, അഡ്മിഷൻ നടപടികൾ പൂർത്തിയായതിന് ശേഷം മാത്രം പുതിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരം സർക്കാരിനെ അറിയിച്ചാൽ മതിയാകുമെന്ന വ്യവസ്ഥയും സർക്കുലറിലുണ്ട്.
ഒരു ആവശ്യകതാ പഠനവും നടത്താതെ റെഗുലേറ്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സീറ്റുകൾ തോന്നിയപോലെ വർദ്ധിപ്പിക്കാൻ നൽകുന്ന ഈ അനുമതി വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിതുറക്കുന്നത്. മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാൻ മാനേജ്‌മെന്റുകൾക്ക് പരസ്യമായ ഒത്താശ ചെയ്യുകയാണ് സർക്കാർ. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുൻപിൽ നൽകിയ ഉറപ്പുകൾ പോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ ഒത്തുകളി നടക്കുന്നത്.
മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ താല്പര്യം സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കുന്ന പുതിയ സർക്കുലർ പിൻവലിച്ച്, അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്താൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എസ് എഫ് ഐ