02/10/2026
ഭരണകക്ഷി നേതാക്കൾ മറന്നാലും കേരള ജനത മറക്കില്ല; പി.ജെ. ജോസഫ് എന്ന വികസന നായകനെ!
കേരളത്തിന്റെ വികസന ചരിത്രത്തിൽ ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ പട്ടികയെടുത്താൽ മുൻനിരയിൽ തന്നെയുണ്ടാകും ശ്രീ പി.ജെ. ജോസഫ്. വെറുമൊരു കക്ഷിരാഷ്ട്രീയ നേതാവിനപ്പുറം കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസ-കാർഷിക രംഗങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കർമ്മയോഗി.
അദ്ദേഹം നാടിന് സമ്മാനിച്ച ചില നിർണായക നാഴികക്കല്ലുകൾ:
🔹 ഭരണമികവിന്റെ തുടക്കം (1977-78): വെറും 8 മാസം മാത്രം കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നിട്ടും കാര്യശേഷിയും സത്യസന്ധതയും തെളിയിച്ച് കേരളം കണ്ട മികച്ച ആഭ്യന്തര മന്ത്രിമാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.
🔹 റവന്യു - ഭവനനിർമ്മാണ വിപ്ലവം (1982-87): സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും സ്വന്തമായി കെട്ടിടങ്ങൾ ഉയർന്നത് ആ കാലഘട്ടത്തിലാണ്. ഭവനനിർമ്മാണ രംഗത്ത് നടപ്പാക്കിയ മാതൃകാ പദ്ധതികൾ കേരളത്തിന് തുടർച്ചയായ കേന്ദ്ര അവാർഡുകൾ നേടിക്കൊടുത്തു.
🔹 വിദ്യാഭ്യാസത്തിലെ തലമുറ മാറ്റം (+2 സമ്പ്രദായം): കടുത്ത രാഷ്ട്രീയ-സാമൂഹിക എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി ഹയർ സെക്കൻഡറി സ്കൂളുകൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ആരംഭിച്ചു. ഒപ്പം സ്വാശ്രയ എഞ്ചിനീയറിംഗ്, നഴ്സിംഗ് മേഖലകൾ തുറന്നുകൊടുത്തു. ഇന്ന് ലോകമെമ്പാടും ഐ.ടി, ആരോഗ്യ, സാങ്കേതിക രംഗങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഈ ദീർഘവീക്ഷണത്തിന്റെ ഗുണഭോക്താക്കളാണ്.
🔹 ആധുനിക ഗതാഗത സംസ്കാരം (PWD മന്ത്രി, 1996-2001): 40 കൊല്ലം കൊണ്ട് നടക്കാത്ത കാര്യങ്ങൾ വെറും 5 വർഷം കൊണ്ട് പൂർത്തിയാക്കിയ കാലം! കേരളത്തിന്റെ റോഡുകളെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ KSTP പദ്ധതിക്ക് തുടക്കമിട്ടതും, കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായ നിയമസഭാ മന്ദിരവും ഹൈക്കോടതി സമുച്ചയവും യാഥാർത്ഥ്യമാക്കിയതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ്.
🔹 കർഷകരുടെ വിശ്വസ്ത കാവലാൾ: ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ പട്ടയ വിഷയത്തിൽ മുന്നണി രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം കർഷകപക്ഷത്ത് വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചു. റബ്ബർ, കുരുമുളക്, നാളികേരം തുടങ്ങിയ നാണ്യവിളകളുടെ വിലയിടിവിനെതിരെ കേന്ദ്ര നയങ്ങൾക്കെതിരെ പോലും അദ്ദേഹം സമരമുഖം തുറന്നു.
🔹 കാലത്തിന് മുൻപേ സഞ്ചരിച്ച ആശയങ്ങൾ: ഇന്ന് നാമെല്ലാം ചർച്ച ചെയ്യുന്ന ജൈവകൃഷി, 'മാലിന്യമില്ലാത്ത മലയാളനാട്', അതിവേഗ റെയിൽ കോറിഡോർ തുടങ്ങിയ ആശയങ്ങൾ 80-കളിലും 90-കളിലും തന്നെ മലയാളികൾക്ക് മുന്നിൽ വെച്ച ദീർഘദർശിയാണ് പി.ജെ.
കൃഷി സ്വന്തം ജീവിതചര്യയാക്കുകയും, മികച്ച കർഷകരെയും മിടുക്കരായ വിദ്യാർത്ഥികളെയും പ്രതിഭാ സംഗമങ്ങളിലൂടെ സ്വന്തം നിലയിൽ പുരസ്കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ജനനേതാവ്.
കേരള കൗമുദി പണ്ടൊരിക്കൽ വിശേഷിപ്പിച്ചതുപോലെ, ആദർശവും മാന്യതയും കൈവിടാത്ത "രാഷ്ട്രീയത്തിലെ യഥാർത്ഥ ജെന്റിൽമാൻ" തന്നെയാണ് പാലത്തിനാൽ തറവാട്ടിലെ പി.ജെ. ജോസഫ് സാർ!