02/09/2026
സമാധാനാന്തരീക്ഷം തകർക്കാൻ യൂത്ത് ലീഗ് ശ്രമം: എം. എൽ. അശ്വിനി
മഞ്ചേശ്വരം: സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി ആരോപിച്ചു.
വർഷങ്ങളായി ഗണേശോത്സവം നടന്നുവരുന്ന സ്ഥലത്ത് ഉത്സവത്തിന്റെ ഭാഗമായി താൽക്കാലിക പന്തൽ നിർമ്മിച്ചതിന്റെ പേരിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ അനാവശ്യമായി ബഹളം സൃഷ്ടിക്കുകയും സംഘർഷാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ബിജെപി ജില്ലാ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ ലോകേഷ് നൊണ്ടയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം ഗൗരവമായി കാണേണ്ടതാണെന്നും അവർ പറഞ്ഞു.
പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് ഭംഗം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വ്യക്തികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനും പ്രകോപനപരമായ പ്രവർത്തനങ്ങളിലൂടെ സംഘർഷാവസ്ഥ സൃഷ്ടിക്കാനും ശ്രമിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണം.
ലോകേഷ് നൊണ്ടയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി, ആക്രമണശ്രമം, ഭീഷണിപ്പെടുത്തൽ, പ്രദേശത്ത് സംഘർഷത്തിന് ഇടയാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച് നിയമാനുസൃത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ശ്രമങ്ങളിൽ നിന്ന് മുസ്ലിം ലീഗ് നേതൃത്വം പിന്മാറണം. ജനങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമപരമായും ജനാധിപത്യപരമായും ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും എം. എൽ. അശ്വിനി മുന്നറിയിപ്പ് നൽകി.